താന്‍ കൊവിഡ് മുക്തയായെന്ന് നടി അഹാന കൃഷ്‍ണ. കുറച്ചു ദിവസം മുന്‍പാണ് പരിശോധന നടത്തിയതെന്നും ഫലം നെഗറ്റീവ് ആയിരുന്നുവെന്നും അഹാന സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇരുപതോളം ദിവസങ്ങള്‍ നീണ്ട ക്വാറന്‍റൈനിനു ശേഷം ഇന്നാണ് താന്‍ പുറത്തേക്ക് ഇറങ്ങിയതെന്നും. ചിത്രങ്ങള്‍ക്കൊപ്പമാണ് അഹാനയുടെ കുറിപ്പ്.

"പോസിറ്റീവില്‍ നിന്നും നെഗറ്റീവിലേക്കുള്ളത്, ശരിക്കും ഒരു യാത്ര തന്നെ ആയിരുന്നു. എല്ലാത്തിനുമൊടുവില്‍ എനിക്ക് പറയാനുള്ളത് ഇത്രയുമാണ്- മാസ്‍ക് ധരിക്കുക, സാനിറ്റൈസര്‍ ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക, ഒപ്പം നിങ്ങള്‍ക്ക് ചെയ്യാന്‍ പറ്റുന്നതെല്ലാം ചെയ്യുക", അഹാന കുറിച്ചു. കൊവിഡ് പരിശോധന നടത്താനെത്തിയ ലാബ് ജീവനക്കാര്‍ക്കും ഈ ദിവസങ്ങളില്‍ തന്‍റെ സൗഖ്യം അന്വേഷിച്ച അഭ്യുദയകാംക്ഷികള്‍ക്കും നന്ദിയും അറിയിച്ചിട്ടുണ്ട് അഹാന.

ഡിസംബര്‍ 31നാണ് താന്‍ കൊവിഡ് പോസിറ്റീവ് ആയ വിവരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ അഹാന പങ്കുവച്ചത്. കൊവിഡ് പോസിറ്റീവ് ആയി ദിവസങ്ങള്‍ക്കുശേഷമാണ് അഹാന ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. പരിശോധന നടത്തിയ ദിവസം മുതല്‍ ക്വാറന്‍റൈനില്‍ ആണെന്നും അഹാന പറഞ്ഞിരുന്നു.