'യെന്നൈ അറിന്താലി'നു ശേഷം അജിത്ത് കുമാര്‍ വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം

'നേര്‍കൊണ്ട പാര്‍വൈ'ക്കു ശേഷം അജിത്ത് നായകനായെത്തുന്ന ചിത്രമാണ് 'വലിമൈ'. ഏതൊരു അജിത്ത് ചിത്രത്തെയുംപോലെ പ്രഖ്യാപനസമയം മുതല്‍ ആരാധകര്‍ക്കിടയില്‍ വലിയ ഹൈപ്പ് സൃഷ്‍ടിച്ചുകൊണ്ടാണ് എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരുന്നത്. ഫസ്റ്റ് ലുക്ക്, മോഷന്‍ പോസ്റ്റര്‍, ഒരു ഗാനം എന്നിവയാണ് ചിത്രത്തിന്‍റേതായി ഇതുവരെ പുറത്തെത്തിയ പ്രൊമോഷണല്‍ മെറ്റീരിയലുകള്‍. അതേസമയം ചിത്രത്തിന്‍റെ പുതിയ അപ്ഡേറ്റുകള്‍ക്കായി ട്വിറ്ററിലും മറ്റും അജിത്ത് ആരാധകര്‍ നിത്യേനയെന്നോണം ക്യാംപെയ്‍നുകളും നടത്താറുണ്ട്. ഇപ്പോഴിതാ അവര്‍ക്ക് ആവേശം പകരുന്ന ഒരു റിപ്പോര്‍ട്ട് ആണ് എത്തിയിരിക്കുന്നത്. ചിത്രത്തിന്‍റെ ടീസറിന്‍റെ റിലീസിനെ സംബന്ധിച്ചാണ് അത്.

വലിമൈയുടെ ടീസര്‍ അടുത്ത വാരം പ്രേക്ഷകരിലേക്ക് എത്തുമെന്നാണ് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. ടീസറിന്‍റെ എഡിറ്റിംഗ് പുരോഗമിക്കുകയാണെന്നും ടീസര്‍ റിലീസ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാവുമെന്നും സിഫി റിപ്പോര്‍ട്ട് ചെയ്യുന്നു. 

Scroll to load tweet…

'യെന്നൈ അറിന്താലി'നു ശേഷം അജിത്ത് കുമാര്‍ വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണ് വലിമൈ. കാര്‍ക്കശ്യക്കാരനായ ഒരു പൊലീസ് ഓഫീസറാണ് അജിത്തിന്‍റെ കഥാപാത്രം. ടൈറ്റില്‍ റോളിലാണ് 'തല' എത്തുക. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ബൈക്ക് സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെ രണ്ടുതവണ അജിത്തിന് പരുക്കേറ്റത് വാര്‍ത്തയായിരുന്നു. ഒരു പൊലീസ് ത്രില്ലര്‍ എന്നു കരുതപ്പെടുന്ന ചിത്രത്തില്‍ യാമി ഗൗതം, ഇലിയാന ഡിക്രൂസ്, ഹുമ ഖുറേഷി എന്നിവരാണ് നായികമാര്‍. കാര്‍ത്തികേയ, രാജ് അയ്യപ്പ, അച്യുത് കുമാര്‍, സുമിത്ര എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബേവ്യൂ പ്രോജക്റ്റ്സ് എല്‍എല്‍പിയുടെ ബാനറില്‍ ബോണി കപൂറും സീ സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മാണം. നീരവ് ഷാ ഛായാഗ്രഹണവും യുവന്‍ ശങ്കര്‍ രാജ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു. 

ദീപാവലി റിലീസ് ആയിരിക്കും ചിത്രമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും നിര്‍മ്മാതാക്കള്‍ ഇക്കാര്യത്തില്‍ ഇനിയും അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് അറിയുന്നു. തമിഴ്നാട്ടില്‍ തിയറ്ററുകള്‍ ഇതിനകം തുറന്നെങ്കിലും 50 ശതമാനം പ്രവേശനമാണ് അനുവദിച്ചിരിക്കുന്നത്. 100 ശതമാനം പ്രവേശനത്തിന് സാധ്യതയുണ്ടോ എന്ന് അറിഞ്ഞശേഷം മാത്രമാകും റിലീസ് തീയതി സംബന്ധിച്ച തീരുമാനം. അതേസമയം രജനീകാന്ത് നായകനാവുന്ന അണ്ണാത്തെ, ചിലമ്പരശന്‍റെ മാനാട് എന്നിവ ദീപാവലി റിലീസ് ഉറപ്പിച്ചിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona