''നാല് പേരെ അൻസിബ മതം മാറ്റാൻ ശ്രമിച്ചു എന്ന് ശ്വേത പറഞ്ഞു. താൻ ഇത് പുറത്ത് പറയും എന്ന് ശ്വേതയെ അറിയിച്ചപ്പോൾ തന്നെ സിനിമയിൽ നിന്ന് തന്നെ ഇല്ലാതാക്കും എന്നാണ് ശ്വേത മറുപടി നൽകിയത്''.
അമ്മ പ്രസിഡന്റ് ശ്വേത മേനോനെതിരെ ആരോപണവുമായി നടി മാലാ പാര്‍വതി. അമ്മയിൽ നടക്കുന്നത് കഴിഞ്ഞ 32 വർഷത്തിനിടെ കേട്ടു കേൾവി പോലും ഇല്ലാത്തതാണ് എന്ന് മാലാ പാര്‍വതി പറഞ്ഞു. കലാകാരൻമാർക്ക് ഇടയിൽ ധ്രുവീകരണം നടത്തുന്ന ഒരാൾ അല്ല അമ്മ ഭരിക്കേണ്ടത് എന്നും മാലാ പാര്‍വതി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലായിരുന്നു മാലാ പാര്‍വതി ആരോപണങ്ങള്‍ ഉന്നയിച്ചത്
അദാനി ഗ്രൂപ്പിൽനിന്ന് 'അമ്മ' സംഘടനയ്ക്ക് 15 കോടി സംഭാവനയായി ലഭിക്കുമെന്ന് ബിജെപി നേതാവ് പദ്‍മജ മേനോൻ ഒരു അഭിമുഖത്തിൽ പറയുന്നതിന്റെ വീഡിയോ വാർത്താസമ്മേളനത്തിൽ മാലാ പാർവതി പ്രദർശിപ്പിച്ചു. ഒരു മൾട്ടി നാഷണൽ കമ്പനിയിൽനിന്നും തങ്ങൾക്ക് 15 കോടി രൂപ വേണ്ടെന്ന് മാലാ പാർവതി പറഞ്ഞു. ഒരു മൾട്ടി നാഷണൽ കമ്പനിയിൽനിന്ന് ശ്വേതയുടെ വിശ്വാസ്യതയിൽ 15 കോടി രൂപ കൊണ്ടുവരുമെന്ന് പറയുന്നത് ഒരു രാഷ്ട്രീയ നേതാവാണ്. ഞങ്ങളുടെ അറിവിൽ അവർ അമ്മ അംഗമല്ല. മൾട്ടി നാഷണൽ കമ്പനിയുടെ 15 കോടി രൂപ ആവശ്യമില്ല എന്നതാണ് ഞങ്ങളുടെ പ്രധാന കാര്യമെന്നും മാലാ പാർവതി പറഞ്ഞു.
ശ്വേത കോൺഗ്രസ് ആണെന്ന് പറയുന്നു. അവർക്ക് ഏത് പാർട്ടി വേണമെങ്കിലും ആവാം. അതിൽ ഞങ്ങൾക്ക് എതിർപ്പില്ല. അജൻഡകൾ നടപ്പാക്കാൻ ശ്രമിച്ചാൽ എതിർക്കും. അത് ചോദ്യം ചെയ്യുന്ന ആളായിരുന്നു അൻസിബ. അൻസിബയെന്ന മുസ്ലിം നാമധാരിയായ വ്യക്തിയെ വർഗീയവാദിയാക്കി, ജിഹാദിയാക്കി ഓടിക്കാനുള്ള ശ്രമമാണ് നടന്നത്. ഹിന്ദു ക്ഷേത്രത്തിൽനിന്ന് പണം വാങ്ങിയതിന്റെ പേരിൽ അവർ വർഗീയത നടപ്പിലാക്കിയെന്ന് ഓരോരുത്തരെയും വിളിച്ചുപറഞ്ഞ് ധ്രുവീകരണം ഉണ്ടാക്കാൻ ശ്രമിക്കും എന്നുള്ളത് ആരോപണമല്ല, എന്റെ അനുഭവമമാണ്. എന്തുകൊണ്ടാണ് ശ്വേത എനിക്ക് മൈക്ക് തരാതെ ജനറൽ ബോഡിയിൽ വട്ടം പിടിച്ചുനിന്നത്? ഞാൻ സംസാരിക്കാൻ പാടില്ല, മാധ്യമങ്ങളിൽ പോവും എന്നാണ് പറഞ്ഞത്. രമേഷ് പിഷാരടിയുടെ ഫോൺ സംഭാഷണം അജൻഡയോടുകൂടി അവർ പുറത്തുവിട്ടു. ഒരാൾ കൂടി ആ ഫോൺകോളിൽ ഉണ്ടായിരുന്നുവെന്നും മാലാ പാർവതി പറഞ്ഞു.
അമ്മയിൽ നടക്കുന്നത് കഴിഞ്ഞ 32 വർഷത്തിനിടെ കേട്ടു കേൾവി പോലും ഇല്ലാത്തത്താണ്. ശ്വേതക്ക് എന്തൊക്കയോ ദുരുദ്ദേശ്യമുണ്ട്. അൻസിബക്കെതിരെ ശ്വേത നടത്തിയത് മോശം പരാമർശങ്ങളാണ്. നാല് പേരെ അൻസിബ മതം മാറ്റാൻ ശ്രമിച്ചു എന്ന് ശ്വേത പറഞ്ഞു. താൻ ഇത് പുറത്ത് പറയും എന്ന് ശ്വേതയെ അറിയിച്ചപ്പോൾ തന്നെ സിനിമയിൽ നിന്ന് തന്നെ ഇല്ലാതാക്കും എന്നാണ് ശ്വേത മറുപടി നൽകിയത്. സാമൂഹ്യ വിപത് ആകുന്ന കാര്യങ്ങൾ ആണ് ശ്വേത പറയുന്നത്. കലാകാരൻമാർക്ക് ഇടയിൽ ധ്രുവീകരണം നടത്തുന്ന ഒരാൾ അല്ല അമ്മ ഭരിക്കേണ്ടത് എന്നും മാലാ പാര്‍വതി പറഞ്ഞു. നടിമാരായ ഉഷ ഹസീനയും അൻസിബയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
