"ദയവായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തുക"

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചയായതിന് പിന്നാലെ താന്‍ നല്‍കിയ ഒരു പഴയ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ തെറ്റായ രീതിയില്‍ പ്രചരിക്കപ്പെടുന്നത് ശ്രദ്ധയില്‍ പെടുത്തി നടി മാളവിക ശ്രീനാഥ്. ഒരു ഓഡിഷനില്‍ വച്ച് തനിക്കുണ്ടായ ദുരനുഭവമാണ് പ്രചരിക്കുന്ന വീഡിയോയില്‍ മാളവിക വിവരിക്കുന്നത്. എന്നാല്‍ ഇത് എവിടെവച്ചുള്ളതാണെന്ന ഭാഗം ഇല്ലാത്ത രീതിയില്‍ കട്ട് ചെയ്താണ് സോഷ്യല്‍ മീഡിയയിലെ പ്രചരണം. ഇത് ലൂസിഫര്‍ സിനിമയുടെ ഓഡിഷനില്‍ നിന്നുള്ളതാണെന്നും പ്രചരണം നടന്നിരുന്നു. എന്നാല്‍ താന്‍ സിനിമയില്‍ വരുന്നതിന് മുന്‍പുള്ള അനുഭവത്തെക്കുറിച്ചാണ് അഭിമുഖത്തില്‍ പറഞ്ഞതെന്നും ഇത് പ്രചരിപ്പിക്കുന്നതില്‍ നിന്ന് പിന്മാറണമെന്നും മാളവിക പറയുന്നു.

"ദയവായി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തുക. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പ് എന്‍റെ അഭിമുഖത്തിലെ ചെറിയ ഭാഗം മാത്രമാണ്. പലരും മുഴുവന്‍ അഭിമുഖവും കണ്ടിട്ടില്ല. യഥാര്‍ഥ സംഭവത്തെക്കുറിച്ച് അറിയുകയുമില്ല. 10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന അനുഭവമാണ് പങ്കുവച്ചത്. ഞാന്‍ സിനിമയില്‍ പ്രവേശിക്കുന്നതിന് മുന്‍പ്. അതില്‍ പങ്കെടുത്തവര്‍ക്ക് സിനിമയുമായി യാതൊരു ബന്ധവുമില്ല. അവര്‍ പണം നേടാന്‍ വേണ്ടി നടത്തിയ വ്യാജ ഓഡിഷന്‍ ആയിരുന്നു. ഇപ്പോഴത്തെ പ്രശ്നങ്ങളുമായി എന്‍റെ വീഡിയോയ്ക്ക് യാതൊരു ബന്ധവുമില്ല. ദയവായി ഈ ക്ലിപ്പ് ശ്രദ്ധ നേടാന്‍ വേണ്ടി ഷെയര്‍ ചെയ്യുന്നത് നിര്‍ത്തുക. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തുക. ഇപ്പോള്‍ നടക്കുന്ന പ്രശ്നങ്ങളില്‍ എനിക്ക് യാതൊരു പങ്കുമില്ല", മാളവിക ശ്രീനാഥ് പറയുന്നു.

കാസര്‍ഗോള്‍ഡ്, സാറ്റര്‍ഡേ നൈറ്റ്, മധുരം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച നടിയാണ് മാളവിക ശ്രീനാഥ്.

ALSO READ : ആലാപനം വിനീത് ശ്രീനിവാസന്‍, അഫ്‍സല്‍; 'ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പി'ലെ ഗാനമെത്തി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം