ടോം രാജുമായുള്ള പ്രണയത്തെക്കുറിച്ച് ആരതി നേരത്തെ പറഞ്ഞിരുന്നു

പൂക്കാലം വരവായി, മനസിനക്കരെ, ഭാഗ്യദേവത തുടങ്ങി നിരവധി ടെലിവിഷന്‍ സീരിയലുകളിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് ആരതി സോജന്‍. നിലവില്‍ സൂര്യ ടിവിയില്‍ ഹൃദയം എന്ന സീരിയല്‍ ചെയ്തുകൊണ്ടിരിക്കുന്ന ആരതി സോജന്‍ സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവമാണ്.

തന്റെ സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളൊന്നും തുറന്ന് പറയാന്‍ മടിയില്ലാത്ത ആരതി ഇപ്പോള്‍ ഒരു സന്തോഷ വാര്‍ത്തയുമായിട്ടാണ് എത്തിയിരിക്കുന്നത്. പങ്കാളി ടോം രാജിനൊപ്പമുള്ള സെല്‍ഫി ചിത്രമാണ് ആരതി ഏറ്റവുമൊടുവില്‍ പങ്കുവച്ചത്. ആ പോസ്റ്റിന്റെ കമന്റിലാണ്, വിവാഹം ഉടന്‍ ഉണ്ടെന്ന് ആരതി പറഞ്ഞത്. അതിന് താഴെ ആശംസാ പ്രവാഹം വന്നു നിറയുകയാണ്.

നേരത്തെ തന്റെ വിവാഹം കഴിഞ്ഞതാണെന്നും ആ ബന്ധം വേര്‍പിരിഞ്ഞുവെന്നും ആരതി ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. 2017 ല്‍ ആയിരുന്നു ആ വിവാഹം. 2018 ആവുമ്പോഴേക്കും ബന്ധം വേര്‍പിരിഞ്ഞു. തന്റെ ഇരുപത്തിയൊന്നാം വയസ്സിലായിരുന്നു അതെന്നും ആരതി പറഞ്ഞിരുന്നു.

View post on Instagram

തുടര്‍ന്ന് ടോം രാജുമായുള്ള പ്രണയ ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തിയത് സോഷ്യല്‍ മീഡിയയിലൂടെയാണ്. ക്രിസ്മസിനും മറ്റ് സന്തോഷ നിമിഷങ്ങളിലും ടോമിനൊപ്പമുള്ള ചിത്രങ്ങള്‍ ആരതി നിരന്തരം പങ്കുവച്ചുകൊണ്ടിരുന്നപ്പോഴാണ്, വിവാഹം കഴിഞ്ഞോ എന്ന് ചോദിച്ചുകൊണ്ട് കമന്റുകള്‍ വന്നത്. ആ ചോദ്യത്തിനുള്ള മറുപടി കൂടെയാണ് ആരതി സോജന്റെ പുതിയ പോസ്റ്റ്. നമ്മളൊരു പബ്ലിക് ഫിഗര്‍ ആയി നില്‍ക്കുമ്പോള്‍ സ്വകാര്യ ജീവിതം മറച്ചുവച്ചിട്ട് കാര്യമില്ല, അത് എപ്പോഴായാലും ആളുകള്‍ കുത്തിപ്പൊക്കി കണ്ടെത്തും. ഇതൊക്കെ രഹസ്യമാക്കി എന്ന് മറ്റുള്ളവര്‍ പറയുന്നതിലും നല്ലതല്ലേ ഞാന്‍ തന്നെ പറയുന്നത്. അതുകൊണ്ടാണ് കഴിഞ്ഞ ജീവിതത്തെ കുറിച്ച് ഞാന്‍ തന്നെ വെളിപ്പെടുത്തുന്നത് എന്ന് പറഞ്ഞാണ് ആരതി ഇക്കാര്യങ്ങള്‍ അറിയിച്ചത്.

ALSO READ : വിരലിലെ തുന്നിക്കെട്ടുമായി ആക്ഷന്‍ രം​ഗം പൂര്‍ത്തിയാക്കിയ ആന്‍റണി; 'കൊണ്ടല്‍' ഓണത്തിന്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം