നടൻ ആമിർ ഖാൻ ഭാഷാ വിവാദത്തിൽ. മാധ്യമങ്ങളോട് മറാത്തിയിൽ സംസാരിച്ച അദ്ദേഹത്തോട് ഹിന്ദിയിൽ പറയാൻ ആവശ്യപ്പെട്ടപ്പോൾ, "ഇത് മഹാരാഷ്ട്രയാണ്" എന്ന് പ്രതികരിച്ചു. ഈ പരാമർശം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
പുതിയ വിവാദത്തിൽ അകപ്പെട്ട് ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ. ഭാഷയുമായി ബന്ധപ്പെട്ട് ആമിർ നടത്തിയ മറുപടിയാണ് വിവാദമായത്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിൽ മുൻസിപ്പൽ കോർപ്പറേഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നിരുന്നു. തന്റെ വോട്ട് രേഖപ്പെടുത്താൻ എത്തിയതായിരുന്നു ആമിർ ഖാൻ. ഇവിടെ വച്ച് മാധ്യമങ്ങളോട് മറാത്തിയിൽ ആയിരുന്നു ആമിർ ഖാൻ പ്രതികരിച്ചത്. പിന്നാലെ ഹിന്ദിയിൽ സംസാരിക്കാൻ മാധ്യമപ്രവർത്തകർ ആവശ്യപ്പെടുകയും ഇതിന് 'ഹിന്ദിയോ ? ഇത് മഹാരാഷ്ട്രയാണ് ഭായ്' എന്നും ആമിർ പറഞ്ഞു. ഇതാണിപ്പോൾ ഭാഷാ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്.
ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷന് വേണ്ടിയായിരുന്നു ആമിർ ഖാൻ വോട്ട് രേഖപ്പെടുത്താൻ എത്തിയത്. എല്ലാവരോടും വോട്ട് രേഖപ്പെടുത്താൻ ആവശ്യപ്പെട്ട അദ്ദേഹം സുഗമമായി വോട്ടെടുപ്പിനായി മികച്ച സജ്ജീകരണങ്ങളാണ് ഒരുക്കിയതെന്ന് പറഞ്ഞ് സംഘാടകരെ പ്രകീർത്തിക്കുകയും ചെയ്തിരുന്നു. ഇതെല്ലാം മറാത്തിയിൽ ആണ് ആമിർ പറഞ്ഞത്. ഇക്കാര്യങ്ങൾ ഹിന്ദിയിൽ കൂടി പറയാമോന്ന് മാധ്യമപ്രവർത്തകർ ചോദിച്ചു.
'ഹിന്ദിയിലോ? ഇത് മഹാരാഷ്ട്രയാണ് ഭായ്', എന്ന് ചെറു ചിരിയോടെ ആമിർ മറുപടി നൽകി. ദില്ലിയിലും സംപ്രേഷണം ചെയ്യുമെന്ന് പറഞ്ഞപ്പോൾ, 'ഓഹോ, ഇത് ദില്ലിയിലും പോകുമോ?' എന്നായിരുന്നു ആമിർ ചോദിച്ചത്. പിന്നാലെ ഹിന്ദിയിൽ അദ്ദേഹം സംസാരിക്കുകയും ചെയ്തു. എന്നാൽ ഇതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ നടനെതിരെ ഒരുവിഭാഗം രംഗത്തെത്തി. ഹിന്ദിയിൽ സംസാരിക്കാൻ വയ്യെങ്കിൽ ബോളിവുഡിൽ നിന്നും ക്വിറ്റ് ചെയ്യാണമെന്നാണ് ഇവരുടെ ആഹ്വാനം.
എന്നാൽ ആമിർ അത് രസകരമായി നൽകിയ മറുപടിയാണെന്നും ആവശ്യമില്ലാതെ വിവാദങ്ങൾ സൃഷ്ടിക്കേണ്ടതില്ലെന്നുമാണ് മറ്റുചിലരുടെ പ്രതികരണം. അതേസമയം, ഹാപ്പി പട്ടേൽ എന്ന സിനിമയിലാണ് ആമിര്‍ ഇപ്പോള്‍ അഭിനയിച്ചത്. ചിത്രത്തില്‍ കാമിയോ റോള്‍ ആണ്. ആമിര്‍ തന്നെയാണ് നിര്‍മാണവും.



