ഈ പോസ്റ്റിലെ കമന്‍റുകളാണ് രസകരം. മെയ് 21 നാണ് ചിത്രത്തിന്‍റെ റിലീസ്

മലയാളത്തിലെ അപ്കമിംഗ് റിലീസുകളില്‍ മലയാളികള്‍ അല്ലാത്ത പ്രേക്ഷകരും കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. ഇത്രയധികം ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട മറ്റൊരു മലയാള ചിത്രമോ ഫ്രാഞ്ചൈസിയോ ഇല്ല എന്നതുതന്നെ കാരണം. ഏപ്രില്‍ 2 ന് എത്തുമെന്ന് ആദ്യം പ്രഖ്യാപിക്കപ്പെട്ടിരുന്ന ചിത്രത്തിന്‍റെ നിലവിലെ റിലീസ് തീയതി മോഹന്‍ലാലിന്‍റെ പിറന്നാള്‍ ദിനമായ മെയ് 21 ന് ആണ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലെ ഒരു പോസ്റ്റും അതിന് വരുന്ന കമന്‍റുകളും ശ്രദ്ധ നേടുകയാണ്. ചിത്രത്തില്‍ ഇല്ലാത്ത ഒരു അതിഥിവേഷത്തിന്‍റെ പേരിലുള്ള പോസ്റ്റ് ആണ് ഇത്. അതിന് വരുന്ന കമന്‍റുകളാണ് രസകരം.

ദൃശ്യം 3 ല്‍ തമിഴ് സൂപ്പര്‍താരം അജിത്ത് കുമാറിന്‍റെ അതിഥിവേഷം ഉണ്ടാവും എന്ന് അവകാശപ്പെട്ടുകൊണ്ടുള്ളതാണ് പോസ്റ്റ്. മോഹന്‍ലാലുമായുള്ള സൗഹൃദം കൊണ്ട് അജിത്ത് തയ്യാറായ കാമിയോ ആണ് ഇതെന്നും ഈ മോളിവുഡ്- കോളിവുഡ് കൂട്ടുകെട്ട് വലിയ പ്രതീക്ഷയാണ് ഉയര്‍ത്തുന്നതെന്നുമൊക്കെ പറഞ്ഞുകൊണ്ടുള്ള പോസ്റ്റ് ഒരു തമിഴ് ഇന്‍സ്റ്റ പേജിലാണ് വന്നത്. എണ്ണായിരത്തിലധികം ലൈക്കുകളും ഇതിന് ലഭിച്ചു. എന്നാല്‍ ഇത് വ്യാജ പ്രചരണമാണെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടുള്ള കമന്‍റുകളും ഈ പോസ്റ്റിന് ലഭിക്കുന്നുണ്ട്.

മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ജോര്‍ജുകുട്ടിയുടെ തിയറ്ററില്‍ അജിത്തിന്‍റെ സിനിമ ഓടിക്കുന്നു. അതാണ് കാമിയോ എന്നാണ് ഒരു കമന്‍റ്. റാണി തിയറ്ററില്‍ മങ്കാത്ത റീ റിലീസ് എന്നാണ് മറ്റൊരു കമന്‍റ്. 21 ന് തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന് ഇനി എപ്പോഴാണ് ഈ കാമിയോ ഷൂട്ട് ചെയ്യുക എന്നാണ് മറ്റൊരു കമന്‍റ്. അതേസമയം ദൃശ്യം 3 ന് തമിഴ് സിനിമാപ്രേമികള്‍ക്കിടയിലുമുള്ള കാത്തിരിപ്പാണ് ഇത്തരത്തിലുള്ള സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ക്ക് പിന്നിലും ഉള്ളതെന്ന് വ്യക്തം. ദൃശ്യം ആദ്യ ഭാഗത്തിന്‍റെ തമിഴ് റീമേക്കില്‍ കമല്‍ ഹാസന്‍ ആയിരുന്നു നായകന്‍. ജീത്തു ജോസഫ് തന്നെ സംവിധാനം നിര്‍വ്വഹിച്ച ചിത്രത്തിന്‍റെ പേര് പാപനാശം എന്നായിരുന്നു.

View post on Instagram

അതേസമയം പ്രേക്ഷക പ്രതീക്ഷകളുടെ അമിതഭാരവുമായാണ് ദൃശ്യം 3 തിയറ്ററുകളിലേക്ക് എത്താന്‍ ഒരുങ്ങുന്നത്. അത് തന്നെയാണ് അണിയറക്കാര്‍ നേരിടുന്ന വെല്ലുവിളിയും. ഒരു പ്രതീക്ഷയും ഇല്ലാതെ വരാനാണ് ജീത്തു ജോസഫ് പ്രേക്ഷകരോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു പ്രതീക്ഷയും ഇല്ലാതെ വരിക. ആദ്യ ഭാഗം പോലെയോ രണ്ടാം ഭാഗം പോലെയോ അല്ല ദൃശ്യം 3. ജോര്‍ജുകുട്ടിയുടെ ഇമോഷനുകളില്‍ക്കൂടിയാണ് അതില്‍ യാത്ര ചെയ്യുന്നത്. അങ്ങനത്തെ ഒരു സിനിമയാണ്. അതുകൊണ്ട് നിങ്ങള്‍ ഒരു ഭയങ്കര ജഗപൊഗ സിനിമ പ്രതീക്ഷിച്ചുവന്നാല്‍ നിരാശയായിരിക്കും, ജീത്തു ജോസഫ് പറഞ്ഞിരുന്നു.

Asianet News Live | Kerala CM Race 2026 | UDF | Kerala Breaking News | Malayalam News | HD Live News