Asianet News MalayalamAsianet News Malayalam

'സ്നേഹസീമ'യില്‍ ഇനി ആ പുഞ്ചിരിയില്ല; നടി ശരണ്യ അന്തരിച്ചു

തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 

actress saranya sasi passed away
Author
Thiruvananthapuram, First Published Aug 9, 2021, 3:00 PM IST

തിരുവനന്തപുരം: ക്യാൻസർ ബാധിതയായി ചികിത്സയിൽ കഴിഞ്ഞ നടി ശരണ്യ ശശി അന്തരിച്ചു. തിരുവന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ പത്ത് വര്‍ഷമായി അര്‍ബുദത്തിന് ചികിത്സയിലായിരുന്നു ശരണ്യ. അടുത്തിടെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ശരണ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുക ആയിരുന്നു. . 

നിരവധിത്തവണ അർബുദത്തെ തോൽപ്പിച്ച ശരണ്യയുടെ ജീവിതം മറ്റുള്ളവർക്കൊരു മാതൃക തന്നെയായിരുന്നു. സിനിമ – സീരിയൽ അഭിനയത്തിലൂടെയാണ് ശരണ്യ പ്രശസ്തയാകുന്നത്. 2012ലാണ് ബ്രെയിൻ ട്യൂമർ ആദ്യം തിരിച്ചറിയുന്നത്. നിരവധിത്തവണ ശസ്ത്രക്രിയയ്ക്കു വിധേയയായ അവർ ആത്മവിശ്വാസം കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവന്നിരുന്നു. ഇതിനിടയിൽ, കൊവിഡ് കൂടി വന്നതോടെ ആരോഗ്യസ്ഥിതി തീർത്തും വഷളായി.  

രോഗാവസ്ഥ നിരന്തരം വേട്ടയാടുമ്പോള്‍ ചികിത്സ ലഭ്യമാക്കാന്‍ ശരണ്യ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മുന്‍പ് സമൂഹമാധ്യമങ്ങളിലൂടെ വാര്‍ത്തയായിരുന്നു. സാമൂഹ്യപ്രവര്‍ത്തകനായ സൂരജ് പാലാക്കാരനും നടി സീമ ജി നായരും ശരണ്യയുടെ അവസ്ഥ വ്യക്തമാക്കി സഹായമഭ്യര്‍ഥിച്ച് രംഗത്തെത്തിയിരുന്നു. 

കണ്ണൂർ പഴയങ്ങാടി സ്വദേശിനിയായ ശരണ്യ ശശി ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത സൂര്യോദയം എന്ന ദൂരദർശൻ സീരിയയിലൂടെയാണ് തുടക്കമിടുന്നത്.  കൂട്ടുകാരി (സൂര്യ), അവകാശികൾ (സൂര്യ) ഹരിചന്ദനം (ഏഷ്യാനെറ്റ്), ഭാമിനി തോൽക്കാറില്ല (ഏഷ്യാനെറ്റ്), മാലാഖമാർ (മഴവിൽ മനോരമ), കറുത്തമുത്ത്, രഹസ്യം തുടങ്ങിയ സീരിയലുകളിലൊക്കെ അഭിനയിച്ചു. സീരിയലുകൾക്ക് പുറമേ ചാക്കോ രണ്ടാമൻ, തലപ്പാവ്, ഛോട്ടാ മുംബൈ തുടങ്ങിയ സിനിമകളിലൊക്കെ അഭിനയിച്ചിരുന്നു. മലയാളത്തിനു പുറമേ തമിഴ് (ദൈവം തന്ത വീട്) തെലുങ്ക് സീരിയലുകളിലും അഭിനയിച്ചു. കണ്ണൂരിലെ ജവഹർലാൽ നവോദയ വിദ്യാലയത്തിലായിരുന്നു ശരണ്യയുടെ സ്കൂള്‍ പഠനം. കോഴിക്കോട് യൂണിവേഴ്സിറ്റിയിൽ നിന്നും ലിറ്ററേച്ചറിൽ ബിരുദവും നേടിയിട്ടുണ്ട്. 
 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios