ബിഗ് ബോസ് ഷോയില്‍ വെച്ച് മോഹൻലാല്‍ തന്റെ വീട്ടിലേക്ക് ആദിലയെയും നൂറയെയും ക്ഷണിച്ചിരുന്നു.
മലയാളികൾക്ക് ഏറെ സുപരിചിതരായ ലെസ്ബിയൻ കപ്പിൾസാണ് ആദിലയും നൂറയും. ഇരുവരും ബിഗ് ബോസ് മലയാളം സീസൺ 7ൽ മത്സരാർത്ഥികളായി എത്തിയതോടെയാണ് കൂടുതൽ പേരും ഇവരെ അടുത്തറിഞ്ഞത്. ഷോയ്ക്ക് മുൻപ് വൻ നെഗറ്റീവ് ലഭിച്ചിരുന്ന ഇവർക്കിപ്പോൾ ആരാധകരും ഏറെയാണ്. ബിഗ് ബോസിന് ശേഷം തങ്ങളുടെ ജോലിയും വ്ലോഗിങ്ങുമൊക്കെയായി മുന്നോട്ട് പോകുകയാണ് ഇരുവരും. ബിഗ്ബോസിനു ശേഷമുള്ള ജീവിതത്തെക്കുറിച്ച് ഇരുവരും മുൻപ് തുറന്നുപറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ഇതു സംബന്ധിച്ച് സാധാരണയായി ആളുകൾ ചോദിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരവുമായി എത്തിയിരിക്കുകയാണ് ആദിലയും നൂറയും.
''ബിഗ് ബോസിലേക്ക് പോകുന്നു എന്നറിഞ്ഞ്, ഞങ്ങളോട് അടുത്ത് നില്‍ക്കുന്ന പലരും പറഞ്ഞത്, വേണ്ട പോകേണ്ട എന്നാണ്. കപ്പിളായി ബിഗ് ബോസിലേക്ക് പോയ ആളുകളെല്ലാം പിരിഞ്ഞ ചരിത്രം മാത്രമേയുള്ളൂ, നിങ്ങള്‍ക്കും അത് സംഭവിക്കും എന്നാണ് പലരും പറഞ്ഞത്. എന്തായാലും രണ്ടാഴ്ചത്തെ കാര്യമല്ലേ, ഒന്ന് പോയി നോക്കാം എന്ന് കരുതിയാണ് പോയത്. പക്ഷേ ഞങ്ങള്‍ നൂറ് ദിവസം നിന്നു, ആളുകള്‍ കണ്ടത് ഞങ്ങളുടെ യഥാര്‍ത്ഥ സ്‌നേഹമാണ്, അത് പ്രചോദനമാണ് എന്ന് പറയുന്നതില്‍ വളരെ അധികം സന്തോഷമുണ്ട്.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
ബിഗ് ബോസില്‍ നിന്ന് ഇറങ്ങിയതിന് ശേഷം ഞങ്ങള്‍ ഏറ്റവും അധികം നേരിട്ട ചോദ്യം, മോഹന്‍ലാലിന്റെ വീട്ടില്‍ പോയില്ലേ എന്നാണ്. ഷോയില്‍ പറഞ്ഞത് കൂടാതെ, ഫിനാലെ എപ്പിസോഡിലും നിങ്ങള്‍ക്ക് പറ്റുന്ന സമയവും സാഹചര്യവും നോക്കി അറിയിക്കൂ എന്നാണ് ലാലേട്ടന്‍ പറഞ്ഞത്. അത് വെറും വാക്കാണോ, പിന്നീട് പോയില്ലേ എന്നത് പലരും ചോദിക്കാറുണ്ട്. സത്യത്തില്‍ ഷോ കഴിഞ്ഞ് മാസങ്ങള്‍ക്കകം, അതിനെ സംബന്ധിച്ച സംസാരം ഉണ്ടായിരുന്നു. ഡിസംബറില്‍ പോകാന്‍ ഒരു ഡേറ്റും കണ്ടെത്തി. പക്ഷേ ആ സമയത്താണ് ലാലേട്ടന്റെ അമ്മ മരിച്ചത്. പിന്നീട് ഞങ്ങളും ഫോളോ അപ് ചെയ്യാതെയായി. ലാലേട്ടനും തിരക്കുള്ള ആളല്ലേ. പറ്റിയ സമയവും സാഹചര്യവും വരുമ്പോള്‍ ഇനിയും അത് നടക്കാനുള്ള സാധ്യതയുണ്ട്'', ആദിലയും നൂറയും വീഡിയോയിൽ പറഞ്ഞു.





