കിടക്കയിൽ ഒരു വശത്തേക്ക് ചരിഞ്ഞു കിടന്ന് മണിക്കൂറുകളോളം മൊബൈൽ ഗെയിമുകൾ കളിക്കുകയും യൂട്യൂബ്, ഇൻസ്റ്റാഗ്രാം റീലുകൾ കാണുകയും ചെയ്യുന്ന ശീലം തനിക്കുണ്ടായിരുന്നുവെന്നും, ഇതാണ് കഴുത്തിന് ശസ്ത്രക്രിയ നടത്തേണ്ട അവസ്ഥയിലേക്ക് എത്തിച്ചതെന്ന് നടി പറയുന്നു.
ചെന്നൈ: അമിതമായ മൊബൈൽ ഫോൺ ഉപയോഗവും തെറ്റായ ഇരിപ്പുവശവും കാരണം കഴുത്തിന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതിനെ തുടർന്ന് പ്രശസ്ത ചലച്ചിത്ര നടി ഷക്കീല ശസ്ത്രക്രിയക്ക് വിധേയയായി. ഏകദേശം 3 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ പ്രധാന ശസ്ത്രക്രിയ നടത്തിയത്. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിലെത്തിയ ശേഷം തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം ഈ വിവരം ആരാധകരുമായി പങ്കുവെച്ചത്. കിടക്കയിൽ ഒരു വശത്തേക്ക് ചരിഞ്ഞു കിടന്ന് മണിക്കൂറുകളോളം മൊബൈൽ ഗെയിമുകൾ കളിക്കുകയും യൂട്യൂബ്, ഇൻസ്റ്റാഗ്രാം റീലുകൾ കാണുകയും ചെയ്യുന്ന ശീലം തനിക്കുണ്ടായിരുന്നുവെന്നും, ഇതാണ് കഴുത്തിന് ശസ്ത്രക്രിയ നടത്തേണ്ട അവസ്ഥയിലേക്കെത്തിച്ചതെന്ന് നടി പറയുന്നു.
നാല് മണിക്കൂറോളം തുടർച്ചയായി ചരിഞ്ഞു കിടന്ന് ഗെയിം കളിക്കും. ഇടയ്ക്ക് ചായയോ കാപ്പിയോ കുടിക്കാൻ മാത്രം എഴുന്നേൽക്കും. അതിനുശേഷം വീണ്ടും അതേ കിടപ്പിൽ ഗെയിമും സോഷ്യൽ മീഡിയ വീഡിയോകളും കാണുന്നത് തുടരും. ഈ രീതിയിലുള്ള അമിത ഉപയോഗവും തെറ്റായ വശത്തേക്ക് കിടന്നതും കഴുത്തിലെ പ്രധാന ഞരമ്പുകളെ ബാധിക്കുകയും ഒടുവിൽ ശസ്ത്രക്രിയ നടത്തേണ്ട സാഹചര്യത്തിലേക്ക് എത്തുകയുമായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം കഴുത്തിൽ 'നെക്ക് കോളർ' ധരിച്ചാണ് ഷക്കീല വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. നിലവിൽ കട്ടിലിൽ നിന്ന് എഴുന്നേൽക്കാനും ഭക്ഷണം കഴിക്കാനും പോലും മറ്റുള്ളവരുടെ സഹായം ആവശ്യമാണെന്ന് താരം പറഞ്ഞു.
മൊബൈൽ ഫോൺ ഉപയോഗത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ഷക്കീല വീഡിയോയിൽ അഭ്യർത്ഥിച്ചു. മൊബൈൽ ഫോൺ വളരെ ഉപകാരപ്രദമായ ഒന്നാണ്, എന്നാൽ അത് ആവശ്യത്തിലധികം ഉപയോഗിക്കരുത്. കുട്ടികൾക്ക് അമിതമായി ഫോണുകളും മറ്റ് ഗാഡ്‌ജെറ്റുകളും നൽകരുതെന്ന് നടി മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകി. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം ഫോൺ ഉപയോഗിക്കുക. എന്റെ വീഡിയോകൾ ഉൾപ്പെടെയുള്ള അനാവശ്യ വീഡിയോകൾ കാണുന്നത് ഒഴിവാക്കുക. ഇല്ലെങ്കിൽ 3 ലക്ഷം രൂപ നഷ്ടപ്പെടുന്നതിനൊപ്പം സഹിക്കാനാവാത്ത വേദനയും അനുഭവിക്കേണ്ടി വരുംട- ഷക്കീല കൂട്ടിച്ചേർത്തു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരമാണ് ഷക്കീല.


