ചിത്രം വൈകാരികമായി കണക്റ്റ് ചെയ്യുന്നതില്‍ വിജയിച്ചിരിക്കുന്നുവെന്നാണ് പ്രേക്ഷകരുടെ ആദ്യ പ്രതികരണങ്ങള്‍

ഇതരഭാഷാ ചിത്രങ്ങള്‍ തിയറ്ററുകള്‍ നിറയ്ക്കുമ്പോള്‍ മലയാള സിനിമ കാണാന്‍ ആളെത്തുന്നില്ലെന്ന പരാതി മാസങ്ങളായി സിനിമാ മേഖലയില്‍ നിന്ന് ഉയരുന്നുണ്ട്. ഈ വര്‍ഷം തിയറ്ററുകളിലെത്തിയവയില്‍ മലയാളത്തില്‍ നിന്ന് രോമാഞ്ചം മാത്രമാണ് മികച്ച വിജയം നേടിയത്. ഓരോ പ്രധാന ചിത്രങ്ങളും തിയറ്ററുകളില്‍ എത്തുമ്പോള്‍ ആദ്യ പ്രതികരണങ്ങള്‍ എന്താവുമെന്ന ആകാംക്ഷ തിയറ്റര്‍ വ്യവസായത്തിന് മുന്‍പെന്നത്തേക്കാളും ഉണ്ട്. ഇപ്പോഴിതാ ഇന്ന് തിയറ്ററുകളിലെത്തിയ ഒരു ചിത്രം ആദ്യ പ്രദര്‍ശനങ്ങള്‍ പിന്നിടുമ്പോള്‍ മികച്ച പ്രതികരണം നേടുകയാണ്. കേരളത്തിന്‍റെ പ്രളയം പശ്ചാത്തലമാക്കി ജൂഡ് ആന്‍റണി ജോസഫ് സംവിധാനം ചെയ്ത 2018 ആണ് ആ ചിത്രം.

കേരളത്തിന്‍റെ സമീപകാല ഓര്‍മ്മയിലുള്ള പ്രളയം പശ്ചാത്തലമാക്കുന്ന ചിത്രം വൈകാരികമായി സംവദിക്കുന്നതില്‍ വിജയിച്ചിരിക്കുന്നുവെന്നാണ് പ്രേക്ഷകരുടെ ആദ്യ പ്രതികരണങ്ങള്‍. ചിത്രം സാങ്കേതികമായി മികച്ചുനില്‍ക്കുന്നുവെന്നും മികച്ച ക്രാഫ്റ്റ് അനുഭവപ്പെടുത്തുന്നുവെന്നും അഭിപ്രായങ്ങള്‍ വരുന്നു. ബോക്സ് ഓഫീസ് ട്രാക്കര്‍മാരും പ്രേക്ഷകരും ഒരേ അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് പറയുന്നത്. സമീപകാലത്ത് ആദ്യ പ്രദര്‍ശനങ്ങള്‍ക്കു ശേഷം ഇത്തരത്തില്‍ പൂര്‍ണ്ണമായും പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി ലഭിച്ച ഒരു ചിത്രം വേറെ ഉണ്ടായിട്ടില്ല. ഈ പ്രതികരണങ്ങള്‍ തിയറ്ററുകള്‍ നിറയ്ക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാലോകം.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

കാവ്യ ഫിലിംസ്, പികെ പ്രൈം പ്രൊഡക്ഷൻസ് എന്നീ ബാനറുകളില്‍ വേണു കുന്നപ്പിള്ളി, സി കെ പത്മകുമാർ, ആന്റോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, ഇന്ദ്രൻസ്, ലാൽ, നരേൻ, അപർണ്ണ ബാലമുരളി, തൻവി റാം, സുധീഷ്, സിദ്ദിഖ്, രഞ്ജി പണിക്കർ, ജാഫർ ഇടുക്കി, അജു വർഗ്ഗീസ്, ജിബിൻ ഗോപിനാഥ്, ഡോ. റോണി, ശിവദ, വിനീത കോശി തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അഖിൽ പി ധർമജൻ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം അഖിൽ ജോർജ്ജും ചിത്രസംയോജനം ചമൻ ചാക്കോയുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. നോബിൻ പോളിന്റെതാണ് സംഗീതം, വിഷ്ണു ഗോവിന്ദിന്റേതാണ് സൗണ്ട് ഡിസൈൻ.

ALSO READ : വിവാദങ്ങള്‍ക്കിടെ 'ദി കേരള സ്റ്റോറി' എത്തി; പ്രദര്‍ശനങ്ങള്‍ റദ്ദാക്കി തിയറ്ററുകള്‍