Asianet News MalayalamAsianet News Malayalam

'ഞാന്‍ വീണ്ടും തുറന്ന് ചിരിക്കാന്‍ തുടങ്ങി', ബുളീമിയെ അതിജീവിച്ചതിനെ കുറിച്ച് നടി പാര്‍വതി

മറ്റുള്ളവരുടെ ശരീരത്തെ കുറിച്ചുള്ള  തമാശകളും, കമന്റുകളും, അഭിപ്രായങ്ങളുമെല്ലാം നിങ്ങളുടെ മനസില്‍ തന്നെ സൂക്ഷിച്ചാല്‍ മതിയെന്ന് പാര്‍വതി.
 

Actress Parvathy talks about surviving Bulimia
Author
Kochi, First Published Oct 8, 2021, 10:32 AM IST

ഒരാളുടെ ശരീരത്തെ കുറിച്ച് മറ്റൊരാള്‍ പറയുന്ന കമന്റുകള്‍ എങ്ങനെയാണ് ബാധിക്കപ്പെടുന്നത് എന്ന് വ്യക്തമാക്കി നടി പാര്‍വതി (Parvathy). മറ്റുള്ളവരുടെ കമന്റുകള്‍ ബുളീമിയെന്ന (Bulimia) രോഗത്തിലേക്ക് തന്നെ എത്തിച്ചതിനെ കുറിച്ചാണ് പാര്‍വതി പറയുന്നത്. ശരീരത്തെകുറിച്ചുള്ള അഭിപ്രായങ്ങളും പരിഹാസങ്ങളുമാണ് ബുളീമിയ എന്ന അവസ്ഥയിലേക്ക് തന്നെ എത്തിച്ചത്. അങ്ങനെ എത്തിച്ചേര്‍ന്ന ബുളീമിയ രോഗത്തില്‍ നിന്ന് പുറത്തുവരാൻ വര്‍ഷങ്ങളുടെ പ്രയത്‌നം വേണ്ടിവന്നുവെന്നും വീണ്ടും ചിരിക്കാൻ തുടങ്ങിയെന്നും പാര്‍വതി പറയുന്നു.

ഞാന്‍ വര്‍ഷങ്ങളോളം എന്റെ ചിരി അടക്കിപ്പിടിച്ചിട്ടുണ്ട്.  ചിരിക്കുമ്പോള്‍ എന്റെ കവിളുകള്‍ വലുതാകുന്നതിനെ കുറിച്ച് എന്റെ കൂടെ ജോലി ചെയ്‍തിരുന്ന പലരും പറയുമായിരുന്നു. എനിക്ക് നല്ല ആകൃതിയിലുള്ള ഭംഗിയുള്ള താടിയില്ലെന്നും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഞാന്‍ ചിരിക്കുന്നതു തന്നെ നിര്‍ത്തി. തുറന്നു ചിരിക്കാതെ വര്‍ഷങ്ങളോളം ഞാന്‍ മുഖം വിടര്‍ത്താതെ പതുക്കെ ചിരിച്ചുകൊണ്ടിരുന്നുവെന്ന് നടി പാര്‍വതി പറയുന്നു.

ജോലി സ്ഥലത്തും പുറത്ത് ഏതെങ്കിലും പരിപാടിക്കു പോയാലുമെല്ലാം ഞാന്‍ തനിച്ചു ഭക്ഷണം കഴിക്കാന്‍ തുടങ്ങി. കാരണം, ഞാന്‍ എടുക്കുന്ന ഭക്ഷണത്തിന്റെ അളവിനെ കുറിച്ച് പലപ്പോഴും ആളുകള്‍ കമന്റ് ചെയ്യും. ഞാന്‍ ഭക്ഷണം കഴിക്കുമ്പോള്‍ തന്നെ എന്നോട്  കുറച്ച് കഴിച്ചൂടെ എന്ന് അവര്‍ ചോദിക്കും. അത് കേട്ടാല്‍ പിന്നെ എനിക്ക് ഒന്നും കഴിക്കാന്‍ സാധിക്കില്ല. ഞാന്‍ അവസാനം കണ്ടതിലും നീ തടി വച്ചോ?, നീ കുറച്ചു മെലിയണം, നീ തടി കുറഞ്ഞോ? നന്നായി. നീ ഡയറ്റിങ്ങൊന്നും ചെയ്യുന്നില്ലേ? നീ കൂടുതല്‍ കഴിക്കുന്നുണ്ടെന്ന് ഞാന്‍ നിന്റെ ഡയറ്റീഷനോട് പറയും,  മാരിയാൻ സിനിമയിലെപ്പോലെ തടി കുറച്ചൂടെ, ഞാന്‍ നല്ലതിന് വേണ്ടിയാണ് പറഞ്ഞത്, ഇതൊക്കെ തമാശയായി എടുത്തൂടെ എന്ന കമന്റുകള്‍ ഒന്നും തന്നെ എന്റെ ശരീരം കേട്ടില്ല. ആളുകള്‍ പറയുന്നതെല്ലാം തന്നെ ഞാന്‍ എന്റെ മനസിലേക്ക് എടുക്കുകയും സ്വയം അത്തരം കമന്റുകള്‍ പറയാനും തുടങ്ങി. അതിന് ഞാന്‍ സ്വയം ക്ഷമ ചോദിക്കുന്നു. പക്ഷേ, ആ വാക്കുകളെല്ലാം എന്നെ ബാധിക്കാതിരിക്കാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. വൈകാതെ തന്നെ ഞാന്‍ ബുളീമിയയുടെ തീവ്രമായ അവസ്ഥയിലേക്ക് എത്തിപ്പെട്ടു.

അതില്‍ നിന്നും പുറത്തുവരാന്‍ എനിക്ക് വര്‍ഷങ്ങളുടെ പ്രയത്‌നം വേണ്ടിവന്നു. എന്റെ സുഹൃത്തുക്കളുടെയും, ഫിറ്റ്‌നസ് കോച്ചിന്റെയും, തെറാപ്പിസ്റ്റിന്റെയും സഹായത്തോടെ ഞാന്‍ വീണ്ടും തുറന്ന് ചിരിക്കാന്‍ തുടങ്ങി. മറ്റുള്ളവരുടെ ശരീരത്തെ കുറിച്ചുള്ള നിങ്ങളുടെ തമാശകളും, കമന്റുകളും, അഭിപ്രായങ്ങളുമെല്ലാം നിങ്ങളുടെ മനസില്‍ തന്നെ സൂക്ഷിച്ചാല്‍ മതി. അത് എത്ര നല്ലതിന് വേണ്ടിയാണെങ്കിലും പറയാതിരിക്കുകയെന്നും പാര്‍വതി പറയുന്നു.  ഭാരത്തെക്കുറിച്ചും ശരീരപ്രകൃതിയെക്കുറിച്ചും അമിത ആശങ്കയുള്ളവരിര്‍ എത്തിച്ചേരുന്ന രോഗാവസ്ഥയാണ് ബുളീമിയ.

Follow Us:
Download App:
  • android
  • ios