തരുൺ മൂർത്തിയുടെ പുതിയ ചിത്രത്തിനായി മോഹൻലാൽ താടിയില്ലാത്ത പുതിയ ഗെറ്റപ്പിൽ എത്തുന്നു

ഏതാനും വര്‍ഷങ്ങള്‍ക്കിപ്പുറം മോഹന്‍ലാല്‍ താടിയെടുത്ത് മീശ മാത്രം വച്ച് ഒരു കഥാപാത്രമാവുകയാണ്. തുടരുമിന് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൊലീസ് റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത്. അതിനുവേണ്ടിയാണ് പുതിയ ഗെറ്റപ്പ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ക്കൊക്കെയും താടി ഉണ്ടായിരുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഹൃദയപൂര്‍വ്വം എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്‍റെ കഥാപാത്രത്തിന് ട്രിം ചെയ്ത താടിയാണ് ഉണ്ടായിരുന്നു. സമീപവര്‍ഷങ്ങളില്‍ സിനിമാപ്രേമികള്‍ക്കിടയില്‍ മോഹന്‍ലാലിന്‍റെ താടിയുള്ള ലുക്ക് വലിയ ചര്‍ച്ചയും ആയിട്ടുണ്ട്. ഇപ്പോഴിതാ നടി സരിത ബാലകൃഷ്ണന്‍ ഇതേക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ എഴുതിയ കുറിപ്പ് ശ്രദ്ധ നേടുകയാണ്.

സരിത ബാലകൃഷ്ണന്‍റെ കുറിപ്പ്

വർഷങ്ങളായി കേരളത്തിലെ സിനിമാ ചർച്ചകളിലെ ഏറ്റവും വലിയ "ദേശീയ പ്രശ്നം" ലാലേട്ടന്റെ താടിയായിരുന്നു. അഭിനയത്തേക്കാൾ, സിനിമയുടെ കഥയേക്കാൾ, എന്തിന് അദ്ദേഹത്തിന്റെ ആരോഗ്യത്തേക്കാൾ വരെ ചിലർക്ക് ആധി ആ താടിയിലായിരുന്നു.

​"താടി വന്നതോടെ മുഖത്തെ ഭാവം പോയി", "പഴയ ലാലേട്ടനെ കാണാനില്ല", "ഇനി ആ മുഖം തെളിയുമോ?"... എന്തെല്ലാം വിലാപങ്ങളായിരുന്നു! സോഷ്യൽ മീഡിയയിലെ 'സൗന്ദര്യ സംരക്ഷണ വിദഗ്ദ്ധർ' അദ്ദേഹത്തിന്റെ താടിയിൽ തൂങ്ങി നടത്തിയ വിമർശനങ്ങൾ ചില്ലറയല്ല. ലാലേട്ടൻ എന്ന നടൻ ആ താടിക്ക് പിന്നിൽ ഒളിച്ചിരിക്കുകയാണെന്ന് വരെ വിധിയെഴുതിയവരുണ്ട്.

​ഇന്നിതാ, ഒറ്റ ഫോട്ടോയിലൂടെ ആ വായടപ്പിച്ചിരിക്കുന്നു.

​താടി വടിച്ചപ്പോൾ തെളിഞ്ഞത് പഴയ ആ കള്ളച്ചിരി മാത്രമല്ല, വിമർശകരുടെ അബദ്ധധാരണകൾ കൂടിയാണ്. 'ലൂസിഫർ' മുതൽ ഇങ്ങോട്ട് ആ താടി അദ്ദേഹത്തിന്റെ ഒരു സ്റ്റൈൽ സ്റ്റേറ്റ്‌മെന്റ് ആയിരുന്നു. അത് ആ കഥാപാത്രങ്ങൾ ആവശ്യപ്പെട്ടതായിരുന്നു. എന്നാൽ 'നേരു' പോലൊരു സിനിമ വന്നപ്പോൾ നമ്മൾ കണ്ടതാണ്, താടി ഉണ്ടെങ്കിലും ഇല്ലെങ്കിലും ആ കണ്ണുകളിലെ മാജിക് അവിടെത്തന്നെ ഉണ്ടെന്ന്.

​ഇപ്പോൾ താടി മാറി. വിന്റേജ് ലുക്ക് തിരികെ വന്നു.

ഇതോടെ യഥാർത്ഥത്തിൽ പണി കിട്ടിയത് ലാലേട്ടനല്ല, അദ്ദേഹത്തെ കുറ്റം പറയാൻ വേണ്ടി മാത്രം ഡാറ്റ പാക്ക് ചെയ്തു വെച്ചിരിക്കുന്ന വിമർശകർക്കാണ്. അവരുടെ സ്ഥിതി ഒന്ന് ആലോചിച്ചു നോക്കിക്കേ?

ഇനി എന്തിനെ കുറ്റം പറയും?

അടുത്ത പടം ഇറങ്ങുമ്പോൾ "മീശയുടെ നീളം കൂടിപ്പോയി" എന്ന് പറയുമോ? അതോ "കവിളിലെ ആ ചെറിയ കുഴി അഭിനയത്തെ ബാധിക്കുന്നു" എന്ന് പറയുമോ? പക്ഷേ, ഓർക്കുക— മോഹൻലാൽ എന്ന വിസ്മയം കുടികൊള്ളുന്നത് താടിയിലോ മീശയിലോ അല്ല. അത് ആ പ്രതിഭയിലാണ്. വേഷം ഏതായാലും, ലുക്ക് ഏതായാലും, "ലാലേട്ടൻ ഈസ് ലാലേട്ടൻ"

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming