Asianet News MalayalamAsianet News Malayalam

ബോധവത്ക്കരണം വ്യാജ മരണ വാർത്തയിലൂടെയോ? പൂനത്തിന്റേത് 'വിശ്വാസ്യതയുടെ ചൂതാട്ടം'

പൂനത്തിന്റെ ഈ പ്രവർത്തി വാർത്തകളോടുള്ള ജനങ്ങളുടെ വിശ്വാസ്യതയെ തകർക്കുന്നതാണെന്ന മുന്നറിയിപ്പുമായി പിറ്റിഐ ഉൾപ്പടെയുള്ള വാർത്ത ഏജൻസികളും രം​ഗത്ത്.

actress poonam pandey  Faked Death for Awareness to cervical cancer fact check, misleading nrn
Author
First Published Feb 3, 2024, 5:28 PM IST

2024 ഫെബ്രുവരി രണ്ട്, സമയം 12 മണി. ബോളിവുഡിൽ നിന്നുമൊരു വാർത്ത പുറത്തുവന്നു. നടിയും മോഡലുമായ 'പൂനം പാണ്ഡേ അന്തരിച്ചു'. സെർവിക്കൽ ക്യാൻസറിനെ തുടർന്നാണ് നടിയുടെ മരണം എന്നായിരുന്നു പൂനത്തിന്റെ ഔദ്യോ​ഗിക ഇൻസ്റ്റാ​ഗ്രാം പേജ് വഴി പിആർ ടീം പുറത്തുവിട്ട വിവരം. ഇതിന് പിന്നാലെ വൻ ചർച്ചകളും നടന്നു. സെർവിക്കൽ ക്യാൻസർ ബാധിതയായ ഒരാൾ പെട്ടെന്ന് മരിക്കില്ലെന്നും തലേദിവസം വരെ സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവ് ആയിരുന്നു പൂനം എന്നും ഫോളോവേഴ്സും ഫാൻസും കമന്റുകൾ ചെയ്തു. ചർച്ചകൾ തകൃതിയായി നടക്കുമ്പോഴും ഫ്യൂണറൽ വിവരങ്ങളോ മറ്റോ പുറത്തുവന്നതുമില്ല. 

ഒടുവിൽ 24 മണിക്കൂറിന് ശേഷം താൻ മരിച്ചിട്ടില്ലെന്ന് പറഞ്ഞ് കൊണ്ട് ലൈവിൽ പൂനം പാണ്ഡെ എത്തി. സെർവിക്കൽ ക്യാൻസറിനെ കുറിച്ച് അവബോധം സൃഷ്ടിക്കാനാണ് താൻ ഇങ്ങനെ ചെയ്തത് എന്നായിരുന്നു പൂനത്തിന്റെ ന്യായീകരണം. ഇത് ജനങ്ങളിൽ വലിയ ഞെട്ടലാണ് ഉളവാക്കിയത്. പിന്നാലെ രൂക്ഷ വിമർശനവും നടിക്കെതിരെ ഉയർന്നു. 

പലപ്പോഴും പ്രമുഖരായ സെലിബ്രിറ്റികൾ മരിച്ചുവെന്ന തരത്തിൽ വ്യാജ വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ തങ്ങൾ ജീവനോടെ ഉണ്ടെന്ന് പറഞ്ഞ് അവർ തന്നെ രം​ഗത്തെത്തിയതിന് നിരവധി ഉദാഹരങ്ങളും മുന്നിലുണ്ട്. എന്നാൽ പൂനം ചെയ്തത് സ്വന്തം മരണം വച്ച് ശ്രദ്ധനേടാനാണെന്ന് ജനങ്ങൾ വിമർശിച്ചു. ചീപ്പ് പബ്ലിസിറ്റിയ്ക്ക് വേണ്ടി ജനങ്ങളെ വിഢികളാക്കുകയാണ് പൂനം ചെയ്തതെന്നും വിമർശനം ഉയർന്നു. 

പൂനത്തിന്റെ ഈ പ്രവർത്തി വാർത്തകളോടുള്ള ജനങ്ങളുടെ വിശ്വാസ്യതയെ തകർക്കുന്നതാണെന്ന മുന്നറിയിപ്പുമായി പിറ്റിഐ ഉൾപ്പടെയുള്ള വാർത്ത ഏജൻസികളും രം​ഗത്ത് എത്തിയിരിക്കുകയാണ്. പ്രമുഖ സെലിബ്രിറ്റികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഹാൻഡിൽ ചെയ്യുന്നത് പിആറുകളാണ്. ഇവർ നൽകുന്ന വിവരങ്ങളാണ് പലപ്പോഴും വാർത്തകളാകാറുള്ളതും. എന്നാൽ പൂനത്തിന്റെ കാര്യം വന്നതോടെ ഇനി യഥാർത്ഥത്തിൽ വരുന്ന വാർത്തകൾ പോലും വിശ്വസിക്കണമോ വേണ്ടയോ എന്ന ചിന്ത നിഴലിടും. വാർത്താ ചാനലുകൾക്ക് ഏത് ശരി ഏത് തെറ്റ് എന്ന് മനസിലാക്കാൻ സാധിക്കാതെ വരുമെന്നും പിറ്റിഐ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. 

ഇന്ന് ഒരു സെലിബ്രിറ്റി വ്യാജ വാർത്ത ചമച്ചു. നാളെ അത് ചിലപ്പോൾ സാധാരണക്കാർ മാതൃകയാക്കിയെടുത്ത് ഫേക്ക് ന്യൂസുകൾ സൃഷ്ടിക്കാം. അങ്ങനെ വന്നാൽ വലിയ പ്രത്യാഘാതം തന്നെ സമൂഹം നേരിടേണ്ടിവരുമെന്ന് പിറ്റിഐ പറയുന്നു. ഇത് ജനങ്ങളിൽ ഭയം ഉണർത്തുകയും പരിഭ്രാന്തി ഉളവാക്കുകയും ചെയ്യും. കെട്ടിച്ചമച്ച വിവരണങ്ങൾ ഉപയോഗിക്കുന്നത് യഥാർത്ഥ പൊതുജനാരോഗ്യ ക്യാമ്പയ്നുകളുടെ വിശ്വാസ്യതയെ തകർക്കും. 

'ഞാൻ മരിച്ചിട്ടില്ല'; മരിച്ചെന്ന് നുണ പറഞ്ഞതിന് കാരണം, വീഡിയോയുമായി പൂനം പാണ്ഡെ!

ഒരു വാർത്ത ആദ്യം ബ്രേക്ക് ചെയ്യാനുള്ള സമ്മർദവുമുള്ള ഈ കാലത്ത് വാർത്താ മാധ്യമങ്ങൾ ജാഗ്രത പാലിക്കണമെന്നും പിറ്റിഐ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഉറവിടങ്ങൾ പരിശോധിച്ചുറപ്പിക്കുക, വിവരങ്ങൾ ക്രോസ് ചെക്ക് ചെയ്യുക, സെൻസേഷണലൈസ് ചെയ്യുന്ന തലക്കെട്ടുകൾ ഒഴിവാക്കുക എന്നിവ മാധ്യമങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. പൂനത്തിന്റെ വാർത്ത പോലുള്ളവ, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിന് മാത്രമല്ല വാർത്താ ഉറവിടങ്ങളിലുള്ള പൊതുജനങ്ങളുടെ വിശ്വാസത്തെയും ഹാനികരമായി ബാധിക്കുമെന്നും പിറ്റിഐ റിപ്പോർട്ടിൽ പറയുന്നു.  

ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകള്‍ തത്സമയം അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios