2011 ജൂലൈ 17 ന്  തൃശൂർ പൂമലയില്‍ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചു വച്ച കെട്ടിടം പൊട്ടിത്തെറിച്ച സംഭവത്തിന് സാക്ഷ്യം വഹിച്ച ഓര്‍മയില്‍ ലക്ഷ്മി പ്രിയ. 

തൃശ്ശൂർ വെടിക്കെട്ട് പുരയിലെ സ്ഫോടനത്തിന്റെ ഞെട്ടലിലാണ് കേരളക്കര. പതിമൂന്ന് പേരുടെ ജീവനുകളാണ് അപകടത്തിൽ പൊലിഞ്ഞത്. തതവസരത്തിൽ 2011ൽ തൃശൂരിൽ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചു വച്ച കെട്ടിടം പൊട്ടിത്തെറിച്ച സംഭവത്തിന് സാക്ഷ്യം വഹിച്ച ഓർമ പങ്കുവച്ചിരിക്കുകയാണ് ലക്ഷ്മി പ്രിയ. തന്റെ വീടിനടുത്തായിരുന്നു അതെന്നും ഇന്നും തന്റെ വീടിനടുത്താണ് അപകടം നടന്നതെന്നും ലക്ഷ്മി പ്രിയ പറയുന്നു.

ലക്ഷ്മി പ്രിയയുടെ വാക്കുകൾ ഇങ്ങനെ

2010 ൽ ആണ് ഞങ്ങൾ തൃശൂർ മുളങ്കുന്നത്ത് കാവിൽ വീട് വാങ്ങുന്നത്. 2011 ജൂലൈ 17 ന് ഇതേ പോലെ ഒരു അപകടത്തിന് ഞങ്ങൾ സാക്ഷ്യം വഹിച്ചിട്ടുണ്ട്. വീട്ടിൽ നിന്നും നോക്കിയാൽ മൂന്നോ നാലോ കിലോമീറ്റർ ദൂരെയുള്ള മനോഹരമായ പൂമല ഞങ്ങൾക്ക് കാണാo. സായാഹ്നങ്ങളിൽ ആ ഭംഗി ആസ്വദിച്ചു ബാൽക്കണിയിൽ ഇരുന്ന് ചായ കുടിയ്ക്കുമായിരുന്നു.

ആ ദിവസം രാവിലെ ജയേഷേട്ടൻ ഓഫീസിൽ പോയിട്ടില്ല. ഞാൻ ഷൂട്ടിങ് കഴിഞ്ഞു വന്ന് മുകളിലെ മുറിയിൽ വസ്ത്രങ്ങൾ ഒതുക്കി വയ്ക്കുന്ന തിരക്കിലും. ഞങ്ങളുടെ ഹൗസിങ് കോളനിയിൽ രാവിലെയുള്ള തിരക്കുകൾ കഴിഞ്ഞ നിശബ്ദത.അയൽ വീടുകളിൽ പുരുഷൻമാർ എല്ലാം ജോലിയ്ക്ക് പോയിക്കഴിഞ്ഞു. സ്ഫോടനത്തിന് മുൻപുള്ള നിശബ്ദത എന്ന് ശരിക്കും കേട്ടിട്ടേ ഉള്ളൂ. അല്പ്പം കഴിഞ്ഞപ്പോൾ അത് അക്ഷരാർത്ഥത്തിൽ അനുഭവിച്ചു.

കാലത്ത് ഒരു പത്തരയോടെ അതി ഭീകരമായ ഒരു പൊട്ടിത്തെറി. അത് കേട്ട് ഞാൻ അലറി. ഈ ശബ്ദവും എന്റെ അലർച്ചയും കേട്ട് ജയേഷേട്ടൻ ഒറ്റ ഓട്ടത്തിന് മുകൾ നിലയിൽ എത്തി. ഞങ്ങൾ കരുതിയത് വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു എന്നാണ്. സമനില വീണ്ടെടുക്കുന്നതിനിടയി തുടർ ഉഗ്രസ്ഫോടനങ്ങൾ. ആ കോളനിയിലെ മുഴുവൻ വീടുകളിലെയും സ്ത്രീകളും, എന്നെയും പിടിച്ചു വലിച്ച് ചേട്ടനും പുറത്തേക്ക് ഓടി. എല്ലാവരും അത് അവരവരുടെ വീടുകളിൽ ഗ്യാസ് സിലിണ്ടർ പോലെ എന്തോ ഒന്ന് പൊട്ടിത്തെറിച്ചു എന്നാണ് കരുതിയത്. ഞങ്ങൾക്ക് ആർക്കും ഒന്നും മനസ്സിലായില്ല.

എല്ലാ വീടുകളുടെയും ജനൽ ചില്ലുകൾ പൊട്ടിത്തെറിച്ചു. കുറ്റിയിട്ടിരുന്ന കതകുകൾ കൊളുത്ത് തെറിച്ചു പോയി..ഞങ്ങൾ കാര്യം മനസ്സിലാകാതെ റോഡിൽ പരസ്പരം വരുന്ന ദുരന്തത്തെ ഏൽക്കാൻ കൈ കോർത്തു നിന്നു. തുടർച്ചയായി സ്ഫോടനം. തൊട്ടടുത്ത് എന്നപോലെ... എന്നാൽ പ്രകമ്പനവും ശബ്ദവും മാത്രമേ ഞങ്ങൾ അനുഭവിക്കുന്നുള്ളൂ എന്ന തിരിച്ചറിവിൽ മനസാന്നിധ്യം വീണ്ടെടുത്ത ചേട്ടൻ വീട്ടിലേക്ക് ഓടി. ന്യൂസ്‌ വച്ചു. ഞങ്ങൾ മനോഹാരിത അനുഭവിയ്ക്കുന്ന പൂമലയിൽ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചു വച്ച കെട്ടിടം പൊട്ടിത്തെറിച്ചു എന്നും നിരവധി ജീവൻ പൊലിഞ്ഞു എന്നും രക്ഷാപ്രവർത്തനം തുടങ്ങി എന്നും വാർത്ത.

ബാൽക്കണിയിലേക്ക് ഓടി. ദൂരെ കാണാം ന്യൂസ്‌ ചാനലുകളുടെ ഓബി വാനും, നിര നിരയായി ആംബുലൻസുകളും തീയും പുകയും നിറഞ്ഞ പൂമലയും. ന്യൂസ്‌ ൽ തൊട്ട് മുൻപ് വരെ ചിരിച്ചു കളിച്ചിരുന്ന മനുഷ്യരെ ചിന്നി ചിതറിയ രൂപത്തിൽ പെറുക്കി കൂട്ടി ആംബുലൻസിൽ കയറ്റുന്നു. തുടർ സ്ഫോടനം രക്ഷാ പ്രവർത്തനം ദുസ്സഹമാക്കുന്നു, തീയണയ്ക്കാൻ പാടു പെടുന്ന ഫയർ ഫോഴ്സ്...നാല് കിലോമീറ്റർ അകലെ ഇതായിരുന്നു എങ്കിൽ സംഭവ സ്ഥലം എങ്ങനെ ആയിരിക്കും എന്ന് ഊഹിച്ചു കൊള്ളുക!

ഇന്നും ഞങ്ങളുടെ വീടിന്ന് അരികെ ആണ് ഈ അപകടം ഉണ്ടായിരിക്കുന്നത്. മുണ്ടത്തിക്കോട്.ഇപ്പോ അവിടെ താമസമില്ലാത്തതിനാൽ സാക്ഷ്യം വഹിക്കേണ്ടി വന്നില്ല, ദൈവത്തിനു സ്തുതി. ഓരോ വെടിക്കെട്ട് അപകടവും എന്നെ ആ ദിവസത്തേക്ക് കൊണ്ടു പോകും. പിന്നീടൊരിക്കലും പൂമലയുടെ ഭംഗി ആസ്വദിക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല.കാണുന്നതേ പേടിയാണ്.

ഗുരുദേവൻ പറഞ്ഞതേ എനിക്കും ഓർമ്മിപ്പിക്കുവാനുള്ളൂ, “ കരിയും കരിമരുന്നും വേണ്ട ” ആ പണം ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുവാൻ കഴിഞ്ഞിരുന്നുവെങ്കിൽ....? വിട്ടുപിരിഞ്ഞു പോയവർക്ക് സദ്ഗതി നേരുന്നു. വിഷ്ണു പാദത്തിൽ അഭയം ആവട്ടെ.പരിക്കേറ്റവർ പെട്ടന്ന് സുഖം പ്രാപിക്കട്ടെ. ഷോക്കിൽ നിന്നും മുക്തരാവാൻ സാക്ഷികൾക്ക് കഴിയട്ടെ.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming