കേരളത്തിലെ 198 തിയറ്ററുകളില്‍ കഴിഞ്ഞ വാരമാണ് ചിത്രം എത്തിയത്
മലയാള സിനിമയില്‍ ഈ വര്‍ഷത്തെ അവസാന തിയറ്റര്‍ ഹിറ്റ് എന്ന വിശേഷണം നേടി ടിനു പാപ്പച്ചന്‍ (Tinu Pappachan) സംവിധാനം ചെയ്‍ത 'അജഗജാന്തരം' (Ajagajantharam). റിലീസിനു മുന്‍പേ പുറത്തെത്തിയ പ്രൊമോഷണല്‍ മെറ്റീരിയലുകളില്‍ ശ്രദ്ധ നേടിയ ചിത്രം കഴിഞ്ഞ വാരമാണ് (23) തിയറ്ററുകളിലെത്തിയത്. കേരളത്തിലെ 198 സ്ക്രീനുകളിലായിരുന്നു റിലീസ്. പ്രേക്ഷകരില്‍ സൃഷ്‍ടിക്കപ്പെട്ടിരുന്ന ഹൈപ്പിനെ സാധൂകരിക്കാനായ ചിത്രമെന്ന് ആദ്യ ഷോകള്‍ക്കിപ്പുറം പൊതു അഭിപ്രായം നേടിയതോടെ ചിത്രത്തിന് പ്രേക്ഷകര്‍ ഏറുകയായിരുന്നു. ആദ്യ ദിനങ്ങളില്‍ കേരളത്തിലെ പല പ്രധാന സെന്‍ററുകളിലും തിരക്ക് കാരണം ലേറ്റ് നൈറ്റ് സ്പെഷല്‍ ഷോകളും നടന്നിരുന്നു. ഇപ്പോഴിതാ രണ്ടാം വാരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ കൂടുതല്‍ തിയറ്ററുകളിലേക്ക് പ്രദര്‍ശനത്തിന് എത്തുകയാണ് ചിത്രം.
198 സ്ക്രീനുകളിലായിരുന്നു കേരളത്തിലെ റിലീസെങ്കില്‍ രണ്ടാംവാരം ഈ തിയറ്ററുകള്‍ തുടരുമ്പോള്‍ത്തന്നെ നൂറിലധികം പുതിയ സ്ക്രീനുകളിലേക്കും പ്രദര്‍ശനം വ്യാപിപ്പിക്കുകയാണ് ചിത്രം. 453 ഷോകളാണ് ചിത്രത്തിന് പുതുതായി ആരംഭിക്കുന്നതെന്ന് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നു. ചിത്രത്തിന്‍റെ യുഎഇ, ജിസിസി റിലീസ് 24ന് നടന്നിരുന്നു.
'സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍' എന്ന ചിത്രത്തിനു ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്‍തിരിക്കുന്ന അജഗജാന്തരം ആക്ഷന്‍ ത്രില്ലര്‍ എന്ന ഴോണറിനോട് എല്ലാ രീതിയിലും നീതി പുലര്‍ത്തുന്ന ചിത്രമാണ്. ഒരു ക്ഷേത്രോത്സവ സ്ഥലത്തെ ഒരു രാത്രി മുതല്‍ അടുത്ത രാത്രി വരെയുള്ള സമയത്ത് നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്‍റെ പ്ലോട്ട്. ആനയും പാപ്പാന്മാരും നാട്ടുകാരും നാടകട്രൂപ്പുകാരുമൊക്കെ കടന്നുവരുന്ന ഫ്രെയ്‍മില്‍ സംഘട്ടന രംഗങ്ങള്‍ക്കാണ് ഏറെ പ്രാധാന്യം. ആന്‍റണി വര്‍ഗീസ് നായകനാവുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, സാബുമോന്‍, ലുക്മാന്‍ അവറാന്‍, വിനീത് വിശ്വം, കിച്ചു ടെല്ലസ്, ടിറ്റോ വില്‍സണ്‍, ജാഫര്‍ ഇടുക്കി എന്നിങ്ങനെയാണ് താരനിര.
