'റോഷാക്കി'ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന 'ഐ, നോബഡി'യിൽ പൃഥ്വിരാജും പാർവതി തിരുവോത്തും പ്രധാന വേഷങ്ങളിലെത്തുന്നു.

മമ്മൂട്ടി നായകനായെത്തിയ 'റോഷാക്ക്' എന്ന ചിത്രത്തിന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ഐ നോബഡി' പൃഥ്വിരാജ് നായകനായെത്തുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എന്ന് നിന്റെ മൊയ്‌ദീൻ, കൂടെ, മൈ സ്റ്റോറി എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജും പാർവതി തിരുവോത്തും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഐ, നോബഡി. കൂടാതെ അശോകന്‍, മധുപാല്‍, ഹക്കിം ഷാജഹാന്‍, ലുക്മാന്‍, ഗണപതി, വിനയ് ഫോര്‍ട്ട് തുടങ്ങീ മികച്ച താരനിരയാണ് ചിത്രത്തിൻറെ ഭാഗമാവുന്നത്.

ഇപ്പോഴിതാ സിനിമയെ കുറിച്ച് പാർവതി തിരുവോത്ത് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. മലയാളത്തിൽ ഇതുവരെ പരീക്ഷിക്കാത്ത മേക്കിങ്ങ് ആണ് ചിത്രത്തിന്റേത് എന്നാണ് പാർവതി പറയുന്നത്. സിനിമ ഒരു സോഷ്യൽ കമന്ററി ആണെന്നും പാർവതി കൂട്ടിച്ചേർത്തു. "നോബഡി സിനിമയുടെ ചിത്രീകരണം പൂർത്തിയാകുന്നതേയുള്ളൂ. അതിൽ എന്റെ ഭാഗങ്ങളുടെ ചിത്രീകരണം കഴിഞ്ഞു. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ നടക്കുകയാണ്, പിക്ക് അപ്പ് ഷൂട്ടിന്റെ തിരക്കുകളിലാണ്. ഇപ്പോൾ എനിക്ക് സിനിമയെക്കുറിച്ച് ഇതൊരു സോഷ്യൽ കമന്ററി എന്ന് മാത്രമേ പറയാൻ കഴിയൂ. പക്ഷെ അതിനേക്കാൾ എല്ലാം എത്രയോ കൂടുതലാണ്. ഇതുവരെ നമ്മൾ മലയാളം സിനിമയിൽ കാണാത്ത വ്യത്യസ്ത തരം സിനിമ മേക്കിങ് ആണ് ഇത്. ഞാൻ ഭാഗമാകുന്ന സിനിമകളിൽ ശക്തമായ ഒരു പൊളിറ്റിക്സ് പറയുന്ന കഥകളാണ് കൂടുതലും." പാർവതി പറയുന്നു. ഓൺ എയർ കേരളയോടായിരുന്നു പാർവതിയുടെ പ്രതികരണം.

ഇ4 എന്റർടൈൻമെന്‍റ്സും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ സുപ്രിയ മേനോനും മുകേഷ് ആർ മേത്തയും സി വി സാരഥിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. റോഷാക്ക്, ഇബിലീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം സമീര്‍ അബ്ദുള്‍ തന്നെയാണ് ഐ, നോബഡിയുടെയും രചന നിർവഹിക്കുന്നത്. സോഷ്യോ- പൊളിറ്റിക്കൽ, ഡാർക്ക് ഹ്യൂമർ ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്.

ഹര്‍ഷ്‌വര്‍ധന്‍ രാമേശ്വര്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്. ദിനേശ് പുരുഷോത്തമൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് നിസാം ബഷീറിന്റെ ജന്മദിനത്തിലാണ് പുറത്തുവിട്ടിരിക്കുന്നത്. റോഷാക്കിന് ശേഷം പുറത്തിറങ്ങുന്ന ചിത്രമായത് കൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകർ ചിത്രത്തെ നോക്കിക്കാണുന്നത്.

YouTube video player