കോളിവുഡിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍മാരില്‍ ഒരാളാണ് ആരാധകര്‍ 'തല'യെന്ന് സ്നേഹത്തോടെ വിളിക്കുന്ന അജിത്ത് കുമാര്‍. അജിത്തിന്‍റെ മറ്റേത് ചിത്രത്തെയും പോലെ ഏറ്റവും പുതിയ ചിത്രമായ 'വലിമൈ'യും നിരന്തരം പ്രേക്ഷകശ്രദ്ധയിലുണ്ട്. ചിത്രീകരണം അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോള്‍ റിലീസ് എന്നത്തേക്ക് ഉണ്ടാവുമെന്ന ചര്‍ച്ചയും ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. 'മാസ്റ്റര്‍' ഉള്‍പ്പെടെയുള്ള പൊങ്കല്‍ റിലീസുകളും വിവാദമായ 100 ശതമാനം തീയേറ്റര്‍ പ്രവേശനവും പിന്നാലെയുണ്ടായ കേന്ദ്ര ഇടപെടലുമൊക്കെ  വാര്‍ത്തയാവുമ്പോള്‍ തങ്ങളുടെ പ്രിയതാരത്തിന്‍റെ ചിത്രം എന്നു കാണാനാവുമെന്ന ആകാംക്ഷയിലാണ് അജിത്ത് ആരാധകര്‍. എന്നാല്‍ റിലീസിനെ സംബന്ധിച്ച് തന്‍റെ നിലപാട് അജിത്ത് നിര്‍മ്മാതാക്കളെ അറിയിച്ചതായാണ് തമിഴ് സിനിമാലോകത്തുനിന്നുള്ള വിവരം.

വരുന്ന മെയ് ഒന്നിന് അജിത്തിന്‍റെ അന്‍പതാം പിറന്നാള്‍ ആണ്. ഈ ദിവസം 'വലിമൈ' റിലീസ് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ക്ക് താല്‍പര്യമുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. എന്നാല്‍ റിലീസിനെക്കുറിച്ച് തല്‍ക്കാലം ആലോചിക്കേണ്ടെന്നാണ് അജിത്ത് നിര്‍മ്മാതാക്കളോട് അറിയിച്ചിരിക്കുന്നതെന്ന് അറിയുന്നു. കൊവിഡ് സാഹചര്യത്തില്‍ കാര്യമായ മാറ്റമുണ്ടാവാതെ ചിത്രം റിലീസ് ചെയ്യേണ്ടെന്നാണ് തന്‍റെ തീരുമാനമായി അജിത്ത് നിര്‍മ്മാതാക്കളെ അറിയിച്ചിരിക്കുന്നത്.

 

'യെന്നൈ അറിന്താലി'നു ശേഷം അജിത്ത് കുമാര്‍ വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണ് വലിമൈ. ടൈറ്റില്‍ റോളിലാണ് 'തല' എത്തുക. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ബൈക്ക് സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെ രണ്ടുതവണ അജിത്തിന് പരുക്കേറ്റത് വാര്‍ത്തയായിരുന്നു. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ബോണി കപൂര്‍ ആണ്. ഒരു പൊലീസ് ത്രില്ലര്‍ എന്നു കരുതപ്പെടുന്ന ചിത്രത്തില്‍ യാമി ഗൗതം, ഇലിയാന ഡിക്രൂസ്, ഹുമ ഖുറേഷി എന്നിവരാണ് നായികമാര്‍.

അതേസമയം രണ്ട് പ്രധാന ചിത്രങ്ങളാണ് ഇത്തവണ പൊങ്കലിന് തീയേറ്ററുകളിലേക്ക് എത്തുക. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിജയ് ചിത്രം മാസ്റ്ററും സുശീന്ദ്രന്‍റെ സംവിധാനത്തില്‍ ചിലമ്പരശന്‍ നായകനാവുന്ന ഈശ്വരനും. കേന്ദ്രസര്‍ക്കാര്‍ ഇടപെടലിനെത്തുടര്‍ന്ന് തീയേറ്ററുകളില്‍ 100 ശതമാനം പ്രവേശനം അനുവദിച്ചുള്ള ഉത്തരവ് തമിഴ്നാട് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഇതുപ്രകാരം തീയേറ്ററുകളില്‍ പകുതി സീറ്റുകളിലേക്ക് മാത്രമേ കാണികളെ പ്രവേശിപ്പിക്കൂ. എന്നാല്‍ പ്രദര്‍ശനങ്ങളുടെ എണ്ണം ആവശ്യാനുസരണം വര്‍ധിപ്പിക്കാം.