ആഗ്രഹം സാധിച്ച് ഷീല; ആദ്യമായി നിയമസഭ കാണാനെത്തി
സ്പീക്കർ എ എൻ ഷംസീറും ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഷീലയെ സ്വീകരിച്ചത്

നിയമസഭാ മന്ദിരം കാണാനെത്തി മുതിര്‍ന്ന നടി ഷീല. പലതവണ തിരുവനന്തപുരത്ത് വന്നിട്ടും നിയമസഭ കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും സന്ദര്‍ശനം നടത്തണമെന്ന് ആഗ്രഹമുണ്ടെന്നും അവര്‍ സ്പീക്കറുടെ ഓഫീസിനെ അറിയിക്കുകയായിരുന്നു. മലയാളത്തിന്റെ അഭിമാന നടി നിയമസഭ സന്ദർശിക്കുന്നതിൽ സന്തോഷമേയുള്ളൂവെന്ന് സ്പീക്കറുടെ ഓഫിസ് അറിയിച്ചപ്പോൾ ഷീലയുടെ ആഗ്രഹസാധ്യത്തിന് വാതില്‍ തുറന്നു.
സ്പീക്കർ എ എൻ ഷംസീറും ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഷീലയെ സ്വീകരിച്ചത്. പ്രതിപക്ഷ ബഹളത്തിനിടെ നിയമസഭ തൽക്കാലത്തേക്ക് പിരിഞ്ഞ്, കാര്യോപദേശക സമിതി യോഗം ചേരുന്നതിനിടയിൽ ആയിരുന്നു ഷീല നിയമസഭയിൽ എത്തിയത്. കാര്യോപദേശക സമിതി യോഗത്തിന് ശേഷം അവര്‍ മുഖ്യമന്ത്രിയെയും സന്ദർശിച്ചു. അതിനുശേഷം സഭയിലെ വിഐപി ഗ്യാലറിയിലും എത്തി. രാവിലെ തൽക്കാലത്തേക്ക് പിരിഞ്ഞ സഭ പതിനൊന്നരയോടെ വീണ്ടും ചേരുമ്പോൾ സ്പീക്കറുടെ റൂളിംഗ് ആയിരുന്നു ആദ്യ നടപടി. നിയമസഭയിലെ സംഘർഷത്തെക്കുറിച്ചുള്ള കാര്യങ്ങളും സ്വീകരിച്ച നടപടികളും സ്പീക്കർ വിശദീകരിക്കുമ്പോൾ ഷീല വിഐപി ഗ്യാലറിയിൽ ഉണ്ടായിരുന്നു. 10 മിനിറ്റ് സഭാ നടപടികൾ വീക്ഷിച്ച ശേഷം ഷീല മടങ്ങി.
അനുരാഗമാണ് മലയാളത്തില്‍ ഷീല അവസാനം അഭിനയിച്ച ചിത്രം. ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഗൌരി കിഷന്‍, ദേവയാനി, ജോണി ആന്‍റണി, ഗൌതം മേനോന്‍, അശ്വിന്‍ ജോസ്, ലെന, മൂസി, ദുർഗ കൃഷ്ണ, സുധീഷ് കോഴിക്കോട്, മണികണ്ഠൻ പട്ടാമ്പി തുടങ്ങി വലിയ താരനിരയും അണിനിരന്നിരുന്നു.
ALSO READ : 'പ്രാര്‍ഥനകള്‍ക്ക് നന്ദി'; ജോലിയില്‍ തിരികെ പ്രവേശിച്ച് മിഥുന്‍ രമേശ്