സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട് ചിത്രം

മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള സെല്‍ഫി പങ്കുവച്ച് നടി അഹാന കൃഷ്ണ. ഒരു യാത്രയ്ക്കിടെയുള്ള അപ്രതീക്ഷിത സെല്‍ഫിയാണ് അഹാന സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. അഹാനയുടെ പിന്‍സീറ്റില്‍ ഇരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ ചിത്രത്തില്‍ കാണാം. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച ചിത്രത്തിനൊപ്പം ചില വാക്കുകളും അഹാന കുറിച്ചിട്ടുണ്ട്. “മാധുര്യമുള്ള ഒരു യാദൃശ്ചികത. ഊഷ്മളതയുള്ള, സമീപിക്കാനാവുന്ന ഒരാള്‍”, എന്നാണ് അഹാനയുടെ കുറിപ്പ്.

അഹാന പങ്കുവച്ച ചിത്രത്തിന് വന്‍ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. നിരവധി പേരും പേജുകളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ ഈ ചിത്രം ഷെയര്‍ ചെയ്യുന്നുണ്ട്. മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ളവരും ഈ ചിത്രം പങ്കുവച്ചിട്ടുണ്ട്. ഇന്ന് കണ്ട മനോഹരമായ സെൽഫി എന്നാണ് മന്ത്രി ശിവന്‍കുട്ടി ചിത്രത്തിനൊപ്പം കുറിച്ചത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ അഹാനയുടെ സിനിമയിലെ അരങ്ങേറ്റം രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ ആയിരുന്നു. ചിത്രത്തിലെ നായികാ കഥാപാത്രത്തെയാണ് അഹാന അവതരിപ്പിച്ചത്. ഫര്‍ഹാന്‍ ഫാസില്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. പിന്നീട് അല്‍ത്താഫ് സലിമിന്‍റെ സംവിധാന അരങ്ങേറ്റ ചിത്രമായിരുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലും അഹാന അഭിനയിച്ചു. ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച നാന്‍സി റാണി എന്ന ചിത്രമാണ് അഹാനയുടേതായി അവസാനം പുറത്തെത്തിയത്.

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News