തിരുവനന്തപുരം: സിനിമ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒന്നാണെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. കനകക്കുന്നില്‍ നടക്കുന്ന സ്‌പേസസ് ഫെസ്റ്റില്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് സിനിമ എന്ന സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചലച്ചിത്രത്തിന്‍റെ ഭാവവും ഇടവും കാലത്തിനൊത്ത് മാറുന്നു. അത് തന്‍റെ സിനിമകളിലൂടെ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

തന്‍റെ സിനിമകളില്‍ ഒന്നും തന്നെ മുന്‍കൂട്ടി തീരുമാനിച്ച് ഉണ്ടാകുന്നത് അല്ല എന്നും അവ യാദൃശ്ചികമായി വന്നുഭവിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിശബ്ദ ചിത്രങ്ങളുടെ കാലത്തില്‍ നിന്ന് ശബ്ദ ചിത്രങ്ങളിലേക്കുള്ള മാറ്റം സിനിമയെ ഏറെ മുന്നോട്ടു നയിച്ചിട്ടുണ്ടെന്നും അടൂര്‍ പറഞ്ഞു. സംവിധായകന്‍ കെ ആര്‍ മനോജ് സെഷന് നേതൃത്വം നല്‍കി.