സൂര്യ നായകനാകുന്ന സിനിമയാണ് സുധ കൊങ്കരയുടെ സംവിധാനത്തില്‍ ഒരുങ്ങിയിരിക്കുന്നത്. ഇന്ത്യൻ ആര്‍മിയിലെ മുൻ ക്യാപ്റ്റനും എഴുത്തുകാരനും എയര്‍ ഡെക്കാണ്‍ സ്ഥാപകനുമായ ജി ആര്‍ ഗോപിനാഥന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സൂരരൈ പൊട്രു എന്ന സിനിമ. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയിലറും പുറത്തുവിട്ടിരുന്നു. സൂര്യയുടെ അഭിനയം തന്നെയാണ് സിനിമയുടെ ആകര്‍ഷണം. ഇപ്പോഴിതാ സൂര്യയുടെ ചിത്രത്തിന് ശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന സിനിമയില്‍ അജിത് ആണ് നായകനാകുകയെന്നാണ് പുതിയ വാര്‍ത്ത.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലാണ് അജിത്തിന്റെ ചിത്രം നിര്‍മിക്കുകയെന്നും വാര്‍ത്തയുണ്ട്. കമല്‍ഹാസന്റെ തൂങ്കാവനം ആണ് ശ്രീ ഗോകുലം വൂമീസ് ആദ്യമായി നിര്‍മിച്ച തമിഴ്‍ ചിത്രം. 'ധനുസു  റാസി  നെയ്യാര്‍കളെ'   എന്ന   ചിത്രമാണ് ഏറ്റവും ഒടുവില്‍ തമിഴില്‍ നിര്‍മിച്ചത്. അജിത് ചിത്രം വൻ ബജറ്റിലാകും നിര്‍മിക്കുകയെന്നാണ് വാര്‍ത്ത. പ്രമേയത്തെ കുറിച്ചോ സംവിധായകനെ കുറിച്ചോ ഉള്ള വിവരങ്ങള്‍ ചിത്രത്തിന്റെ  പ്രവര്‍ത്തകര്‍ അറിയിച്ചിട്ടില്ല.

എച്ച് വിനോദ് സംവിധാനം ചെയ്യുന്ന വലിമൈ എന്ന സിനിമയിലാണ് അജിത്ത് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

സൂരരൈ പൊട്രുവില്‍ സൂര്യയുടെ നായികയായി എത്തുന്നത് മലയാളി നടി അപര്‍ണ ബാലമുരളിയാണ്.