അനില്‍ പി നെടുമങ്ങാടിന്‍റെ സിനിമയിലെ ആദ്യ ശ്രദ്ധേയ വേഷമായിരുന്നു രാജീവ് രവിയുടെ സംവിധാനത്തില്‍ 2014ല്‍ പുറത്തിറങ്ങിയ 'ഞാന്‍ സ്റ്റീവ് ലോപ്പസ്'. അഹാന കൃഷ്‍ണയും ഫര്‍ഹാന്‍ ഫാസിലും നായികാ നായകന്മാരായി അരങ്ങേറ്റം കുറിച്ചതും ഈ ചിത്രത്തിലൂടെയായിരുന്നു. അനിലിന്‍റെ വിയോഗവാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട ഒരു രംഗം ഈ ചിത്രത്തിലേതായിരുന്നു. അനിലും ഫര്‍ഹാനും അഹാനയുമൊക്കെ ഉള്‍പ്പെട്ട രംഗം. ഈ സീനിന്‍റെ ഷൂട്ടിംഗിനിടയില്‍ മാത്രമാണ് ജീവിതത്തില്‍ അനില്‍ നെടുമങ്ങാടിനെ നേരിട്ടു കണ്ടിട്ടുള്ളതെന്ന് അഹാന ഓര്‍ക്കുന്നു. ആറ് വര്‍ഷം മുന്‍പുള്ള ആ അഭിനയാനുഭവത്തെക്കുറിച്ചും അഹാന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു, ഒപ്പം ആ രംഗവും അവര്‍ പങ്കുവച്ചിട്ടുണ്ട്.

സ്റ്റീവ് ലോപ്പസിലെ രംഗത്തെക്കുറിച്ച് അഹാന

"ആദ്യമായും അവസാനമായും ഞാന്‍ അദ്ദേഹത്തെ കണ്ട ഒരേയൊരു സന്ദര്‍ഭം ഇതായിരിക്കും. ഈ സീന്‍ ശ്രദ്ധിച്ചാല്‍ ചിരിയടക്കാന്‍ പാടുപെടുന്ന എന്നെ കാണാം. ചടുലതയുള്ള, ഗംഭാര നടനായിരുന്ന അദ്ദേഹം ഓരോ ടേക്കിലും രസകരമായ കൗണ്ടറുകളുമായി വരുമായിരുന്നു. ഗൗരവമുള്ള മുഖഭാവത്തോടെയായിരുന്നു ഞാന്‍ ഈ സീനില്‍ പ്രത്യക്ഷപ്പെടേണ്ടത്. പക്ഷേ മുന്‍പരിചയമില്ലാത്ത ഒരു പുതുമുഖമായതിനാല്‍, ഇദ്ദേഹത്തിന്‍റെ പ്രകടനം കണ്ട് ഞാന്‍ ചിരിച്ചുപോയി. ഈ ഒരു ദിവസമേ അദ്ദേഹത്തിന്‍റെ പ്രകടനം ഞാന്‍ കണ്ടുള്ളൂ. ആറ് വര്‍ഷത്തിനു ശേഷവും ആ സീനിനെക്കുറിച്ചുള്ള ഓരോ ചെറിയ കാര്യങ്ങളും എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്. നിങ്ങള്‍ ഇനിയില്ല എന്നത് വിശ്വസിക്കാനാവുന്നില്ല. ശരിക്കും നീതികേടാണ്. ഒരുപാട് വര്‍ഷത്തെ കഷ്ടപ്പാടിനു ശേഷം, മനുഷ്യര്‍ക്ക് അവരര്‍ഹിക്കുന്ന അവസരങ്ങള്‍ കിട്ടിത്തുടങ്ങുമ്പോഴേക്ക് ജീവിതം അവരെ തിരിച്ചുവിളിക്കുന്നു. ഒരുപാട് നേരത്തേ പോയി. RIP അനില്‍ ചേട്ടാ, ഈ ഓര്‍മ്മകള്‍ നഷ്ടപ്പെടുത്തില്ല"