Actress Sajitha Madathil reacts on director Ranjith's sexual harassment case. ഇത്തരം കേസുകളിലെ പ്രതികൾ ശക്തമായി തിരിച്ചുവരുമെന്നും പരാതി നൽകുന്നവർ പുറത്താകുമെന്നും നടി സജിത മഠത്തിൽ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. 

സെറ്റിൽ വച്ച് നടിയോട് ലൈംഗികാതിക്രമം നടത്തി റിമാന്റിലായ രഞ്ജിത്തിനെതിരെ പരിഹാസവുമായി നടി സജിത മഠത്തിൽ രംഗത്ത്. ഇനിയും ശക്തമായി തിരിച്ചു വന്നു ഇത്തരം ചേട്ടന്മാര്‍ സിനിമ എടുക്കുമെന്നും, കേസ് കൊടുത്തവള്‍ എക്കാലത്തും പുറത്താവുമെന്നുമാണ് സജിത മഠത്തിൽ പറയുന്നത്. ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു സജിത മഠത്തിലിന്റെ പ്രതികരണം.

"ചര്‍ച്ചയില്‍ പ്രമുഖര്‍: ഞാനും നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്നു, അവള്‍ ഐ സിയില്‍ പരാതി കൊടുത്തില്ല! ഞങ്ങള്‍ പുറത്താക്കിയല്ലോ. കേസ് കോടതിയില്‍ ആയതിനാല്‍ ആ വിഷയം സംസാരിക്കണ്ട. പിന്നെ ഒരു രഹസ്യം പറയാം.. ഇത് ഗൂഡാലോചനയാണ്. ആ പെണ്ണിന് അഭിനയിക്കാന്‍ അറിയില്ലന്നേ.. പറഞ്ഞു വിട്ടു അവന്‍, അതിനാ...അപ്പൊ കൂടുതല്‍ ചര്‍ച്ചയില്ല. പിന്നെ...അവള്‍ക്കൊപ്പം തന്നെ. പക്ഷെ ഇനിയും ശക്തമായി തിരിച്ചു വന്നു ചേട്ടന്മാര്‍ സിനിമ എടുക്കും! കേസ് കൊടുത്തവള്‍ എക്കാലത്തും പുറത്തേക്ക്. കൂടെ നില്‍ക്കുന്നവരെ സിനിമ ലോകം കാണിക്കില്ല." സജിത മഠത്തിൽ കുറിച്ചു.

അതേസമയം, ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ ഈ മാസം ജനുവരിയിൽ യുവനടിക്ക് നേരെ കാരവന് ഉള്ളിൽ രഞ്ജിത്ത് ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. മാനസികാഘാതത്തിലായ നടി കഴിഞ്ഞ ആഴ്ചയാണ് പരാതിയുമായി സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ചത്. തുടർന്ന് ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് രഹസ്യമായി നടത്തിയ പ്രാഥമിക അന്വേഷണത്തിനുശേഷം ആയിരുന്നു ഇന്നലെ രാത്രി രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. അന്വേഷണത്തിന്റെ ഭാഗമായി ഷൂട്ടിംഗ് സൈറ്റിൽ ഉണ്ടായിരുന്ന മറ്റ് ചലച്ചിത്ര പ്രവർത്തകരെയും പൊലീസ് ചോദ്യം ചെയ്യും. റിമാന്റ് ചെയ്ത രഞ്ജിത്ത് എറണാകുളം സബ് ജയിലിൽ തുടരും.