ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രഭാസ്. ഒരു പുരാണ കഥ പ്രമേയമായിട്ടുള്ള സിനിമയില്‍ പ്രഭാസ് നായകനാകുന്നുവെന്നാണ് പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

രാധേ ശ്യാം എന്ന സിനിമയാണ് പ്രഭാസിന്റെതായി ഇപ്പോള്‍ ഒരുങ്ങുന്നത്. രാധാ കൃഷ്‍ണ സംവിധാനം ചെയ്യുന്ന ചിത്രം പ്രണയകഥയായിരിക്കും പറയുന്നത്. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഇത്. പ്രഭാസിനെ നായകനാക്കി നാഗ് അശ്വിനും ഒരു ഹിന്ദി ചിത്രം പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു സയൻസ് ഡ്രാമയായിട്ടാണ് ചിത്രം എത്തുക. ചിത്രത്തിന്റെ പ്രമേയം എന്തെന്ന് പുറത്തുവിട്ടിട്ടില്ല. ഇവ പൂര്‍ത്തിയായതിന് ശേഷം മറ്റൊരു ചിത്രത്തിനായി ഭുഷൻ കുമാര്‍ പ്രഭാസിനെ സമീപിച്ചിരിക്കുകയാണ് എന്നാണ് വാര്‍ത്തകള്‍. ഇന്ത്യൻ പുരാണ കഥയായിരിക്കും ചിത്രത്തിന്റെ പ്രമേയം.  ഏത് പുരാണ കഥയായിരിക്കും പറയുക എന്ന് വ്യക്തമല്ല. ചരിത്രപരമായ സമീപനം ചിത്രത്തിനുണ്ടാകും എന്നാണ് വാര്‍ത്തകള്‍. എന്തായാലും പ്രഭാസിന് കഥ ഇഷ്‍ടപ്പെട്ടുവെന്നും ചിത്രം ഉടൻ പ്രഖ്യാപിക്കുമെന്നും തെലുങ്ക് സിനിമാ മാധ്യമങ്ങള്‍ പറയുന്നു.