ടൻ സഞ്ജയ് ദത്തിന്റെ ആരോ​ഗ്യത്തെ സംബന്ധിച്ച കാര്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം. ക്യാൻസർ ബാധിതനാണെന്ന് അടുത്തിടെയാണ് സഞ്ജയ് പങ്കുവെച്ചത്. ഇതിന് പിന്നാലെ പ്രിയതാരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ. നിലവിൽ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് താരം. 

ആശുപത്രിയിൽ നിന്നുള്ള സഞ്ജയ് ദത്തിന്റെ ഏറ്റവും പുതിയ ചിത്രവും പുറത്തു വന്നിരുന്നു. ബാബാ, എത്രയും വേഗം ആരോഗ്യവനായി തിരിച്ചു വരൂ എന്നാണ് ചിത്രം കണ്ട് ആരാധകർ പറയുന്നത്. ചിത്രത്തിൽ ഏറെ ക്ഷീണിതനാണ് താരം.

അസുഖ ബാധിതനാണെന്ന കാര്യം സഞ്ജയ് ദത്ത് തന്നെയാണ് ആദ്യമായി പങ്കുവെച്ചത്. ചികിത്സയ്ക്ക് തയ്യാറെടുക്കുകയാണെന്നും ജോലിയിൽ നിന്നും താത്കാലികമായി വിട്ടു നിൽക്കുകയാണെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.

മഹേഷ് ഭട്ട് സംവിധാനം ചെയ്ത സഡ‍ക് 2 ആണ് സഞ്ജയ് ദത്തിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നില്ല ലഭിച്ചത്.