താരസംഘടനയായ 'അമ്മ'യുടെ ജോയിന്റ് സെക്രട്ടറിയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ നടി അൻസിബ ഹസൻ രാജിവച്ചു. വ്യക്തിപരവും തൊഴിൽപരവുമായ തിരക്കുകൾ കാരണം സജീവമായി പ്രവർത്തിക്കാൻ കഴിയില്ലെന്ന് അറിയിച്ചതിനാലാണ് രാജിയെന്ന് പ്രസിഡന്റ് ശ്വേത മേനോൻ പറഞ്ഞു. actress ansiba hassan resigned from amma association

താര സംഘടന 'അമ്മ'യുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്നും നടി അൻസിബ ഹസൻ രാജിവച്ചു. സംഘടനയുടെ ജോയിന്റ് സെക്രട്ടറിയായിരുന്നു അൻസിബ. അന്സിബയുടെ രാജി അംഗീകരിച്ചതായി പ്രസിഡന്റ് ശ്വേത മേനോൻ മാധ്യമങ്ങളെ അറിയിച്ചു. വ്യക്തിപരമായും തൊഴിൽ പരമായും തിരക്കുകൾ ഉള്ളതിനാൽ ആണ് ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ നിന്ന് അൻസിബ ഹസൻ രാജി വച്ചത് എന്നാണ് ശ്വേത മാധ്യമങ്ങളെ അറിയിച്ചത്.

Add Asianetnews as a Preferred SourcegooglePreferred

"വ്യക്തിപരമായും തൊഴിൽ പരമായും തിരക്കുകൾ ഉള്ളതിനാൽ ആണ് ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ നിന്ന് അൻസിബ ഹസൻ രാജി വച്ചത്. ഫെബ്രുവരി 21-ന് തന്നെ അൻസിബ രാജി സന്നദ്ധത അറിയിച്ചിരുന്നു. ഇതൊരു നിസ്വാർത്ഥ സേവനമാണ്. സംഘടനയുടെ മീറ്റിങ്ങുകളിൽ കൃത്യമായി പങ്കെടുക്കാനോ സജീവമായി പ്രവർത്തിക്കാനോ സാധിക്കാത്ത സാഹചര്യത്തിൽ മെമ്പറായി തുടരുന്നത് ശരിയല്ലെന്ന നിലപാടിലായിരുന്നു അൻസിബ. എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ വച്ച് ഞങ്ങൾ അൻസിബയെ വിളിച്ചു സംസാരിച്ചിരുന്നു. രാജി അംഗീകരിക്കണമെന്ന് അൻസിബ ആവശ്യപ്പെട്ടതോടെ എല്ലാവരും ചേർന്ന് അത് പാസാക്കി." ശ്വേത പ്രതികരിച്ചു.

അതേസമയം അമ്മ ട്രഷറർ ഉണ്ണി ശിവപാലിനെതിരെ ഓഫീസ് ജീവനക്കാരി തൊഴിൽ പീഡന പരാതി നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കെയാണ് അൻസിബയുടെ രാജി എന്നതും ശ്രദ്ധേയമാണ്. ഉണ്ണി ശിവപാലിന് ജീവനക്കാരോട് അടിമ മനോഭവമാണെന്നാണ് ജീവനക്കാരി മാധ്യമങ്ങളോട് പ്രതികരിച്ചത്. പരാതിക്കാരിയെ പിരിച്ചുവിട്ട നടപടി പിൻവലിക്കുകയും ഉണ്ണി ശിവപാലിനോട് അവധിയിൽ പോകാൻ നിർദേശിക്കുകയും ചെയ്തിരുന്നു. ഉണ്ണി ശിവപാലിനെ പിന്തുണച്ചുകൊണ്ടുള്ള അമ്മ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരന്റെ നിലപാടിനെയും ജീവനക്കാരി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.