Asianet News MalayalamAsianet News Malayalam

KPAC Lalitha : കെപിഎസി ലളിത ഇനി എത്തുക 'കാര്‍ത്ത്യാനിയമ്മ'യായി

മമ്മൂട്ടി നായകനായ ചിത്രമാണ് കെപിഎസി ലളിത അഭിനയിച്ചതില്‍ ഇനി ആദ്യം പ്രദര്‍ശനത്തിന് എത്താനുള്ളത്.

Actress KPAC Lalithas upcoming movies
Author
Kochi, First Published Feb 23, 2022, 7:26 AM IST

മലയാള സിനിമയുടെ മുഖത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ തെളിഞ്ഞുവരുന്ന ഒരുപാടു പേരുണ്ട്. അതില്‍ തീര്‍ച്ചയായും ഉള്‍പ്പെടുന്ന ഒരു മുഖം തീര്‍ച്ചയായും കെപിഎസി ലളിതയുടേത് (KPAC Lalitha) തന്നെ. മലയാളത്തിന്റെ വൈവിധ്യമുള്ള ഒട്ടേറെ കഥാപാത്രങ്ങള്‍ ലളിതയുടെ രൂപത്തില്‍ മലയാളികളുടെ ഓര്‍മയിലേക്ക് എന്നും കടന്നുവന്നുകൊണ്ടേയിരിക്കും ഇനിയും. രണ്ട് പ്രധാന ചിത്രങ്ങളില്‍ താൻ അഭിനയിച്ചത് കാണാൻ നില്‍ക്കാതെയാണ് കെപിഎസി ലളിത കഴിഞ്ഞ ദിവസം യാത്രയായിരിക്കുന്നത് (KPAC Lalithas upcoming movies).

മലയാളത്തിന്റെ മഹാനടനും കെപിഎസി ലളിതയ്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവനുമായ മമ്മൂട്ടിയുടെ ചിത്രമാണ് അതിലൊന്ന്. 'ഭീഷ്‍മ പര്‍വം' എന്ന ചിത്രത്തില്‍ കെപിഎസി ലളിതയും അഭിനയിച്ചിട്ടുണ്ട്. 'കാര്‍ത്ത്യാനിയമ്മ'യായിട്ടാണ് "ഭീഷ്‍മ പര്‍വ'ത്തില്‍ കെപിഎസി ലളിത അഭിനയിച്ചിരിക്കുന്നത്. 'ഭീഷ്‍മ പര്‍വം' എന്ന ചിത്രത്തിലെ കെപിഎസി ലളിതയുടെ ക്യാരക്ടര്‍ പോസ്റ്ററും പുറത്തുവിട്ടിരുന്നു. അമല്‍ നീരദാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. 'ഭീഷ്‍മ പര്‍വം' തിയറ്ററുകളിലെത്തുമ്പോള്‍ ഒരു നൊമ്പരത്തോടെയാകും കെപിഎസി ലളിതയെ പ്രേക്ഷകര്‍ കാണുക. നവ്യാ നായര്‍ നായികയായ 'ഒരുത്തീ' എന്ന ചിത്രമാണ് കെപിഎസി ലളിതയുടേതായി വൈകാതെ പ്രദര്‍ശനത്തിനെത്താനുള്ള മറ്റൊന്ന്. നവ്യാ നായരുടെ അമ്മയയായിട്ടായിരുന്നു ചിത്രത്തില്‍ കെപിഎസി ലളിത അഭിനയിച്ചത്. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രം മാര്‍ച്ച് 11നാണ് പ്രദര്‍ശനത്തിന് എത്തുക.

