ചിത്രത്തിന്‍റെ ടീസറും മേക്കിംഗ് വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു

മുൻ വർഷങ്ങളിൽ തമിഴ് സിനിമാ ബോക്സ് ഓഫീസില്‍ ഏറ്റവുമധികം ഹിറ്റുകള്‍ സമ്മാനിച്ച യുവ നായക നടന്മാരില്‍ പ്രധാനിയാണ് ജയം രവി. തനി ഒരുവൻ, മൃതൻ, റോമിയോ ജൂലിയറ്റ്, വനമകൻ, അടങ്കമറു, കോമാളി തുടങ്ങിയ ചിത്രങ്ങൾ ഉദാഹരണം. ജയം രവി നായകനാവുന്ന ഏറ്റവും പുതിയ ചിത്രമാണ് അഖിലൻ. എൻ കല്യാണ കൃഷ്ണനാണ് രചനയും സംവിധാനവും. ഇത് രണ്ടാം തവണയാണ് ഇരുവരും ഒന്നിക്കുന്നത്. ഭൂലോകമാണ് നേരത്തെ ഇരുവരും ഒന്നിച്ച സിനിമ. 

അഖിലൻ സിനിമയുടെ ടീസറും മേക്കിംഗ് വീഡിയോയും സമൂഹ മാധ്യമങ്ങളിൽ വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. എൺപത് ലക്ഷത്തിലധികം കാഴ്ചകളാണ് യുട്യൂബില്‍ ടീസറിന് ഇതിനകം ലഭിച്ചത്. മുന്‍ ജയം രവി ചിത്രങ്ങളെപ്പോലെ അഖിലനും പ്രേക്ഷകപ്രീതി നേടും എന്നതിന്‍റെ സൂചനയായിട്ടാണ് അണിയറക്കാര്‍ ഇതിനെ കാണുന്നത്.

View post on Instagram

ചിത്രത്തിൽ അഖിലൻ എന്ന ഗുണ്ടയുടെ വേഷത്തിലാണ് ജയം രവി എത്തുന്നത്. കപ്പലുകളുടെയും തുറമുഖങ്ങളുടെയും പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കാണികളെ ആകാംക്ഷാഭരിതരാക്കുന്ന ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ ആവും ചിത്രം എന്നാണ് അണിയറക്കാര്‍ പറയുന്നത്. പ്രിയ ഭവാനി ശങ്കറും താന്യ രവിചന്ദ്രനുമാണ് ചിത്രത്തിൽ നായികമാരായിട്ടെത്തുന്നത്. സാം സി എസ് സംഗീതവും വിവേക് ആനന്ദ് ഛായാഗ്രഹണവും നിർവഹിക്കുന്നു. എഡിറ്റിംഗ് എന്‍ നാഗേഷ് കുമാര്‍, കലാസംവിധാനം വിജയ് മുരുഗന്‍, ക്രിയേറ്റീവ് ഹെഡ് പൂജ പ്രിയങ്ക, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് എ പി രവി, സ്റ്റണ്ട് മിറാക്കിള്‍ മൈക്കിള്‍, നൃത്തസംവിധാനം ഈശ്വര്‍ ബാബു, ഷെരീഫ്, വസ്ത്രാലങ്കാരം പല്ലവി സിംഗ്. സെപ്റ്റംബർ 15 ന് പ്രദർശനത്തിന് സജ്ജമാവുന്ന അഖിലൻ കേരളത്തിൽ മുരളി സിൽവർ സ്ക്രീൻ പിക്ചേഴ്സ് റിലീസ് ചെയ്യും.

ALSO READ : പുഷ്‍പ 2ല്‍ 'വിക്രം' കോമ്പോ! അല്ലു അര്‍ജുന്‍ ചിത്രത്തില്‍ ഫഹദിനൊപ്പം വിജയ് സേതുപതി