നടി ലക്ഷ്മി പ്രിയ സിനിമാ നിർമ്മാണ രംഗത്തേക്ക് കടക്കുന്നു. മാതംഗി ഫിലിംസിന്റെ ബാനറിൽ ആദ്യ ചിത്രം നിർമ്മിക്കും. കടലിന്റെ മക്കളുടെ ജീവിതകഥ പറയുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ബഷീർ പൊന്നാനിയാണ്
വിവാദങ്ങൾക്കിടെ ജീവിതത്തിലെ വലിയൊരു സന്തോഷം പങ്കിട്ട് നടി ലക്ഷ്മി പ്രിയ. മാതംഗി ഫിലിംസിന്റെ ബാനറിൽ താൻ ആദ്യമായി ഒരു സിനിമ നിർമിക്കാൻ പോകുന്നുവെന്നാണ് ലക്ഷ്മി അറിയിച്ചിരിക്കുന്നത്. 'ക്രോസ്സ് വിൻഡ്‌സ് ' എന്നാണ് ചിത്രത്തിന്റെ പേര്. കടലിന്റെ മക്കളുടെ കഥ പറയുന്ന ചിത്രത്തിലേക്കായി കാസ്റ്റിംഗ് കാളും ലക്ഷ്മി പ്രിയ വിളിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലും ശ്രദ്ധേയരായ രണ്ട് പ്രശസ്ത നടന്മാരാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നതെന്നും ഇവർക്കൊപ്പം മലയാള സിനിമയിലെ മികച്ച നടീ നടന്മാരും ഉണ്ടാകുമെന്നും ലക്ഷ്മി അറിയിച്ചു.
ലക്ഷ്മി പ്രിയയുടെ വാക്കുകൾ ഇങ്ങനെ
അഭിമാനത്തോടു കൂടി അനൗൺസ് ചെയ്യുന്നു, മാതംഗി ഫിലിംസിന്റെ ബാനറിൽ ഞങ്ങൾ പ്രൊഡ്യൂസ് ചെയ്യുന്ന ഞങ്ങളുടെ ആദ്യത്തെ സിനിമ 'ക്രോസ്സ് വിൻഡ്‌സ് '! തുഴ എറിയുന്നവന്റെ കഥ ! കടലിന്റെ മക്കളുടെ കഥ! മലയാളത്തിലും തമിഴിലും ശ്രദ്ധേയരായ രണ്ട് പ്രശസ്ത നായകൻമാർ. ഒപ്പം മലയാള സിനിമയിലെ മികച്ച നടീ നടന്മാരും.അവരോടൊപ്പം സ്‌ക്രീൻ പങ്കിടാൻ നിങ്ങൾക്കും അവസരം ലഭിച്ചേക്കാം.
വേണ്ടവർ
- പ്രായം 18 മുതൽ 50 വരെ കൊള്ളാനും കൊടുക്കാനും മടിയില്ലാത്ത ഘടാഘടിയൻമാരായ ജിമ്മന്മാർ.
- മുതലും പലിശയും ചേർത്ത് കൊടുക്കാൻ തയ്യാറെടുത്ത തലയെടുപ്പുള്ളവർ.
- നായിക പ്രായം 18 മുതൽ 25 വരെ ആവാം. പക്ഷേ എന്താടീന്ന് ചോദിച്ചാൽ പോടാന്ന് പറയാനും വേണേൽ ഒന്ന് പൊട്ടിയ്ക്കാനും കെൽപ്പുള്ള ഒരു ചിമിട്ട് കാന്താരി മുളക് ആവണം.
- നാക്കിന് നല്ല ആരോഗ്യമുള്ള അമ്മമാർ. അവർക്ക് പ്രായ പരിധി ഇല്ല.
- പത്ര വൃത്താന്തത്തോടൊപ്പം പരദൂഷണം ജീവിതചര്യയാക്കിയ ചേട്ടൻമാർ. ഡയലോഗടിച്ചു കിളി പാറിക്കുന്ന കുറുമ്പൻമാരും കുറുമ്പികളും പ്രായം 8 മുതൽ 15 വരെ.
ഇപ്പോൾ ആദ്യ ഓഡിഷൻ പൊന്നാനി ഗസ്റ്റ് ഹൗസ്. വിശദ വിവരങ്ങൾക്ക് ദയവായി സ്ക്രീനിൽ കാണുന്ന നമ്പറിലേക്ക് നിങ്ങളുടെ എഡിറ്റ് ചെയ്യാത്ത ഫോട്ടോ, എന്തെങ്കിലും ചെറിയ പെർഫോമൻസ് ഇവ വാട്സപ് ചെയ്യൂ. സംവിധാനം ബഷീർ പൊന്നാനി. അദ്ദേഹത്തിന്റെ നാലാമത് ചിത്രം. ബാക്കി വിശേഷങ്ങൾ പിന്നാലെ. നിങ്ങളുടെ പ്രാർത്ഥനയും അനുഗ്രഹവും പ്രതീക്ഷിച്ചു കൊണ്ട് ലക്ഷ്മി പ്രിയ.



