ബോളിവുഡ് പ്രണയ ചിത്രം സൈയാര ഒടിടിയിലും മികച്ച പ്രതികരണം നേടുന്നു. 569.75 കോടി ആഗോള ഗ്രോസ് കളക്ഷനുമായി ചിത്രം ബോക്സ് ഓഫീസ് റെക്കോർഡുകൾ മറികടന്നിരുന്നു.

ബോളിവുഡില്‍ നിന്ന് പ്രണയം പ്രമേയമാകുന്ന ചിത്രങ്ങള്‍ വൻ ഹിറ്റുകളാകാറുണ്ട്. പ്രേക്ഷകരുടെ പ്രിയ ചിത്രങ്ങളാണ് അവയൊക്കെ. ആ കണ്ണിയുടെ ഇങ്ങേയറ്റത്തുള്ള ഒരു ചിത്രമാണ് സൈയാര. വൻ ഹിറ്റായി മാറിയ സൈയാര ഒടിടിയിലും റിലീസ് ചെയ്‍തിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലൂടെയാണ് സൈയാര ഒടിടിയില്‍ എത്തിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഒടിടിയിലും ലഭിക്കുന്നത്. നവാഗതനായ അഹാന്‍ പാണ്ഡേ, അനീത് പഡ്ഡ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മോഹിത് സൂരി സംവിധാനം ചെയ്‍ത ചിത്രമാണ് സൈയാര. മ്യൂസിക്കല്‍ റൊമാന്‍റിക് ഡ്രാമ ഗണത്തില്‍ പെട്ട ചിത്രം ജൂലൈ 18 നാണ് തിയറ്ററുകളില്‍ എത്തിയത്.

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഒരു പ്രണയചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന കളക്ഷനാണ് സൈയാര നേടിയിരിക്കുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക് പുറത്തുവിട്ട കണക്ക് പ്രകാരം 569.75 കോടിയാണ് ചിത്രത്തിന്‍റെ ആഗോള ഗ്രോസ്. ഇന്ത്യൻ ഗ്രോസ് കളക്ഷൻ ഇതുവരെ 398.25 കോടി രൂപയുമാണ്. വിദേശത്ത് നിന്ന് മാത്രമായി നേടിയിരിക്കുന്നത് 171.5 കോടി രൂപയുമാണ്. 40- 50 കോടി ബജറ്റ് ഉള്ള ചിത്രം ഇതിനകം തന്നെ നേടിയിരിക്കുന്നത് പത്തിരട്ടിയിലിധികം കളക്ഷനാണ്.

ഛാവ മാത്രമാണ് ഈ വര്‍ഷം പുറത്തിറങ്ങിയ ഇന്ത്യന്‍ ചിത്രങ്ങളില്‍ സൈയാരയ്ക്ക് മുകളിലുള്ളത്. ചിത്രം ഇന്ത്യയില്‍ നിന്ന് മാത്രം 693 കോടി നേടിയിരുന്നു. സങ്കല്‍പ് സദാനയാണ് ചിത്രത്തിന്‍റെ കഥ, തിരക്കഥ ഒരുക്കിയിരിക്കുന്നത്. രോഹന്‍ ശങ്കറിന്‍റേതാണ് സംഭാഷണം. വികാശ് ശിവരാമനാണ് ഛായാഗ്രഹണം. രോഹിത് മക്വാനയും ദേവേന്ദ്ര മുര്‍ഡേശ്വറും ചേര്‍ന്നാണ് എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഗീത അഗ്രവാള്‍ ശര്‍മ്മ, രാജേഷ് കുമാര്‍, വരുണ്‍ ബഡോല, ഷാദ് രണ്‍ധാവ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക