അഹാന കൃഷ്‍ണകുമാര്‍ നായികയാകുന്ന പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നാൻസി റാണി എന്നാണ് ചിത്രത്തിന്റെ പേര്. പൃഥ്വിരാജ് ആണ് സിനിമയുടെ ഫസ്‍റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. അഹാന കൃഷ്‍ണകുമാറിന്റെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടിരുന്നത്.    ആരാധകര്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറ്റെടുത്തിട്ടുണ്ട്. നായിക കേന്ദ്രീകൃതമായ സിനിമയായിരിക്കും ഇതെന്നാണ് സൂചന.

സിനിമ നടിയാകുക എന്ന സ്വപ്‍നം മനസില്‍ കൊണ്ടുനടക്കുന്ന പെണ്‍കുട്ടിയാണ് നാൻസി. നാല്‍പത്തിയെട്ടാമത്തെ ഓഡിഷനില്‍ വെച്ച് നടിയായി തെരഞ്ഞെടുക്കപ്പെട്ടു. പക്ഷേ ലൊക്കേഷനില്‍ ഒരു ദുരന്തം ഉണ്ടാകുന്നു. എങ്ങനെയാണ് നാൻസി വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തുന്നത് എന്നാണ് നാൻസി റാണി എന്ന സിനിമ പറയുന്നത്.

അഹാന കൃഷ്‍ണകുമാറിന്റെ ആറാമത്തെ സിനിമയാണ് ഇത്. നായികയായ പെണ്‍കുട്ടിയുടെ ബാല്യകാലവും മുതിര്‍ന്ന ശേഷവുമുള്ള ഭാഗങ്ങള്‍ നാൻസി റാണിയില്‍ അഹാന കൃഷ്‍ണകുമാര്‍ തന്നെ അഭിനയിക്കുന്നു. മാതാപിതാക്കള്‍ മരിച്ചുപോയ നാൻസി ഒരു സിസ്റ്ററിനൊപ്പമാണ് വളര്‍ന്നത്. നടി ലെനയാണ് സിസ്റ്റര്‍ കഥാപാത്രമായി എത്തുന്നത്.

ലാല്‍, അജു വര്‍ഗീസ്, ശ്രീനിവാസൻ, വിശാഖ് നായര്‍, നന്ദു പൊതുവാള്‍ തുടങ്ങിയവരും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ജോസഫ് മനു ജെയിംസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റോബിൻ ഹുഡ് എന്ന സിനിമയും ഒരു ചില്‍ഡ്രൻ സിനിമയും ജോസഫ് മനു ജെയിംസ് സംവിധാനം ചെയ്‍തിട്ടുണ്ട്. നാടകത്തിലും പ്രവര്‍ത്തിച്ച ശേഷമാണ് ജോസഫ് മനു ജെയിംസ് സിനിമ രംഗത്ത് സജീവമാകുന്നത്.