ഹിന്ദി നടൻ അജയ് ദേവ്‍ഗണിന്റെ സഹോദരൻ അനില്‍ ദേവ്‍ഗണ്‍ അന്തരിച്ചു. കഴിഞ്ഞ ദിവസമായിരുന്നു അനില്‍ ദേവ്‍ഗണിന്റെ മരണം സംഭവിച്ചത്. അനില്‍ ദേവ്‍ഗണിന്റെ മരണവാര്‍ത്ത അജയ് ദേവ്ഗണ്‍ തന്നെയാണ് അറിയിച്ചത്. അജയ് ദേവ്‍ഗണിനെ നായകനാക്കി സിനിമകള്‍ സംവിധാനം ചെയ്‍തിട്ടുണ്ട് അനില്‍ ദേവ്ഗണ്‍. അനില്‍ ദേവ്ഗണിന്റെ മരണം അജയ് ദേവ്‍ഗണ്‍ പുറത്തുവിട്ടപ്പോഴാണ് മിക്കവരും അറിഞ്ഞത്. അനില്‍ ദേവ്‍ഗണിന്റെ മരണകാരണം എന്തെന്ന് വ്യക്തമാക്കിയിട്ടില്ല.

അജയ് ദേവ്‍ഗണ്‍ നായകനായ രാജു ചാച്ച, ബ്ലാക്ക് മെയില്‍ തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്‍തിട്ടുണ്ട് അനില്‍ ദേവ്‍ഗണ്‍. എനിക്ക് കഴിഞ്ഞ ദിവസം എന്റെ സഹോദരൻ അനില്‍ ദേവ്‍ഗണിനെ നഷ്‍ടപ്പെട്ടു. അകാലമായ അദ്ദേഹത്തിന്റെ വിയോഗം ഞങ്ങളുടെ കുടുംബത്തിന് ഹൃദയഭേദകമാണ്. അദ്ദേഹത്തിന്റെ അസാന്നിദ്ധ്യം മിസ് ചെയ്യുന്നു. ആത്മശാന്തിക്കായി പ്രാര്‍ഥിക്കുന്നു. മഹാമാരി കാരണം പ്രാര്‍ഥന ചടങ്ങ് പോലും ഞങ്ങള്‍ക്ക് സംഘടിപ്പിക്കാനായില്ലെന്നും അജയ് ദേവ്‍ഗണ്‍ പറയുന്നു.

അജയ് ദേവ്‍ഗണ്‍ നായകനായ ഒട്ടേറെ ചിത്രങ്ങളില്‍ അസിസ്റ്റന്റ് ഡയറക്ടറുമായിരുന്നു അനില്‍ ദേവ്‍ഗണ്‍. ജാൻ, ഇതിഹാസ് തുടങ്ങിയ ചിത്രങ്ങളിലാണ് അനില്‍ ദേവ്‍ഗണ്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നത്.

അജയ് ദേവ്‍ഗണിന്റെ അച്ഛൻ വീരു ദേവ്‍ഗണ്‍ കഴിഞ്ഞ മെയ്‍യില്‍  ആയിരുന്നു അന്തരിച്ചത്. ഹിന്ദി സിനിമ ലോകത്ത് ആക്ഷൻ ഡയറക്ടറായി തിളങ്ങിയ ആളാണ് വീരു ദേവ്‍ഗണ്‍. ചില സിനിമകളില്‍ വീരു ദേവ്‍ഗണ്‍ അഭിനയിച്ചിട്ടുമുണ്ട്.