ആദിക് രവിചന്ദ്രനൊപ്പം വീണ്ടും അജിത്ത്.
തമിഴകത്ത് ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് അജിത്ത് കുമാര്‍. അജിത്ത് കുമാര്‍ നായകനായി ഒടുവില്‍ വന്ന ചിത്രം ഗുഡ് ബാഡ് അഗ്ലി ആണ്. ആദിക് രവിചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്‍തത്. ആദിക് രവിചന്ദ്രനാണ് അജിത്തിന്റെ അടുത്ത സിനിമയും സംവിധാനം ചെയ്യുന്നത് എന്നതാണ് പുതിയ റിപ്പോര്‍ട്ട്.
തൂത്തുക്കുടി പശ്ചാത്തലമാക്കിയുള്ള ഒരു റൂറല്‍ ഡ്രാമയിലായിരിക്കും അജിത്ത് നായകനാകുക. തുറമുഖമാകും പ്രധാന കഥാ പശ്ചാത്തലം. എന്തായാലും അജിത്ത് ആരാധകര്‍ക്ക് ആഘോഷിക്കാൻ വക നല്‍കുന്ന ഒരു ചിത്രമായിരിക്കും ഇതെന്നുമാണ് റിപ്പോര്‍ട്ട്. എപ്പോഴായിരിക്കും ചിത്രീകരണം തുടങ്ങുകയെന്ന് വ്യക്തമല്ല.
ഗുഡ് ബാഡ് അഗ്ലി 212 കോടിയാണ് ആകെ നേടിയിരിക്കുന്നത്. തമിഴ് സിനിമയെ സംബന്ധിച്ച് 200 കോടി ക്ലബ്ബ് അത്ര അസാധാരണമല്ല. ഈ എലൈറ്റ് ക്ലബ്ബില്‍ ഇടംപിടിക്കുന്ന 21-ാമത്തെ ചിത്രമാണ് ഗുഡ് ബാഡ് അഗ്ലി. അജിത്ത് കുമാര്‍ ആദ്യമായാണ് 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരിക്കുന്നതെങ്കിലും പല വട്ടം ഈ ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുള്ള താരങ്ങള്‍ ഉണ്ട്. അതില്‍ മുന്‍പില്‍ വിജയ്‍യും രജനികാന്തും തന്നെ. പ്രമുഖ ട്രാക്കര്‍മാരായ സിനിട്രാക്കിന്‍റെ കണക്ക് പ്രകാരം രജനികാന്ത് നായകനായ ഏഴ് ചിത്രങ്ങള്‍ ഇതിനകം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 200 കോടിയില്‍ അധികം നേടിയിട്ടുണ്ട്. എന്നാല്‍ വിജയ്‍യുടേത് ആവട്ടെ എട്ട് ചിത്രങ്ങളും. രജനികാന്തിന്‍റെ എന്തിരന്‍, കബാലി, 2.0, പേട്ട, ദര്‍ബാര്‍, ജയിലര്‍, വേട്ടൈയന്‍ എന്നീ ചിത്രങ്ങളാണ് ഇതിനകം 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുള്ളത്. വിജയ്‍യുടേതാവട്ടെ മെര്‍സല്‍, സര്‍ക്കാര്‍, ബിഗില്‍, മാസ്റ്റര്‍, ബീസ്റ്റ്, വാരിസ്, ലിയോ, ഗോട്ട് എന്നിവയാണ് ആ ചിത്രങ്ങള്‍.
ആദിക് രവിചന്ദ്രൻ സംവിധാനം നിര്‍വഹിച്ച ചിത്രം ഗുഡ് ബാഡ് അഗ്ലി നെറ്റ്ഫ്ലിക്സിലൂടെ സ്‍ട്രീമിംഗ് ചെയ്യുന്നുണ്ട്. അജിത് കുമാറിന്റെ ആക്ഷൻ കോമഡി ചിത്രം ആണ് ഗുഡ് ബാഡ് അഗ്ലി. അജിത് കുമാര്‍ നായകനായി വന്നപ്പോള്‍ ചിത്രത്തില്‍ നായിക തൃഷയാണ്. പ്രഭു, അര്‍ജുൻ ദാസ്, പ്രസന്ന, സുനില്‍, ഉഷ ഉതുപ്പ്, രാഹുല്‍ ദേവ്, റെഡിൻ കിംഗ്‍സ്ലെ, പ്രദീപ് കബ്ര, ഹാരി ജോഷ്, ബി എസ് അവിനാശ്, പ്രിയ പ്രകാശ് വാര്യര്‍, ടിന്നു ആനന്ദ്, ഷൈൻ ടോം ചാക്കോ എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്. അഭിനന്ദൻ രാമാനുജൻ ആണ് ഛായാഗ്രാഹണം. ജി വി പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്നു.