മരണം വരെ അഭിനയിക്കുക എന്നതായിരുന്നു മലയാളത്തിന്റെ എക്കാലത്തെയും മികച്ച നടിയുടെ ആഗ്രഹം. അനാരോഗ്യത്തെ വകവയ്‍ക്കാതെയും കഥാപാത്രങ്ങളെ അവര്‍ ഇരുംകയ്യും നീട്ടി സ്വീകരിച്ചുകൊണ്ടേയിരുന്നതും അതുകൊണ്ടാണ്. ഒട്ടേറെ ചിത്രങ്ങളാണ് കെപിഎസി ലളിതയുടെ ഭാവവും രൂപവും ആഗ്രഹിച്ച് കാത്തിരുന്ന് ബാക്കിയായിരിക്കുന്നത്. 'എന്റെ പ്രിയതമന്', 'പാരീസ് പയ്യൻസ്', 'നെക്സ്റ്റ് ടോക്കണ്‍ നമ്പര്‍ പ്ലീസ്', 'ഡയറി മില്‍ക്ക്', 'ലാസറിന്റെ ലോകം' തുടങ്ങി കെപിഎസി ലളിതയുടേതായി പ്രഖ്യാപിച്ച ചിത്രങ്ങളില്‍  പൂര്‍ത്തിയായവും തുടങ്ങാത്തവയും ഉണ്ട്.

മഹേശ്വരിയമ്മ എന്ന കെപിഎസി ലളിത നാടകരംഗത്തിലൂടെയാണ് ആദ്യം കലാലോകത്ത് വരവറിയിച്ചത്.  കടയ്‍ക്കത്തറല്‍ വീട്ടില്‍ കെ അനന്തൻ നായരുടെയും ഭാര്‍ഗവി അമ്മയുടെയും മകളായ കെപിഎസി ലളിത 10 വയസുള്ളപ്പോഴേ നാടകത്തില്‍ അഭിനയിച്ചുതുടങ്ങി.കെപിഎസിയില്‍ ചേര്‍ന്ന ശേഷം നാടകഗ്രൂപ്പിന്റെ പേരും ചേര്‍ത്ത് ലളിതയായി. തോപ്പിൽ ഭാസിയുടെ 'കൂട്ടുകുടുംബത്തിലൂടെ'യാണ് ചലച്ചിത്ര രംഗത്ത് എത്തിയത്.

Read More : അഭിനയത്തിലെ 'ലളിത ടച്ച്'; മറക്കാനാവാത്ത കഥാപാത്രങ്ങള്‍

പിന്നീടങ്ങോട്ടുള്ളത് മലയാള സിനിയുടെ കൂടി ചരിത്രമാണ്. 'സ്വയംവരം', 'അനുഭവങ്ങൾ പാളിച്ചകൾ', 'ചക്രവാളം', 'കൊടിയേറ്റം', 'സന്മനസ്സുള്ളവർക്ക് സമാധാനം', 'പൊൻ മുട്ടയിടുന്ന താറാവ്', 'വടക്കുനോക്കി യന്ത്രം', 'വെങ്കലം', 'ഗോഡ് ഫാദർ', 'വിയറ്റ്നാം കോളനി', 'ശാന്തം', 'അമരം', 'സന്ദേശം', 'നീല പൊൻമാൻ' അങ്ങനെ നീളുന്നു 'കെപിഎസി' ലളിത അഭിനയിച്ച് വിസ്‍മയിപ്പിച്ച ചിത്രങ്ങള്‍. മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡുകള്‍ രണ്ട് തവണ കെപിഎസി ലളിത സ്വന്തമാക്കിയിട്ടുണ്ട്. 1991ല്‍ 'അമരം' എന്ന ചിത്രത്തിലൂടെയും 2000ത്തില്‍ 'ശാന്തം' എന്ന ചിത്രത്തിലൂടെയുമായിരുന്നു കെപിഎസി ലളിത മികച്ച രണ്ടാമത്തെ നടിയായത്. നാല് തവണയാണ് കേരള സര്‍ക്കാരിന്റെ ചലച്ചിത്ര അവാര്‍ഡില്‍ രണ്ടാമത്തെ നടിയായി കെപിഎസി ലളിത തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

Follow Us:
Download App:
  • android
  • ios