'ഇടവേള ബാബുവുമായുള്ള പഴയ വീഡിയോ കുത്തിപ്പൊക്കി, എന്നെ മോശക്കാരിയാക്കി'; ശാലിൻ സോയ
ഇത്തരം പ്രചാരണങ്ങളിൽ തനിക്ക് മനോവിഷമം ഉണ്ടാക്കിയെന്ന് ശാലിൻ പറയുന്നു.
ഓട്ടോഗ്രാഫ് എന്ന ഏഷ്യാനെറ്റ് സീരിയലിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ശാലിൻ സോയ. പിന്നീട് നിരവധി സീരിയലുകളിലും സിനിമകളിലും ശാലിൻ തന്റെ സാന്നിധ്യം അറിയിച്ചു. നിലവിൽ തമിഴ് ഷോകളിലും ശാലിൻ പങ്കാളിയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ശാലിന്റെ ഒരു വീഡിയോയാണ് കഴിഞ്ഞ കുറച്ച് ദിവസമായി വൈറലാകുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വന്ന വെളിപ്പെടുത്തലുകളിൽ ആരോപണ വിധേയനായ നടൻ ഇടവേള ബാബുവും ഒത്തുള്ളൊരു ടിക് ടോക് വീഡിയോയാണിത്. നാളുകൾക്ക് മുൻപ് വൈറലായിരുന്ന 'മഞ്ഞ മഞ്ഞ മഞ്ഞ മഞ്ഞ ബൾബുകൾ..', എന്ന ഗാനത്തിന്റെ ടിക് ടോക് വീഡിയോ ആയിരുന്നു ഇത്. ഇടവേള ബാബുവിന് എതിരായ ആരോപണങ്ങൾ വന്നതിന് പിന്നാലെ ഈ വീഡിയോ വീണ്ടും പ്രചരിക്കുക ആയിരുന്നു. പിന്നാലെ ശാലിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ വിമിർശനങ്ങളും ട്രോളുകളും നിറഞ്ഞു. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടി. ഇത്തരം പ്രചാരണങ്ങള്‍ തനിക്ക് മനോവിഷമം ഉണ്ടാക്കിയെന്ന് ശാലിൻ പറയുന്നു.
"ഇക്കാര്യത്തിൽ ഞാൻ എന്താണ് പറയേണ്ടത്? വർഷങ്ങൾക്ക് മുൻപ് ഒരു സിനിമയുടെ ഷൂട്ടിൽ സെറ്റിൽ വച്ചെടുത്ത ടിക് ടോക് വീഡിയോ ആയിരുന്നു അത്. അന്ന് ആ പാട്ട് വൈറൽ ആയിരുന്നു. ആ പാട്ടിൽ പേരുള്ള ആളുമായി വീഡിയോ ചെയ്താൽ നന്നാകും എന്ന് കരുതി ചെയ്തതാണ്. ഇത്രയും വർഷങ്ങൾക്ക് ശേഷം ആ പഴയ വീഡിയോ കുത്തിപ്പൊക്കി എന്നെ മോശക്കാരിയാക്കി. അത് സൈബർ ബുള്ളിയിങ്ങിന്റെ മറ്റൊരു തലമാണ്. നിങ്ങൾ പറയൂ. ഞാൻ എന്താണ് ചെയ്യേണ്ടത്. ഞാൻ വിശദീകരണം തന്നാലും അതിന്റെ പേരും പറഞ്ഞ് വീണ്ടും എന്നെ ട്രോളില്ലേ. സൈബറിടം ക്രൂരമാണെന്ന് എനിക്ക് നന്നായി അറിയാം. പേരില്ലാത്ത സൈബർ ഭീഷണിക്കാരാണ് പ്രതി സ്ഥാനത്തുള്ളത്. അവരെ ഞാൻ വെറുക്കുകയാണ്", എന്നായിരുന്നു ശാലിൻ സോയയുടെ പ്രതികരണം. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് നടി പ്രതികരിച്ചത്.