മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്‍ണന്റെ ജീവിതം സിനിമയാകുകയാണ്. മേജര്‍ എന്നാണ് സിനിമയുടെ പേര്. സിനിമ പ്രഖ്യാപിച്ചത് ചര്‍ച്ചയായി മാറിയിരുന്നു. തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി സേഷ് ആണ് രാജ്യം അശോകചക്ര നല്‍കി ആദരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്‍ണനായി അഭിനയിക്കുന്നത്. അദ്ദേഹം എങ്ങനെ മരിച്ചു എന്നല്ല, എങ്ങനെ ജീവിച്ചു എന്നാണ് ഞങ്ങൾ ഈ ചിത്രത്തിലൂടെ പറയുന്നത് എന്നാണ് ആദിവി ശേഷ് അറിയിച്ചത്. സിനിമയ്‍ക്കായുള്ള അദിവി സേഷിന്റെ തയ്യാറെടുപ്പുകളുടെ വീഡിയോ പുറത്തുവിട്ടു.

മേജര്‍ സന്ദീപ് ഉണ്ണികൃഷ്‍ണനായി അഭിനയിക്കാൻ കരാര്‍ ഒപ്പിട്ടതുമുതലുള്ള ആദിവ് സേഷിന്റെ അനുഭവങ്ങളാണ് വീഡിയോയില്‍ പറയുന്നത്. സന്ദീപ് ഉണ്ണികൃഷ്‍ണന്റെ അച്ഛനമ്മമാരെ കാണുന്നതുവരെയുള്ള അനുഭവം ആദിവ് സേഷ് പറയുന്നുണ്ട്. അദിവി സേഷ് തന്നെയാണ് തിരക്കഥ എഴുതുന്നതും. ശോഭിത ധുലിപാലിയ, സായി മഞ്‍ജരേക്കർ, പ്രകാശ് രാജ്, രേവതി എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ ആയി എത്തുന്നത്. സോണി പിക്ചേഴ്‍സ് ഫിലിം ഇന്ത്യ, മഹേഷ് ബാബുവിന്റെ റെ ജിഎംബി എന്റർടൈൻമെന്റ്,എ പ്ലസ് എസ് മൂവീസ് എന്നിവ സംയുക്തമായിട്ടാണ് ചിത്രം നിര്‍മിക്കുന്നത്.

മുംബൈയില്‍ 2008 നവംബര്‍ 26ന് ആയിരുന്നു പാക്കിസ്ഥാൻ ഭീകരാവാദ സംഘടനയായ ലക്ഷര്‍ ഇ തൊയ്‍ബ ആക്രമണം നടത്തിയത്.

മുംബൈ താജ് ഹോട്ടലിൽ ബന്ദിയാക്കപ്പെട്ടവരെ മോചിപ്പിക്കവെയാണ് എൻഎസ്‌ജി കമാൻഡോയായ മേജർ സന്ദീപ് ഉണ്ണികൃഷ്‍ണൻ വീരമൃത്യു വരിച്ചത്.