വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന സംഘടനയാണ് ഹേമ കമ്മീഷന് വേണ്ടി മുന്‍കൈ എടുത്തത്.  കമ്മീഷനുമായി സഹകരിച്ച തങ്ങൾക്ക് അതില്‍ എന്താണെന്ന് അറിയണമെന്നും റിമ പറഞ്ഞു.

സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ രൂപീകരിച്ച ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് (Hema Committee Report) പുറത്തുവിടണമെന്ന് നടി റിമ കല്ലിങ്കൽ(Rima Kallingal). ജനങ്ങളുടെ നികുതിപ്പണം ചെലവാക്കിയാണ് കമ്മീഷന്‍ രൂപീകരിച്ചതെന്നും തങ്ങളുടെ ഒരുപാട് കാലത്തെ സമയവും പ്രയത്നവുമാണിതെന്നും റിമ പറയുന്നു. വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന സംഘടനയാണ് ഹേമ കമ്മീഷന് വേണ്ടി മുന്‍കൈ എടുത്തത്. കമ്മീഷനുമായി സഹകരിച്ച തങ്ങൾക്ക് അതില്‍ എന്താണെന്ന് അറിയണമെന്നും റിമ പറഞ്ഞു.

'ഞങ്ങള്‍ എല്ലാവരുടെയും ഒരുപാട് കാലത്തെ സമയവും പ്രയത്‌നവുമാണ് അത്. ഞങ്ങളുടെ മാത്രം ആവശ്യമല്ല, എല്ലാവരുടെയും ആവശ്യമാണ്. ജനങ്ങളുടെ നികുതിപ്പണം ചെലവാക്കിയാണ് കമ്മീഷന്‍ രൂപീകരിച്ചത്. സിനിമയില്‍ ആഭ്യന്തരപ്രശ്‌ന പരിഹാര സെല്‍ രൂപീകരിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചതില്‍ അഭിമാനമുണ്ടെന്നും റിമ പറഞ്ഞു. സ്ത്രീകള്‍ക്ക് വേണ്ടി മാത്രമല്ല, സിനിമയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയാണത്. നിര്‍മാതാക്കളുടെ സംഘടനയെല്ലാം അതിനെ ഗൗരവകരമായി എടുത്തിട്ടുണ്ട്. എല്ലാ സിനിമാസെറ്റുകളിലും ആഭ്യന്തരപ്രശ്‌ന പരിഹാര സെല്‍ ഉണ്ടായിരിക്കും. അതിന് നിമിത്തമായതില്‍ ഡബ്ല്യൂ.സി.സിയ്ക്ക് അഭിമാനമുണ്ട്', എന്നായിരുന്നു റിമ മാധ്യമങ്ങളോട് പറഞ്ഞത്.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നാല്‍ പല വിഗ്രഹങ്ങളും ഉടയുമെന്ന് നടി പാര്‍വതി തിരുവോത്ത് പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. റിപ്പോര്‍ട്ട് നീട്ടിക്കൊണ്ട് പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. റിപ്പോര്‍ട്ടിനെ കുറിച്ച് പഠിക്കാൻ നിരവധി സമിതികളുണ്ടാക്കുന്നു. തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ സ്ത്രീസൗഹൃദമാകുന്നതെന്നും പാർവതി തെരുവോത്ത് തുറന്നടിച്ചു.

Read Also; 'സ്വകാര്യവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നു, ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാനാകില്ല'; വിവരാവകാശത്തിന് മറുപടി

റിപ്പോര്‍ട്ട് നടപ്പാവാൻ അടുത്ത തെരഞ്ഞെടുപ്പ് വരെ ചിലപ്പോള്‍ കാത്തിരിക്കേണ്ടി വരും. ആഭ്യന്തര പരാതി പരിഹാര സെല്‍ ഇല്ലാത്തത് പലരും മുതലെടുക്കുന്നു. അവകാശ സംരക്ഷണത്തിന് വേണ്ടി സംസാരിച്ചപ്പോള്‍ അവസരം ഇല്ലാതാക്കുമെന്ന് മുന്നറിയിപ്പ് കിട്ടി. മാറ്റി നിര്‍ത്താനും നിശബ്ദയാക്കാനും ശ്രമിച്ചു. സിനിമയിലെ കരുത്തരായ ചിലരാണ് ആഭ്യന്തര പരിഹാര സെല്ലിനെ എതിര്‍ക്കുന്നത്. സഹപ്രവര്‍ത്തകര്‍ക്ക് ചൂഷണം നേരിടേണ്ടി വരുന്നത് കണ്ടിരിക്കാൻ വയ്യാത്തത് കൊണ്ടാണ് ശബ്ദിച്ചതെന്നുമാണ് പാര്‍വതി തെരുവോത്ത് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. 

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടണമോ എന്ന് തീരുമാനിക്കേണ്ടത് സമിതി രൂപീകരിച്ചവർ: പൃഥിരാജ്

ചലച്ചിത്രമേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ഹേമ കമ്മീഷൻ്റെ റിപ്പോർട്ട് പുറത്തു വിടണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് കമ്മീഷനെ നിയോഗിച്ചവർ തന്നെയാണെന്ന് നടൻ പൃഥിരാജ് പറഞ്ഞു.

ലൂസിഫർ സിനിമയുടെ ഷൂട്ടിംഗിനിടെയാണ് ഹേമ കമ്മീഷൻ സെറ്റ് വിസിറ്റ് ചെയ്യുകയും എൻ്റെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തതാണ്. ആ റിപ്പോർട്ട് എന്തു കൊണ്ടു പുറത്തുവിടുന്നില്ല, ആർക്കാണ് അക്കാര്യത്തിൽ തീരുമാനമെടുക്കാൻ അധികാരം എന്നൊന്നും എനിക്ക് അറിയില്ല. റിപ്പോർട്ട് പുറത്തു വിടുന്നതിൽ തീരുമാനമെടുക്കേണ്ടത് അതുമായി ബന്ധപ്പെട്ടവർ തന്നെയാണ്. 

എന്തിന് വേണ്ടിയാണോ ഹേമ കമ്മീഷനെ നിയോഗിച്ചതും ഇതേക്കുറിച്ചത് പഠിച്ചതും? ആ ഉദ്ദേശം നിറവേറ്റപ്പെടണം എന്നാണ് എൻ്റെ ആഗ്രഹം. സ്ത്രീകൾക്കും പുരുഷൻമാർക്കും തുല്യതയോടെ ജോലി ചെയ്യാൻ സാധിക്കുന്ന ഒരു തൊഴിലിടമായി സിനിമ മാറണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.