കാതൽ തിയറ്ററിൽ മികച്ച രീതിയിൽ പ്രദർശനം തുടരുന്നതിനെ പ്രേക്ഷകർക്കും ടീമിനും നന്ദി പറയുകയാണ് ജ്യോതിക.
ഒരിടവേളയ്ക്ക് ശേഷം ജ്യോതിക മലയാള സിനിമയിൽ എത്തിയ ചിത്രം. അതായിരുന്നു കാതൽ എന്ന സിനിമയിലെ ഹൈലൈറ്റുകളിൽ ഒന്ന്. അതും നടൻ മമ്മൂട്ടിയുടെ നായികയായി. മമ്മൂട്ടി ജ്യോതിക കോമ്പോ എങ്ങനെ ഉണ്ടാകുമെന്ന ആകാംക്ഷയിൽ ഇരുന്ന പ്രേക്ഷർക്ക് ലഭിച്ചത് വൻ ദൃശ്യവിരുന്നും. ഭർത്താവിന്റെ സ്വത്വം തിരിച്ചറിഞ്ഞിട്ടും അയാളുടെ മേലുള്ള പ്രണയം കൊണ്ട് വർഷങ്ങൾ തള്ളി നീക്കി, ഒടുവിൽ തനിക്കൊപ്പം ഭർത്താവിനെയും സ്വതന്ത്രയാക്കാൻ പുറപ്പെടുന്ന ഭാര്യയായി ജ്യോതിക ബിഗ് സ്ക്രീനിൽ കസറി. ഒടുവിൽ പ്രേക്ഷകർ ഒന്നിച്ചു പറഞ്ഞു, 'പല സ്ത്രീകളുടെയും പ്രതീകമാണ് ഓമന'.
കാതൽ തിയറ്ററിൽ മികച്ച രീതിയിൽ പ്രദർശനം തുടരുന്നതിനെ പ്രേക്ഷകർക്കും ടീമിനും നന്ദി പറയുകയാണ് ജ്യോതിക ഇപ്പോള്‍. "ചില സിനിമകൾ ശുദ്ധമായ ഉദ്ദേശ്യത്തോടെ, സിനിമയെ സ്നേഹിക്കുന്നതിന് വേണ്ടിയാണ് നിർമ്മിക്കപ്പെടുന്നത്. കാതൽ ദ കോർ അത്തരമൊരു സിനിമയാണ്. മുഴുവൻ ടീമിന്റെയും ആത്മാർത്ഥ പരിശ്രമത്തിൽ നിന്നും ഉടലെടുന്ന ഒന്ന്. അതിനെ അംഗീകരിക്കുകയും ബഹമാനിക്കുകയും ചെയ്ത പ്രേക്ഷകർക്ക് നന്ദി. സിനിമയോടുള്ള നമ്മുടെ സ്നേഹം, അതിനെ മികവുറ്റതാക്കും. ദി റിയൽ ലൈഫ് ഹീറോ മമ്മൂട്ടി സാറിന് എന്റെ എല്ലാ സ്നേഹവും ബഹുമാനവും. ഒപ്പം ബിഗ് സല്യൂട്ടും. ജിയോ ബേബിക്കും ആദർശ് സുകുമാരനും പോൾസൻ സ്കറിയയ്ക്കും മുഴുവൻ ടീമിനും എന്റെ നന്ദി. ഓമനയും മാത്യുവും എന്നെന്നും എന്റെ ഉള്ളിൽ ജീവിക്കും", എന്നാണ് ജ്യോതിക കുറിച്ചത്.
പ്രഖ്യാപനം മുതല്‍ വന്‍ പ്രേക്ഷക ശ്രദ്ധലഭിച്ച ചിത്രമാണ് കാതല്‍. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവില്‍ നവംബര്‍ 23നാണ് ചിത്രം തിയറ്ററില്‍ എത്തിയത്. ജ്യോതിക, മമ്മൂട്ടി എന്നിവര്‍ക്കൊപ്പം ആര്‍ എസ് പണിക്കര്‍, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, മുത്തുമണി തുടങ്ങി നിരവധി താരങ്ങളും അണിനിരന്നിരുന്നു.
