ഒരുപാടു നാളായി അറിയാവുന്ന ആൾ തന്നെയാണ് പ്രണവെന്നും അഷിക.

ഇൻസ്റ്റഗ്രാം റീലുകളിലൂടെയും യൂട്യൂബ് വീഡിയോകളിലൂടെയും ഹ്രസ്വ ചിത്രങ്ങളിലൂടെയും ബോൾഡ് ഫോട്ടോഷൂട്ടിലെയും പ്രേക്ഷകര്‍ക്ക് പരിചിതയാണ് അഷ് ഏഞ്ചല എന്നറിയപ്പെടുന്ന അഷിക അശോകൻ. പുന്നഗൈ സൊല്ലും, സെൻട്രിതാഴ് എന്നീ തമിഴ് സിനിമകളിലും അഷിക പ്രധാനവേഷങ്ങൾ ചെയ്തിട്ടുണ്ട്. മലയാളത്തിൽ മിസിങ്ങി ഗേൾസ്, വിവേകാനന്ദൻ വൈറലാണ് തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. ഇന്ദ്രജിത്തിന്റെ ധീരം ആണ് അഷികയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന സിനിമ. അടുത്തിടെയായിരുന്നു കുടുംബസുഹൃത്തായ പ്രണവുമായുള്ള അഷികയുടെ വിവാഹം. വളാഞ്ചേരി സ്വദേശിയായ പ്രണവ് ആർക്കിടെക്ട് ആണ്. ഇരുവരുടെയും പുതിയ അഭിമുഖവും ശ്രദ്ധിക്കപ്പെടുകയാണ്.

ഒരുപാടു നാളായി അറിയാവുന്ന ആൾ തന്നെയാണ് പ്രണവെന്നും വിവാഹം എന്ന തീരുമാനത്തിലേക്കെത്തിയത് പെട്ടെന്നായിരുന്നു എന്നും അഷിക പറയുന്നു. '' എന്റെ വീട്ടിൽ ഞാൻ കല്യാണം കഴിക്കണം എന്ന കാര്യം നിർബന്ധമായിരുന്നു. എന്നെ സുരക്ഷിതമായ കൈകളിലാക്കണമെന്ന് അമ്മയ്ക്കുണ്ടായിരുന്നു. ഇതൊരു അറേഞ്ച്‍‍ഡ് മാര്യേജ് ആണ്. ഞങ്ങൾക്ക് കുറേക്കാലമായി അറിയാം. പക്ഷേ ആദ്യമൊന്നും വിവാഹം എന്ന രീതിയിൽ ചിന്തിച്ചിരുന്നില്ല.

കല്യാണം കഴിക്കാം എന്നു തീരുമാനിച്ചപ്പോഴും കുറച്ച് കൂ‌ടി കഴിഞ്ഞിട്ട് മതി എന്നായിരുന്നു വിചാരിച്ചിരുന്നത്. പിന്നെ ഒരു പ്രത്യേക സാഹചര്യത്തിൽ അത് പെട്ടെന്ന് വേണം എന്നായി. എന്തായാലും കല്യാണം കഴിക്കണം, എങ്കിൽ പിന്നെ ഇപ്പോൾ തന്നെ വിവാഹം കഴിക്കാം എന്ന തീരുമാനത്തിലെത്തുകയായിരുന്നു'', മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ അഷിക പറഞ്ഞു.

ഇപ്പോൾ എന്തു കാര്യമുണ്ടെങ്കിലും ആദ്യം പറയുന്നത് പ്രണവിനോട് ആണെന്നും മുൻപ് അമ്മയെ ആയിരുന്നു എപ്പോഴും ശല്യപ്പെടുത്തിയിരുന്നതെന്നും അഷിക പറയുന്നു. ''ഒരു കെയറിംഗ് പാർട്ണർ എന്ന് പറയുന്നത് എല്ലാ പെൺകുട്ടികൾക്കും ഒരു സ്വപ്നമാണ്. ഇന്നത്തെ കാലത്ത് നമുക്ക് ആരെയും അധികം വിശ്വസിക്കാൻ പറ്റില്ല. എപ്പോഴാണ് നമ്മളെ ഒഴിവാക്കുക എന്നറിയില്ല. ഏട്ടൻ ഇപ്പോൾ എന്റെ കൂടെയുള്ളത് എനിക്ക് സമാധാനമാണ്. എനിക്കെന്ത് കാര്യമുണ്ടെങ്കിലും ആദ്യം പറയുന്നത് ഏട്ടനോടാണ്'', അഷിക കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക