അക്കാദമി ചെയര്‍മാന്‍ രഞ്ജിത്താണ് ഭാവനയെ വേദിയിലേക്ക് സ്വാഗതം ചെയ്തത്.
കഴിഞ്ഞ ദിവസമാണ് 26-ാമത് രാജ്യാന്തര ചലച്ചിത്ര മേളക്ക്(IFFK 2022) തിരിതെളിഞ്ഞത്. ഉദ്ഘാടന വേദിയിൽ സർപ്രൈസ് അതിഥിയായി നടി ഭാവന(Bhavana) എത്തിയത് ചടങ്ങിന് മാറ്റ് കൂട്ടിയിരുന്നു. അപ്രതീക്ഷിതമായ ഭാവനയുടെ എൻട്രി നിറഞ്ഞ ഹർഷാരവത്തോടെയാണ് കാണികൾ സ്വീകരിച്ചത്. ഇപ്പോഴിതാ ചടങ്ങില്‍ നടി ഭാവനയെ ക്ഷണിച്ചതിന് പ്രശംസ അറിയിച്ച് നടിയും നിര്‍മ്മാതാവുമായ ലിസി(Lissy).
ഭാവവനയെ കരഘോഷത്തോടെ സ്വീകരിച്ച സദസിന് ലിസി ആദരവും അറിയിച്ചു. സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു ലിസിയുടെ പ്രതികരണം. "26ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ അതിഥിയായി ഭാവനയെ ക്ഷണിക്കുന്നതിന് നേതൃത്വം നല്‍കിയ മുഴുവന്‍ സംഘാംഗങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. എഴുന്നേറ്റു നിന്ന് നിറഞ്ഞ കരഘോഷത്തോടെ ഭാവനയെ സ്വീകരിച്ച ആ സദസിന് എന്റെ ആദരം! ഒരു മലയാളിയെന്ന നിലയില്‍ അഭിമാനം തോന്നുന്ന അപൂര്‍വം ചില നിമിഷങ്ങളാണ് ഇത്", എന്നായിരുന്നു ലിസിയുടെ കുറിപ്പ്.
നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനാണ് ഐഎഫ്എഫ്കെയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. അക്കാദമി ചെയര്‍മാന്‍ രഞ്ജിത്താണ് ഭാവനയെ വേദിയിലേക്ക് സ്വാഗതം ചെയ്തത്. '' ഇനി ക്ഷണിക്കാനുള്ളത് മലയാളത്തിന്റെ പ്രിയപ്പെട്ട അഭിനേത്രി ഭാവന, ഈ ചടങ്ങിനെ ധന്യമാക്കാന്‍ ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ട്. പോരാട്ടത്തിന്റെ മറ്റൊരു പെണ്‍ പ്രതീകമായ ഭാവനയെ സ്നേഹാദ്രമായി ഈ ചടങ്ങിലേക്ക് ക്ഷണിക്കുന്നു,'' എന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്.
അതേസമയം 15 സ്ക്രീനുകളിലായി 173 ചിത്രങ്ങളാണ് ഇത്തവണത്തെ മേളയില്‍ പ്രദര്‍ശിപ്പിക്കുക. മഹാമാരിയും യുദ്ധവും പ്രതിസന്ധിയിലാക്കിയ മനുഷ്യരുടെ അതിജീവനക്കാഴ്ച്ചകള്‍ ഇത്തവണത്തെ മേളയുടെ പ്രത്യേകതയാണ്. പതിനായിരത്തോളം പ്രതിനിധികൾക്കാണ് ഇത്തവണ മേളയിൽ പ്രവേശനം അനുവദിക്കുന്നത്. കൊവിഡ് പ്രതിസന്ധിക്കു ശേഷം ഇതാദ്യമായി തിയറ്ററുകളിൽ എല്ലാ സീറ്റുകളിലും പ്രവേശനം അനുവദിക്കും. അന്താരാഷ്ട്ര മത്സര വിഭാഗം, ലോക പ്രസിദ്ധ സംവിധായകരുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ഉള്‍പ്പെടുന്ന ലോകസിനിമാ വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാള സിനിമ റ്റുഡേ, ക്ലാസിക്കുകളുടെ വീണ്ടെടുപ്പ്, നെടുമുടി വേണുവിന് ആദരം എന്നിവ ഉൾപ്പടെ എഴു പാക്കേജുകളാണ് മേളയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഇന്ത്യന്‍ സിനിമ ചരിത്രത്തെ വളച്ചൊടിക്കുമ്പോള്‍ മലയാള സിനിമ കാലത്തെ അടയാളപ്പെടുത്തുന്നു: അനുരാഗ് കശ്യപ്
ഇന്ത്യന്‍ സിനിമയില്‍ പൊതുവെ ചരിത്രം വളച്ചൊടിക്കപ്പെടുന്ന കാലത്ത് മലയാള സിനിമ നാം ജീവിക്കുന്ന കാലത്തെ അടയാളപ്പെടുത്തുകയാണെന്ന് പ്രമുഖ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് (Anurag Kashyap). 26-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (IFFK 2022) ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്‍റെ സുഹൃത്തുക്കളില്‍ ഒട്ടേറെ മലയാളികള്‍ ഉണ്ടെന്നും ഐഎഫ്എഫ്കെയില്‍ പങ്കെടുക്കണമെന്ന് ഏറെക്കാലമായി ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മൂന്നാല് വര്‍ഷങ്ങളായി ഐഎഫ്എഫ്കെയ്ക്ക് എത്താന്‍ ശ്രമിക്കുന്നു. പക്ഷേ സമയത്തിന്‍റെ അപര്യാപ്തത കാരണം സാധ്യമായില്ല. എന്‍റെ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമൊക്കെ ഏറെയും കേരളത്തില്‍ നിന്നാണ്. ഇന്ത്യന്‍ സിനിമ ചരിത്രത്തെ വളച്ചൊടിക്കുന്ന കാലത്ത് മലയാള സിനിമ നമ്മള്‍ ജീവിക്കുന്ന കാലത്തെ അടയാളപ്പെടുത്തുകയാണ്. ഇന്ന് ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമകള്‍ വരുന്നത് ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ നിന്നാണ്. മുഖ്യധാരയിലും പരീക്ഷണങ്ങള്‍ നടക്കുന്നു എന്നതാണ് മലയാള സിനിമയുടെ പ്രത്യേകത. അത് ഈ മണ്ണില്‍ വേരുറപ്പിക്കുന്നതും സമയ കാലങ്ങളെ അടയാളപ്പെടുക്കുന്നതുമാണ്. അത് ഹിന്ദിയില്‍ ഞാന്‍ കാണുന്നില്ല, അനുരാഗ് പറഞ്ഞു.
