'അമ്മ'യുടെ പുതിയ ഭരണസമിതിയെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ച് നടി ഭാവന.
കൊച്ചി: 'അമ്മ'യിൽ പുതിയ ഭരണ സമിതി ചുമതലയേറ്റതിന് പിന്നാലെ പ്രതികരണവുമായി നടി ഭാവന. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ അറിയില്ലെന്ന് ഭാവന പറഞ്ഞു. ‘അമ്മ’യുടെ പുതിയ ഭരണസമിതിയുമായി സഹകരിക്കാൻ തയ്യാറാണോ എന്ന ചോദ്യത്തിന് ഇപ്പോൾ പ്രതികരിക്കാനില്ലെന്നായിരുന്നു ഭാവനയുടെ മറുപടി. താൻ അമ്മയിൽ അംഗമല്ല. അങ്ങനെയൊരു സാഹചര്യം വന്നാൽ അപ്പോൾ പ്രതികരിക്കാമെന്നും ഭാവന വ്യക്തമാക്കി.
അതേസമയം, നടിയെ ആക്രമിച്ച കേസിൽ സത്യം ഉടൻ പുറത്ത് വരണമെന്ന് ‘അമ്മ’യുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നടി ശ്വേത മേനോൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വലിയ കാലതാമസമാണ് കേസിൽ സംഭവിച്ചത്. ഇനിയും വൈകരുത്. അതിജീവിതയും അമ്മയിലേക്ക് തിരിച്ചു വരണം. നടിയെ ആക്രമിച്ച കേസ് ഗൌരവമുള്ള വിഷയമാണ്. എല്ലാവരും അതിജീവിതയ്ക്കൊപ്പമുണ്ടെന്നും എത്രയും പെട്ടെന്ന് വിധി വരട്ടെയെന്നും ശ്വേത മേനോൻ പറഞ്ഞു.
അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് കടുത്ത മത്സരത്തിനൊടുവിലാണ് ശ്വേത മേനോൻ വിജയിച്ചത്. ശ്വേത മേനോൻ 159 വോട്ട് നേടിയപ്പോൾ എതിർ സ്ഥാനാർത്ഥിയായ നടൻ ദേവന് 132 വോട്ടാണ് ലഭിച്ചത്. ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് മത്സരിച്ച കുക്കു പരമേശ്വരൻ 172 വോട്ട് നേടി തിരഞ്ഞെടുക്കപ്പെട്ടു. എതിർ സ്ഥാനാർത്ഥിയായ രവീന്ദ്രന് 115 വോട്ടുകൾ മാത്രം നേടാനെ സാധിച്ചുള്ളൂ. 57 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കുക്കു പരമേശ്വരൻറെ വിജയം. ട്രഷറർ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഉണ്ണി ശിവപാൽ 167 വോട്ട് നേടി വിജയിച്ചു. എതിർ സ്ഥാനാർത്ഥിയായ അനൂപ് ചന്ദ്രന് 108 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ.
