റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചിത്രം പൂജ റിലീസ് ആയി എത്തുമെന്ന് നിര്‍മ്മാതാക്കള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു

കൊവിഡ് (Covid 19) രണ്ടാം തരംഗത്തിനു ശേഷം സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ തുറന്നുപ്രവര്‍ത്തിക്കാനുള്ള (Theatre Opening) തീയതി ഏതാനും ദിവസം മുന്‍പാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. 50 ശതമാനം പ്രവേശനമടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഈ മാസം 25നാണ് തിയറ്ററുകള്‍ തുറക്കുക. അതേസമയം തിയറ്ററുകള്‍ തുറന്നാലുടനെ വലിയ ചിത്രങ്ങള്‍ എത്തില്ലെന്ന് നിര്‍മ്മാതാക്കള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മലയാളത്തില്‍ നിന്നെത്തുന്ന ആദ്യ റിലീസ് ടിനു പാപ്പച്ചന്‍റെ (Tinu Pappachan) സംവിധാനത്തില്‍ ആന്‍റണി വര്‍ഗീസ് (Antony Varghese) നായകനാവുന്ന 'അജഗജാന്തരം' (Ajagajantharam) ആണെന്ന് അറിയുന്നു.

റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ചിത്രം പൂജ റിലീസ് ആയി എത്തുമെന്ന് നിര്‍മ്മാതാക്കള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പൂജ അവധിദിനങ്ങള്‍ക്കു ശേഷം മാത്രമേ കേരളത്തിലെ തിയറ്ററുകള്‍ തുറക്കൂ. സര്‍ക്കാരിന്‍റെ പ്രഖ്യാപനത്തിനു മുന്‍പായിരുന്നു ചിത്രം പൂജ റിലീസ് ആയിരിക്കുമെന്ന അണിയറക്കാരുടെ പ്രഖ്യാപനം വന്നത്. എന്നിരുന്നാലും മലയാളത്തിലെ ആദ്യ റിലീസ് ഈ ചിത്രം തന്നെയായിരിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളും അഭിപ്രായപ്പെടുന്നത്. തിയറ്റര്‍ തുറന്ന ശേഷമുള്ള ആദ്യ വെള്ളിയാഴ്ചയായ 29നു തന്നെ ചിത്രം എത്തിയേക്കുമെന്ന് ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്‍തു. മുന്നൂറിലധികം തിയറ്ററുകളില്‍ റിലീസ് ഉണ്ടെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നത്.

Scroll to load tweet…

'സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍' എന്ന ചിത്രത്തിനുശേഷം ടിനു പാപ്പച്ചനും ആന്‍റണി വര്‍ഗീസും ഒരുമിക്കുന്ന ചിത്രമാണ് അജഗജാന്തരം. അർജുൻ അശോകന്‍, ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രാജേഷ് ശർമ, സാബുമോൻ അബ്‍ദുസമദ്, ടിറ്റോ വിൽസൺ, സുധി കോപ്പ, വിനീത് വിശ്വം, സിനോജ് വർഗീസ്, കിച്ചു ടെല്ലസ്, ലുക്മാൻ, ശ്രീരഞ്ജിനി തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരു ഉത്സവപ്പറമ്പിലേക്ക് ഒരു ആനയും പാപ്പാനും എത്തുന്നതും തുടർന്നുള്ള 24 മണിക്കൂറിൽ അവിടെ നടക്കുന്ന ആകാംക്ഷ നിറയ്ക്കുന്ന സംഭവങ്ങൾ നർമ്മത്തിന്‍റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന ചിത്രമാണിത്. സിൽവർ ബേ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. തിരക്കഥയൊരുക്കിയിരിക്കുന്നത് കിച്ചു ടെല്ലസും വിനീത് വിശ്വവുമാണ്. ഛായാഗ്രഹണം ജിന്‍റോ ജോർജ്, എഡിറ്റിംഗ് ഷമീർ മുഹമ്മദ്‌, സംഗീതം ജസ്റ്റിൻ വർഗീസ്, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ആർട്ട്‌ ഗോകുൽ ദാസ്, വസ്ത്രാലങ്കാരം മഷർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ, സ്റ്റണ്ട് സുപ്രീം സുന്ദർ, ചീഫ് അസോസിയേറ്റ് കണ്ണൻ എസ് ഉള്ളൂർ, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ. നേരത്തേ പലതവണ റിലീസ് മാറ്റിവച്ച ചിത്രമാണിത്.