Asianet News MalayalamAsianet News Malayalam

'ആ പരാമര്‍ശം എന്‍റേതല്ല, ഇത് സംഘടിതമായ സൈബർ ഭീഷണിയാണ്'; വ്യാജ പോസ്റ്റിനെതിരെ നിയമ നടപടിയെന്നും മാലാ പാർവതി

പ്രശ്നങ്ങൾ ഒന്നുമില്ലാത്ത സമയത്ത് രാഷ്ട്രീയമായി ആക്രമിക്കുകയോ കസേരയ്ക്ക് വേണ്ടി അടികൂടുകയോ ചെയ്യാം. പക്ഷേ, ഇത്രയും വലിയൊരു പ്രശ്നം നടക്കുമ്പോൾ രാഷ്ട്രീയമായ അതിരുവിട്ട ആക്രമണം തനിക്ക് ന്യായമായി തോന്നിയില്ലെന്നും അവർ പറയുന്നു. 

Actress Mala Parvati prepares legal action against fake post
Author
Thiruvananthapuram, First Published Apr 26, 2020, 10:04 PM IST

തിരുവനന്തപുരം: യുവത എന്ന ഫേസ്ബുക്ക് പേജിൽ തനിക്കെതിരെ വന്ന വ്യാജ പോസ്റ്റിനെതിരെ നിയമ നടപടിക്കൊരുങ്ങി നടി മാലാ പാർവതി. 'മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി ആയതിന് ശേഷം മാത്രമേ മാലാ പാർവതി അഭിനയ രം​ഗത്ത് തുടരുകയുള്ളൂ' എന്ന തരത്തിലുള്ള പോസ്റ്റാണ് യുവതയിൽ പ്രത്യക്ഷപ്പെട്ടത്. താൻ ഒരിക്കലും ഇത്തരത്തിലൊരു പരാമർശം നടത്തിയിട്ടില്ലെന്നും സംഘടിതമായ സൈബർ ഭീഷണിയുടെ ഭാ​ഗമായാണ് ഇങ്ങനെ ഒരു പോസ്റ്റ് വന്നതെന്നാണ് കരുതുന്നതെന്നും മാലാ പാർവതി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

"ഇന്ന് വൈകുന്നേരത്തോടെയാണ് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടത്. ഇത്തരത്തിലൊരു പരാമർശം ഒരിക്കലും ഞാൻ നടത്തിയിട്ടില്ല. ഇതൊരു സംഘടിതമായ സൈബർ ഭീഷണിയാണെന്നാണ് കരുതുന്നത്. വിഷയാധിഷ്ഠിതമായി സർക്കാരിനോട് ആഭിമുഖ്യം പുലർത്തുന്ന രീതിയിൽ അല്ലെങ്കിൽ, സർക്കാരിന്റെ നല്ല കാര്യങ്ങളെ അഭിനന്ദിച്ചുകൊണ്ട് പോസ്റ്റ് ഇടുന്നുണ്ടാകും. ചിലപ്പോൾ അതല്ലാതുള്ളവയും ഉണ്ടാകും. വിഷയാധിഷ്ഠിതമായാണ് പലപ്പോഴും പ്രതികരിക്കുക. പക്ഷേ യുവതയിൽ വന്നതു പോലത്തെ പോസ്റ്റുകൾ പൂർണ്ണമായും തെറ്റദ്ധരിപ്പിക്കപ്പെടുന്നതാണ്,"മാലാ പാർവതി പറയുന്നു.

കൊവിഡ് കാലത്ത് കേരളം നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളിൽ തനിക്ക് നല്ല അഭിപ്രായമാണെന്നും അതിന്  കാരണം രാഷ്ട്രീയമല്ല, മറിച്ച് കാര്യ പ്രസക്തമായി നമ്മൾ എങ്ങനെയാണ് ഇതിൽ നിന്ന് മുക്തി നേടേണ്ടതെന്ന് കാണിച്ച് തന്നതുകൊണ്ടാണെന്നും മാലാ പാർവതി വ്യക്തമാക്കി. പ്രശ്നങ്ങൾ ഒന്നുമില്ലാത്ത സമയത്ത് രാഷ്ട്രീയമായി ആക്രമിക്കുകയോ കസേരയ്ക്ക് വേണ്ടി അടികൂടുകയോ ചെയ്യാം. പക്ഷേ, ഇത്രയും വലിയൊരു പ്രശ്നം നടക്കുമ്പോൾ രാഷ്ട്രീയമായ അതിരുവിട്ട ആക്രമണം തനിക്ക് ന്യായമായി തോന്നിയില്ലെന്നും അവർ പറയുന്നു. 

പോസ്റ്റിന് താഴേ അശ്ലീലവർഷങ്ങൾ നടത്തുന്നതിൽ നിന്ന് അവരുടെ സംസ്കാരമാണ് വ്യക്തമാകുന്നതെന്നും പാർവതി പറയുന്നു. ''നമ്മൾ പറയാത്ത കാര്യങ്ങൾ നമ്മുടെ പേരിൽ പ്രചരിപ്പിച്ചാൽ, ന്യായമോ അന്യായമോ എന്നതല്ല, ഞാൻ പറയുന്ന കാര്യം മാത്രം എന്റെ ചിത്രം വച്ച് പോയാൽ മതി. അതുകൊണ്ടാണ് നിയമ നടപടികളിലേക്ക് പോകുന്നത്. കേസുമായി ബന്ധപ്പെട്ട്  പൊലീസ് സുഹൃത്തിനോട് സംസാരിച്ചിട്ടുണ്ട്,'' മാലാ പാർവതി പറഞ്ഞു.

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കും ഉള്ളതാണ്. അതിൽ നിന്നുകൊണ്ട് മാത്രമാണ് നമ്മൾ സംസാരിക്കുന്നത്. ഇതിപ്പോൾ മാലാ പാർവതി എന്നയാൾക്ക് മാത്രം ഉണ്ടാകുന്ന പ്രശ്നമല്ല. പൊതുവിൽ ഇത്തരമൊരു പ്രശ്നം ഉണ്ടാകാതിരിക്കാനാണ് നിയമ നടപടിയിലേക്ക് പോകാൻ ആ​ഗ്രഹിക്കുന്നതെന്നും മാലാ പാർവതി കൂട്ടിച്ചേർത്തു.

Follow Us:
Download App:
  • android
  • ios