പ്രവർത്തി പരിചയമില്ലാത്ത സെലിബ്രിറ്റികളെ സ്ഥാനാർത്ഥികളാക്കുന്നതിനോട് നടി കൃഷ്ണ പ്രഭ വിയോജിപ്പ് പ്രകടിപ്പിച്ചു. മത്സരിക്കാൻ വോട്ടേഴ്സ് ലിസ്റ്റിൽ പേര് വേണമെന്നത് അടിസ്ഥാന അറിവാണെന്നും കൃഷ്ണ പ്രഭ.

കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചരണച്ചൂട് ശക്തി പ്രാപിച്ചിരിക്കുകയാണ്. മുന്നണികളെല്ലാവരും പ്രചരണത്തിന് സജീവമായി തന്നെയുണ്ട്. 890 സ്ഥാനാർത്ഥികളാണ് ഇത്തവണ സംസ്ഥാനത്ത് മത്സര രം​ഗത്തുള്ളത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ ഇത്തവണ ഏറ്റവും കൂടുതൽ ശ്രദ്ധനേടിയത് ട്വന്റി ട്വന്റിയുടെ ലിസ്റ്റായിരുന്നു. നിരവധി സെലിബ്രിറ്റികളായിരുന്നു എൻഡിഎയുടെ ഘടകകക്ഷിയായ ട്വന്റി ട്വന്റിയുടെ സ്ഥാനാർത്ഥി പട്ടികയിൽ ഇടംപിടിച്ചത്. ഇതിൽ വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലാത്തതിനാൽ വീണ നായർ, ലക്ഷ്മി പ്രിയ എന്നിവർക്ക് പിന്മാറേണ്ടി വന്നിരുന്നു. വോട്ടില്ലെന്ന് അറിയില്ലായിരുന്നുവെന്ന് വീണ പറഞ്ഞതും ഏറെ ശ്രദ്ധനേടി. ഇപ്പോഴിതാ സെലിബ്രിറ്റി മത്സരാർത്ഥികളെ കുറിച്ച് നടി കൃഷ്ണ പ്രഭ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.

പ്രവർത്തി പരിചയമില്ലാത്ത സെലിബ്രിറ്റികളെ സ്ഥനാർത്ഥികളായി നിർത്തുന്നതിൽ യോജിപ്പില്ലെന്നാണ് കൃഷ്ണ പ്രഭ പറഞ്ഞത്. ഇലക്ഷന് മത്സരിക്കുന്നവർക്ക് വോട്ടേഴ്സ് ലിസ്റ്റിൽ പേരുണ്ടോ എന്ന് അറിഞ്ഞിരിക്കേണ്ടത് അടിസ്ഥാന അറിവാണെന്നും കൃഷ്ണ പ്രഭ പറഞ്ഞു. സുധീർ കരമനയും രമേഷ് പിഷാരടിയും നല്ല മത്സരാർത്ഥികളാണെന്നും അവർ കൂട്ടിച്ചേർത്തു.

"പ്രവര്‍ത്തി പരിചയം ഒന്നുമില്ലാത്ത ഒന്ന് രണ്ട് സെലിബ്രിറ്റികളെ മത്സരിക്കാന്‍ നിര്‍ത്തിയത് ശരിയായില്ല എന്ന അഭിപ്രായമാണ് എനിക്കുള്ളത്. അതാണ് ഞാന്‍ മുന്‍പും പറഞ്ഞത്. കുറച്ചു പേര്‍ ചോദിച്ചത് , അവരിപ്പോള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടോ ഇല്ലയോ എന്ന് നമുക്ക് അറിയില്ലല്ലോ എന്നാണ്. പ്രവര്‍ത്തിച്ചിട്ടുണ്ടായിരുന്നെങ്കില്‍ ഒരു ബേസിക് നോളജ് ഉണ്ടാവും. ഇലക്ഷന് വോട്ട് ചെയ്യണമെങ്കില്‍ വോട്ടേഴ്സ് ലിസ്റ്റില്‍ പേര് വേണമല്ലോ. അപ്പോള്‍ മത്സരാര്‍ത്ഥിയായി നില്‍ക്കുമ്പോള്‍ തീര്‍ച്ചയായും ലിസ്റ്റില്‍ പേര് വേണമെന്നുള്ളത് ബേസിക് അറിവാണ്. പിഷാരടിയും സുധീർ കരമനയും നല്ല സ്ഥാനാർഥികളാണ്", എന്നായിരുന്നു കൃഷ്ണ പ്രഭയുടെ വാക്കുകൾ. ട്വിന്‍റി ട്വന്‍റി മത്സരിക്കാനായി തന്നെ ക്ഷണിച്ചിരുന്നുവെന്ന് നേരത്തെ കൃഷ്ണ പ്രഭ വെളിപ്പെടുത്തിയിരുന്നു. 

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming