വിശ്രമമില്ല, പൂര്‍ത്തിയാക്കേണ്ടത് 2 സിനിമകള്‍; ദിവസേന 21 മണിക്കൂര്‍ ചിത്രീകരണവുമായി അജിത്ത് കുമാര്‍
രണ്ട് ചിത്രങ്ങളുടെയും നിലവിലെ ലൊക്കേഷന്‍ ഹൈദരാബാദ്
തമിഴ് സിനിമയില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളില്‍ മുന്‍നിരയിലുണ്ട് അജിത്ത് കുമാര്‍. അതിനാല്‍ത്തന്നെ അജിത്ത് ചിത്രങ്ങളുടെ പുത്തന്‍ അപ്ഡേഷനുകള്‍ക്കായി വലിയ കാത്തിരിപ്പ് ഉയരാറുണ്ട്. രണ്ട് ചിത്രങ്ങളാണ് അദ്ദേഹത്തിന്‍റേതായി പുറത്തെത്താനുള്ളത്. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടാമുയര്‍ച്ചിയും ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഗുഡ് ബാഡ് അഗ്ലിയും. ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ രണ്ട് ചിത്രങ്ങളും ഉദ്ദേശിക്കുന്ന സമയത്ത് തന്നെ പൂര്‍ത്തിയാക്കാനായുള്ള കഠിനാധ്വാനത്തിലാണ് ഇപ്പോള്‍ അദ്ദേഹം. ഈ ദിവസങ്ങളില്‍ 21 മണിക്കൂര്‍ വരെയാണ് അജിത്ത് കുമാര്‍ ചിത്രീകരണത്തില്‍ പങ്കെടുക്കുന്നതെന്ന് അദ്ദേഹത്തിന്‍റെ മാനേജര്‍ സുരേഷ് ചന്ദ്ര പറയുന്നു.
"രണ്ട് സിനിമകളും ഒരുമിച്ച് ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ് അദ്ദേഹം. വിടാമുയര്‍ച്ചിയുടെ ചിത്രീകരണം രാവിലെയും ഗുഡ് ബാഡ് അഗ്ലിയുടേത് രാത്രിയിലുമാണ് നടക്കുന്നത്. രണ്ട് ചിത്രങ്ങളുടെയും നിലവിലെ ലൊക്കേഷന്‍ ഹൈദരാബാദ് തന്നെ. അതേസമയം രണ്ട് ചിത്രങ്ങളുടെയും കഥാപാത്രങ്ങളുടെ ഗെറ്റപ്പുകളില്‍ സ്വാഭാവികമായും വ്യത്യാസമുണ്ട്. അതിനാല്‍ത്തന്നെ അജിത്തിന്‍റെയും ഒപ്പമുള്ള ടീമിന്‍റെയും അധ്വാനവും കൂടുതലാണ്", സുരേഷ് ചന്ദ്ര ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
"ഗുഡ് ബാഡ് അഗ്ലിയില്‍ അദ്ദേഹത്തിന് സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്ക് ആണ്. ഒരു ടെമ്പററി ടാറ്റൂവുമുണ്ട് ചിത്രത്തില്‍. ഗുഡ് ബാഡ് അഗ്ലിയുടെ ചിത്രീകരണത്തിലേക്ക് പ്രവേശിക്കും മുന്‍പ് ദിവസേന വൈകിട്ട് ഈ ടാറ്റൂ ചെയ്യും, പിറ്റേന്ന് രാവിലെ വിടാമുയര്‍ച്ചി ഷൂട്ട് ചെയ്യുംമുന്‍പ് ഇത് ശരീരത്തില്‍ നിന്ന് നീക്കുകയും ചെയ്യും", സുരേഷ് ചന്ദ്ര പറയുന്നു. "വിടാമുയര്‍ച്ചിയുടെ ക്ലൈമാക്സ് രംഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. ഗുഡ് ബാഡ് അഗ്ലിയുടേത് ഒരു ആക്ഷന്‍ സീക്വന്‍സും. വിടാമുയര്‍ച്ചിയില്‍ അജിത്തിനൊപ്പം നിലവിലെ ചിത്രീകരണത്തില്‍ അര്‍ജുന്‍, റെജിന കസ്സാന്‍ഡ്ര, ആരവ് തുടങ്ങിയവരുമുണ്ട്". ചിത്രത്തിലെ തൃഷയുടെ രംഗങ്ങള്‍ പൂര്‍ത്തിയായതായും മാനേജര്‍ പറയുന്നു.
വിടാമുയര്‍ച്ചി ചിത്രീകരണം ഇത്രയും നീണ്ടത് എന്തുകൊണ്ടെന്ന ചോദ്യത്തിന് സുരേഷ് ചന്ദ്രയുടെ പ്രതികരണം ഇങ്ങനെ- "അസര്‍ബൈജാനിലെ ചിത്രീകരണത്തിന് കാലാവസ്ഥ ഒരു തടസമായിരുന്നു. അതൊഴിച്ചാല്‍ ചിത്രത്തിന്‍റെ 80 ശതമാനം ചിത്രീകരണവും ഫെബ്രുവരിയിലേ പൂര്‍ത്തിയാക്കിയിരുന്നതാണ്. ജൂണിലോ ജൂലൈയിലോ ആരംഭിക്കാം എന്നതായിരുന്നു ഗുഡ് ബാഡ് അഗ്ലി നിര്‍മ്മാതാവുമായുള്ള കരാര്‍. അടുത്ത വര്‍ഷം പൊങ്കലിന് എത്തേണ്ട ചിത്രവുമാണ് ഇത്. അതിനാല്‍ത്തന്നെ അജിത്തിന് ഈ ചിത്രം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നുണ്ട്", അജിത്തിന്‍റെ മാനേജര്‍ പറഞ്ഞുനിര്‍ത്തുന്നു.
ALSO READ : സുധീര്‍ കരമനയ്‍ക്കൊപ്പം പുതുമുഖങ്ങള്‍; 'മകുടി' തിയറ്ററുകളിലേക്ക്