തിരുവനന്തപുരത്ത് ചെപ്പടിവിദ്യ എന്ന സിനിമയുടെ ലോക്കേഷനില്‍ നിന്ന് മോനിഷയും മാതാവ് ശ്രീദേവി ഉണ്ണിയും ഒരുമിച്ച് അംബാസിഡര്‍ കാറില്‍ എറണാകുളത്തേയ്ക്ക് പോകുമ്പോഴാണ് കാറപകടം. 

ചേര്‍ത്തല: നടി മോനിഷ വിസ്മൃതിയിലായിട്ട് 28 വര്‍ഷം പിന്നിടുന്നു. 1992 രാവിലെ 6.15നാണ് ദേശീയ പാതയില്‍ എക്‌സ്‌റേ കവലയില്‍ കാറപകടത്തില്‍ മോനിഷ മരിയ്ക്കുന്നത്. തിരുവനന്തപുരത്ത് ചെപ്പടിവിദ്യ എന്ന സിനിമയുടെ ലോക്കേഷനില്‍ നിന്ന് മോനിഷയും മാതാവ് ശ്രീദേവി ഉണ്ണിയും ഒരുമിച്ച് അംബാസിഡര്‍ കാറില്‍ എറണാകുളത്തേയ്ക്ക് പോകുമ്പോഴാണ് കാറപകടം. ചേര്‍ത്തലയില്‍ നിന്നും ആലപ്പുഴക്ക് പോകുകയായിരുന്ന ഓര്‍ഡിനറി ബസ് കാറിനെ ഇടിക്കുകയായിരുന്നു. ഡോര്‍ തുറന്ന് പുറത്തേക്ക് മോനിഷയുടെ അമ്മ തെറിച്ചു വീണു. ആ സമയത്ത് ഓടി വന്ന നാട്ടുകാരാണ് രണ്ട് പേരേയും ആശുപത്രിയിലെത്തിച്ചത്. തലയ്‌ക്കേറ്റ ക്ഷതം മൂലം സംഭവ സ്ഥലത്തു വച്ചുതന്നെ മോനിഷ മരിച്ചു. 

ചേര്‍ത്തല താലൂക്കാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന്‌ശേഷം ബാംഗ്ലൂരില്‍ കൊണ്ടു പോയാണ് സംസ്‌ക്കരിച്ചത്. അപകടം നടന്ന എക്‌സറേ കവല പിന്നീട് മോനിഷ കവലയായി മാറി. റോഡ് നിര്‍മ്മാണ രീതിയാണ് അപകടത്തിന് വഴിയൊരുക്കിയതെങ്കിലും പിന്നീട് വലിയ മാറ്റൊങ്ങളൊന്നും ഇവിടെ ഉണ്ടായിട്ടില്ല. ഇവിടെ സ്ഥാപിച്ചിട്ടുള്ള കാമറകള്‍ പോലും പ്രവര്‍ത്തന രഹിതമായിട്ട് വര്‍ഷങ്ങളായി. ശാന്തി കൃഷ്ണ, മുന്‍മന്ത്രിയും നടനുമായ കെ ബി ഗണേഷ് കുമാര്‍ തുടങ്ങിയവരും ഇവിടെ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. അനവധി ജീവനുകള്‍ ഇവിടെ പൊലിഞ്ഞിട്ടും റോഡിന്റെ അശാസ്ത്രീയത മാറ്റാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.