ഒരു ആക്ഷന്‍ രംഗത്തിനു മാത്രം 35 കോടി! 'ടൈഗറും' 'പഠാനും' വീണ്ടും ഒരുമിക്കുമ്പോള്‍ തീ പാറും
ദീപാവലി റിലീസ് ആണ് ചിത്രം
ഇന്ത്യന്‍ സിനിമയില്‍ ഇന്ന് ഏറ്റവും ബ്രാന്‍ഡ് മൂല്യമുള്ള സിനിമാ ഫ്രാഞ്ചൈസിയാണ് യാഷ് രാജ് ഫിലിംസ് സ്പൈ യൂണിവേഴ്സ് എന്ന് പേരിട്ടിരിക്കുന്ന സിനിമകള്‍. 2012 ല്‍ ഏത് ഥാ ടൈഗര്‍ മുതലാരംഭിക്കുന്ന പരമ്പരയിലെ എല്ലാ ചിത്രങ്ങളും വിജയങ്ങളായിരുന്നെങ്കിലും ഏറ്റവും ഒടുവില്‍ എത്തിയ ഷാരൂഖ് ഖാന്‍ ചിത്രം പഠാന്‍ ആ മുന്‍ വിജയങ്ങളെയെല്ലാം നിഷ്പ്രഭമാക്കി. ഈ ഫ്രാഞ്ചൈസിയിലെ അടുത്ത ചിത്രം ഈ വര്‍ഷം തന്നെ പുറത്തെത്തുന്നുണ്ട്. സല്‍മാന്‍ ഖാന്‍ അവതരിപ്പിക്കുന്ന ടൈഗറിന്‍റെ മൂന്നാം വരവായ ടൈഗര്‍ 3 ആണ് അത്. ഇപ്പോഴിതാ സിനിമാപ്രേമികളില്‍ ആവേശമുണ്ടാക്കുന്ന ഒരു റിപ്പോര്‍ട്ട് എത്തിയിരിക്കുകയാണ്. സല്‍മാന്‍ ഖാനൊപ്പം ഷാരൂഖ് ഖാനും അണിചേരുന്ന ടൈഗര്‍ 3 ലെ ഒരു ആക്ഷന്‍ സീക്വന്‍സിനെക്കുറിച്ചാണ് അത്.
പഠാനിലെ ഒരു ആക്ഷന്‍ സീക്വന്‍സില്‍ സല്‍മാന്‍ ഖാന്‍റെ ടൈഗറിനെ സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദ് അവതരിപ്പിച്ചിരുന്നു. തിയറ്ററുകളില്‍ വന്‍ കൈയടി നേടിയ സീക്വന്‍സ് ആയിരുന്നു ഓടുന്ന ട്രെയ്‍നിലെ ആ ഫൈറ്റ് സീന്‍. ടൈഗര്‍ 3 ല്‍ ഷാരൂഖ് ഖാന്‍ അതിഥിവേഷത്തിലെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതാണ്. ഇപ്പോഴിതാ ചിത്രത്തിനുവേണ്ടി സംവിധായകന്‍ മനീഷ് ശര്‍മ്മ ഒരുക്കുന്ന ആക്ഷന്‍ സീക്വന്‍സിനെക്കുറിച്ചാണ് പുതിയ റിപ്പോര്‍ട്ടുകള്‍. പഠാനും ടൈഗറും വീണ്ടും ഒരുമിച്ചെത്തുന്ന ആക്ഷന്‍ സീക്വന്‍സിനുവേണ്ടി മാത്രം നിര്‍മ്മാതാവ് ആദിത്യ ചോപ്ര 35 കോടിയാണ് മുടക്കുന്നതെന്ന് പിങ്ക്‍വില്ല റിപ്പോര്‍ട്ട് ചെയ്യുന്നു. മുംബൈയില്‍ 10- 12 ദിവസങ്ങള്‍ എടുത്താവും ഈ സീക്വന്‍സിന്‍റെ ചിത്രീകരണം. ഇരുവരും മെയ് 8 ന് ലൊക്കേഷനില്‍ ജോയിന്‍ ചെയ്യും.
വൈആര്‍എഫ് സ്പൈ യൂണിവേഴ്സിലെ അഞ്ചാമത്തെ ചിത്രമാണ് ടൈഗര്‍ 3. കത്രീന കൈഫ് നായികയാവുന്ന ചിത്രത്തില്‍ പ്രതിനായകനെ അവതരിപ്പിക്കുന്നത് ഇമ്രാന്‍ ഹാഷ്മിയാണ്.