ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ജനപ്രിയ ചിത്രമായത് ബദായി ഹോ ആണ്. ആയുഷ്‍മാൻ ഖുറാന നായകനായി എത്തിയ ചിത്രം വൻ വിജയമാണ് നേടിയത്. തിയേറ്ററില്‍ മാത്രമല്ല നിരൂപകരിലും ചിത്രം വലിയ ശ്രദ്ധ നേടി. 221.44 കോടി രൂപയാണ് ചിത്രം സ്വന്തമാക്കിയത്. അവാര്‍ഡ് തിളക്കത്തില്‍ നില്‍ക്കുമ്പോള്‍ ബദായി ഹോ രണ്ടാം ഭാഗവും ഒരുങ്ങുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

അമിത് രവീന്ദര്‍നാഥ് ശര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തിയ സുരേഖ സിക്രിക്ക് മികച്ച സഹനടിക്കുള്ള അവാര്‍ഡും ലഭിച്ചിരുന്നു. മറ്റ് ഫിലിംഫെയര്‍ അവാര്‍ഡുകളും ചിത്രത്തിന് ലഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗവും വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാം ഭാഗത്തിനും ഗംഭീര പ്രമേയമാണ് ഒരുക്കിയിരിക്കുന്നത് എന്ന് അണിയറപ്രവര്‍ത്തകര്‍ സൂചിപ്പിക്കുന്നു. മികച്ച അഭിനേതാക്കളും ചിത്രത്തിന്റെ ഭാഗമാകും. അതേസമയം ചിത്രം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലേക്കും എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. ആയുഷ്‍മാൻ ഖുറാനയ്‍ക്കും സുരേഖ സിക്രിക്കും പുറമേ സാന്യ മല്‍ഹോത്ര, ഗജരാജ് രാവു, സുരേഖ സിക്രി, നീന ഗുപ്‍ത എന്നിവരാണ് ബദായ് ഹോയില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയത്. തിരക്കഥയൊരുക്കിയത് ശന്തനു ശ്രീവാസ്‍തവ, അക്ഷത് എന്നിവര്‍ ചേര്‍ന്നാണ്.