കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് വേദിയിലെ ഇരിപ്പിട ക്രമീകരണത്തെ അഹാന കൃഷ്ണ വിമർശിച്ചു. പുരസ്കാര ജേതാക്കളായ സ്ത്രീകളെ പുരുഷ താരങ്ങൾക്ക് പിന്നിൽ ഇരുത്തിയതിനെയാണ് അഹാന ചോദ്യം ചെയ്തത്.
കേരള സംസ്ഥാന ചലച്ചിത്ര അവാർഡിലെ സീറ്റിങ് ക്രമത്തിൽ വിമർശനവുമായി അഹാന കൃഷ്ണ. ആസിഫ് അലി, ടൊവിനോ തോമസ് എന്നിവരുടെ പിൻ നിലയിലായി പുരസ്‌കാര ജേതാക്കളായ ജ്യോതിർമയി അടക്കമുള്ള സ്ത്രീകളെ ഇരുത്തിയത് ചൂണ്ടിക്കാണിച്ചാണ് അഹാന വിമർശനം ഉന്നയിച്ചത്. എല്ലാം വളരെ ഭംഗിയായിരിക്കുന്നുവെന്നും പുരസ്‌കാര ജേതാക്കളുടെ നേട്ടത്തിൽ താൻ ആഹ്ലാദിക്കുന്നുവെന്നും പറഞ്ഞ അഹാന വിജയികളെ ഇരുത്തിയിരുന്ന രീതി മനസ്സിൽ ചെറിയൊരു അസ്വസ്ഥത പടർത്തിയെന്നും കൂട്ടിച്ചേർത്തു.
"എല്ലാം വളരെ ഭംഗിയായിരിക്കുന്നു, പുരസ്‌കാര ജേതാക്കളുടെ നേട്ടത്തിൽ ഞാൻ അങ്ങേയറ്റം സന്തോഷിക്കുന്നു. എന്നാലും, വീഡിയോ കണ്ടപ്പോൾ അവിടെ പുരസ്‌കാര ജേതാക്കളെ ഇരുത്തിയിരുന്ന രീതി മനസ്സിൽ ചെറിയൊരു അസ്വസ്ഥത പടർത്തി. സ്ത്രീകളെല്ലാവരും ഒന്നാം നിരയ്ക്ക് പിന്നിലായിപ്പോയത് വെറുമൊരു യാദൃശ്ചികമാണോ? അവരിൽ പലരും തീർച്ചയായും മുൻനിരയിൽത്തന്നെ ഇരിക്കേണ്ടവരായിരുന്നു. ഇത് ഇവിടെ പറയണമെന്ന് കരുതിയതല്ല, എങ്കിലും എന്നെ അലോസരപ്പെടുത്തിയ ആ ചിന്ത പങ്കുവയ്ക്കാതിരിക്കാൻ കഴിയില്ല." അഹാന കുറിച്ചു. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു അഹാനയുടെ പ്രതികരണം.

അതേസമയം നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിയും, മികച്ച നടിക്കുള്ള പുരസ്കാരം ഷംല ഹംസയും ഏറ്റുവാങ്ങി. രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഭ്രമയുഗം എന്ന ചിത്രത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രത്തിലൂടെയാണ് മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടി സ്വന്തമാക്കിയത്. ഫാസിൽ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിനാണ് ഷംല ഹംസയ്ക്ക് പുരസ്കാരം ലഭിച്ചത്.
ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമ്മല്‍ ബോയ്സ് ആണ് മികച്ച ചിത്രം. മികച്ച ചിത്രം ഉള്‍പ്പടെ 10 അവാര്‍ഡുകളാണ് മഞ്ഞുമ്മല്‍ ബോയ്സിന് ലഭിച്ചത്. മികച്ച സംവിധായകൻ, മികച്ച സ്വഭാവനടൻ , മികച്ച ഛായാഗ്രാഹകൻ, മികച്ച ഗാനരചയിതാവ്, മികച്ച കലാസംവിധായകൻ, മികച്ച ശബ്ദമിശ്രണം, മികച്ച ശബ്ദരൂപകൽപന, മികച്ച പ്രോസസിങ് ലാബ് എന്നിവയും മഞ്ഞുമ്മലിന് ലഭിച്ചു.



