സംവിധായകനും നടനുമായ സോഹൻ സീനുലാൽ, കേരളം എൽഡിഎഫിന്റെ തുടർഭരണത്തിനായി കാത്തിരിക്കുകയാണെന്ന് അഭിപ്രായപ്പെട്ടു. കേരളത്തിന്റെ മതനിരപേക്ഷ മനസ്സ് വർഗീയതയും ഫാസിസവും പറയുന്ന ബിജെപിയെ അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൽഡിഎഫിന്റെ തുടർ ഭരണത്തിനായി കേരളം കാത്തിരിക്കുകയാണെന്ന് സംവിധായകനും എഴുത്തുകാരനും നടനുമൊക്കെയായ സോഹൻ സീനുലാൽ. ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യുന്ന സർക്കാർ തുടരണമെന്ന് ജനങ്ങൾ ആഗ്രഹിക്കുമല്ലോന്ന് പറഞ്ഞ സോഹൻ, തമ്മിലടിക്കുന്നവർ അധികാരത്തിലേക്ക് വന്നാൽ ബുദ്ധിമുട്ടുകളുണ്ടാകുമെന്ന് പറഞ്ഞു. കേരളത്തിന്റേത് മതനിരപേക്ഷ മനസാണെന്നും ബിജെപിയെ അംഗീകരിക്കില്ലെന്നും സോഹൻ സീനുലാൽ കൂട്ടിച്ചേർത്തു.
"കേരളം മുഴുവൻ ഒരു ഭരണ തുടർച്ചയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. ഒരുപാട് കാര്യങ്ങൾ എൽഡിഎഫ് സർക്കാർ തുടങ്ങി വച്ചിട്ടുണ്ട്. ഒരുപാട് കാര്യങ്ങൾ നടപ്പിലാക്കി. അതിനൊരു തുടർച്ച വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നത് സ്വാഭാവികമല്ലേ. പിണറായി സർക്കാർ തന്നെ തുടരട്ടെ. എന്തെങ്കിലുമൊക്കെ ജനങ്ങൾക്ക് വേണ്ടി ചെയ്യുന്ന സർക്കാർ വരണമെന്നല്ലേ നമ്മളൊക്കെ ആഗ്രഹിക്കുക. അല്ലാതെ തമ്മിലടിക്കുന്ന ഒരുകൂട്ടം അധികാരത്തിലേക്ക് വന്നാലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ നമുക്ക് അറിയാമല്ലോ", എന്നായിരുന്നു സോഹൻ സീനുലാലിന്റെ വാക്കുകൾ. ഓൺലൈൻ മാധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
യുഡിഎഫ് ഭരണത്തിൽ വരികയാണെങ്കിൽ ആരായിരിക്കും മുഖ്യമന്ത്രി എന്ന ചോദ്യത്തിന്, 'അത് യുഡിഎഫിന് തന്നെ അറിയില്ലല്ലോ. അവർക്കേ അറിയില്ല. പിന്നെ ഞാൻ എങ്ങനെ പറയാനാണ്', എന്നാണ് സോഹൻ മറുപടി നൽകിയത്. കേരളത്തിൽ ബിജെപി ഭരണത്തിൽ വരാൻ സാധ്യതയുണ്ടോന്ന് ചോദിച്ചപ്പോൾ, 'മതനിരപേക്ഷ മനസാണ് കേരളത്തിന്റേത്. അതുകൊണ്ടു തന്നെ ഒരു ഫാസിസ്റ്റ്, വർഗീയത, ഹിന്ദുത്വം എന്നൊക്കെ പറഞ്ഞ് വരുന്നത് ഏത് മതത്തിൽപ്പെട്ടവരായാലും അംഗീകരിക്കില്ല. കേരളത്തിൽ പൊതുമനസാണ്', എന്നും സോഹൻ സീനുലാൽ മറുപടി നൽകി.
അതേസമയം, 890 പേരാണ് സംസ്ഥാനത്ത് മത്സര രംഗത്തുള്ളത്. കൊടുവള്ളി മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നത്. 13 പേരാണ് ഇവിടെ മത്സരിക്കുന്നത്. പേരാവൂര്‍, മഞ്ചേശ്വരം, തിരുവനന്തപുരം മണ്ഡലങ്ങളിൽ 11 സ്ഥാനാര്‍ത്ഥികള്‍ വീതമാണുള്ളത്.



